A project of See Positive — registered charitable society, since 2007

K.A. Rajan

K.A. Rajan was a soft-spoken Kerala trade-union leader who gave much of his life to building the Communist movement, organising some thirty state- and district-level unions — among them railway, port and textile workers — and enduring arrest, imprisonment and police torture for it. Born into a comfortable, conservative Nair household in Kodungallur with ties to the local royal family, he gave up a settled engineering career to become a full-time party worker and later served two terms as a Member of Parliament. He was also remembered for his close, lifelong friendship with the writer Vaikom Muhammad Bashir.

01Intro

രാഷ്ട്രീയ സങ്കുചിതത്വത്തിന് അതീതനായ, സൗമ്യ പ്രകൃതിയായ തൊഴിലാളി നേതാവായിരുന്നു കെ.എ .രാജന്‍. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ കമ്മ്യൂണിസ്റ്റ്‌ ആശയങ്ങളില്‍ ഉത്തേജിതനായി രാഷ്ട്രീയം പഠിക്കുകയും, ട്രേഡ് യുണിയന്‍ പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ചയ്ക്ക് തന്‍റെ ജീവിതത്തിന്‍റെ നല്ലൊരു ഭാഗം ചിലവഴിക്കുകയും ചെയ്തു . സംസ്ഥാന തലത്തിലും ജില്ല തലത്തിലുമുള്ള മുപ്പതോളം യൂണിയനുകളുടെ ഭാരവാഹിത്വം ഒരേ സമയം വഹിച്ചിരുന്നു . സാഹിത്യകാരന്മാരുമായി , പ്രത്യേകിച്ച് വൈക്കം മുഹമ്മദ് ബഷീറുമായി നല്ല അടുപ്പം കാത്ത് സൂക്ഷിച്ചിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി യുടെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായകമായ സ്വാധീന ശക്തിയായിരുന്നു അദ്ദേഹം.

താരതമ്യേന സമ്പന്നമായ ഒരു യാഥാസ്ഥിതിക നായര്‍ തറവാട്ടിലായിരുന്നു ശ്രീ കെ. എ. രാജന്‍റെ ജനനം – പോരാത്തതിന് കൊടുങ്ങല്ലൂര്‍ രാജകുടുംബവുമായി അടുത്ത ബന്ധം അച്ഛന്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉന്നത ഉദ്യോഗസ്ഥന്‍.

ഈ തണലഴികളും സ്വസ്ഥതയും സൗകര്യങ്ങളും വലിച്ചെറിഞ്ഞ് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‍റെ കത്തിക്കാളുന്ന അകക്കളത്തിലേക്ക് അദ്ദേഹം എടുത്തുചാടിയത് യാദൃശ്ചികമായിരുന്നില്ല. അനവധി ഘടകങ്ങളിലൂടെ സാഹചര്യങ്ങളിലൂടെ കാലം ഒരു പോരാളിയെ രൂപപ്പെടുത്തുകയായിരുന്നു. ജനിച്ചുവളര്‍ന്ന കൊടുങ്ങല്ലൂരിന്, കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തോടുള്ള കൂറ്, സവര്‍ണ്ണ മേധാവിത്വത്തിന് നിരക്കാത്തവിധം അവര്‍ണ്ണനും വിദ്യ പകരുന്നതിന് – എറിഞ്ഞുകൊടുത്തിട്ടായാലും കൊടുങ്ങല്ലൂര്‍ കോവിലകം കാണിച്ച കൂസലില്ലായ്മ ഒപ്പം പഠിച്ചിരുന്ന പ്രബുദ്ധരും പ്രശസ്തരുമായ അനവധി ചങ്ങാതിമാര്‍, വിദ്യാര്‍ത്ഥി ജീവിതത്തിന്‍റെ പശ്ചാത്തലം സ്വാതന്ത്ര്യസമരത്തിന്‍റെ ഏറ്റവും തീക്ഷണകാലഘട്ടമായിരുന്നത്, ഗാന്ധിജി, നെഹ്‌റു, നേതാജി തുടങ്ങിയവരുടെ സ്വാധീനം, ലോകയുദ്ധത്തിന്‍റെ കെടുതികള്‍ – ഇവയെല്ലാം ശ്രീ രാജന്‍റെ നെഞ്ചിനുള്ളില്‍ ഒളിഞ്ഞുകിടന്ന കനല്‍ ഊതിത്തെളിയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

യുദ്ധഫണ്ടിലേക്ക് പണം സ്വരൂപിക്കാന്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച നാടക പരിപാടി തീയേറ്ററില്‍ ബോംബുപൊട്ടിച്ചു തകര്‍ത്തത് ആ കനല്‍ ആളികത്തിയതിന്‍റെ ബഹിര്‍സ്ഫു രണമായിരുന്നു.

കൊച്ചിയില്‍ എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ് ആറുമാസം പൊതുമരാമത്തു വകുപ്പില്‍ സൂപ്രണ്ടായി കൊച്ചിയില്‍ ജോലി നോക്കി. പി. ഭാസ്കരന്‍, വി. ടി. ഇന്ദുചൂഢന്‍ തുടങ്ങിയ സതീര്‍ത്ഥ്യ ര്‍ മഹാരാജാസില്‍ ചേരുന്നതിനാല്‍ വിപ്ലവബന്ധങ്ങള്‍ അഭംഗുരം തുടര്‍ന്നു . ജോലിയും ഉപേക്ഷിച്ച് വിപ്ലവജ്വരം ബാധിച്ച് കൊടുങ്ങല്ലൂരില്‍ തിരിച്ചെത്തിയപ്പോള്‍ വീട്ടുകാര്‍ അദ്ദേഹത്തെ കാണ്‍പൂരില്‍ സഹോദരന്‍റെ അടുത്തേക്ക്‌ നാടുകടത്തി.

കാണ്‍പൂരിലാണ് ട്രേഡ് യൂണിയന്‍ രാഷ്ട്രീയത്തിന്‍റെ ഹരിശ്രീ പഠിച്ചത്. ഉന്നത നേതാക്കളെ ഗുരുക്കന്മാരായി കിട്ടി. ഒളിവിലായിരുന്ന എ. കെ. ജി. യുമായി ബന്ധപ്പെടാനിടയായതും അവിസ്മരണീയമായ അനുഭവമായി.

പിന്നെയും കൊടുങ്ങല്ലൂര്‍ മടങ്ങിയെത്തുമ്പോള്‍ കോവിലകംവരെ വേരോടിയിരുന്ന കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ശക്തമായ അടിത്തറനേടിയിരുന്നു. രാജന്‍ റെയില്‍വേ തൊഴിലാളികളുടെ ചുമതല ഏറ്റെടുത്തു. മറ്റു ട്രേഡ് യൂണിയനുകളുമായി നിരന്തരബന്ധം പുലര്‍ത്തി. ബഷീറും അദ്ദേഹത്തിന്‍റെ ബുക്ക്‌സ്റ്റാളും സ്ഥിരം ആശ്രയമായി.

തുറമുഖത്തൊഴിലാളി യൂണിയന്‍ പനമ്പള്ളി ഗോവിന്ദമേനോനില്‍ നിന്നും പിടിച്ചെടുക്കുന്നതില്‍ അദ്ദേഹത്തിനും പങ്കുണ്ടായിരുന്നു. മുപ്പതോളം ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായി.

പില്ക്കാ ലത്ത് രണ്ടുതവണ എം. പി.യായി പാര്‍ലമെന്‍റ് അനുഭവങ്ങള്‍, എം. എല്‍. എ. യായി മത്സരിച്ചു തോറ്റ അനുഭവം.

02Biography

ജനനം/തറവാട്‌/മാതാപിതാക്കള്‍

തൃശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂരിലെ കാവുങ്കല്‍ ആനാട്ട്‌ സീതക്കുട്ടി അമ്മയുടെയും വടശ്ശേരി മനപ്പറമ്പില്‍ മാധവമേനോന്‍റെയും പതിനൊന്നു മക്കളില്‍ രണ്ടാമനായി 1921 മെയ്‌ 2ന്‌ ജനിച്ചു. കൂടപ്പിറപ്പുകളായി പത്തുപേര്‍.അഞ്ചുപെണ്ണും അഞ്ച്‌ ആണും. രാജന്‍റെ തറവാട്‌ ആ കാലത്തെ പ്രശസ്‌തമായ നായര്‍ തറവാടായിരുന്നു. കൊച്ചി സംസ്ഥാനത്തെ പൊതുമരാമത്തുവകുപ്പില്‍ സിവില്‍ എഞ്ചിനീയറായിരുന്നു രാജന്‍റെ അച്ഛന്‍. കൊടുങ്ങല്ലൂര്‍ കോവിലകവുമായി അടുത്തബന്ധം പുലര്‍ത്തുന്ന വീടുകളില്‍ ഒന്നായിരുന്നുഇത്‌.

ബാല്യം വിദ്യാഭ്യാസം

K.A. Rajan as a young man

തൃശൂര്‍ ഗവണ്‍മെന്‍റ് ബോയ്‌സ്‌ ഹൈസ്‌കൂളിലും തുടര്‍ന്ന്‌ ഏഴാംതരം വരെ അവിടെത്തന്നെയുള്ള ട്രെയിനിംഗ് സ്‌കൂളിലും രാജന്‍ പഠിച്ചു. എട്ടാം ക്ലാസ്സില്‍ വീണ്ടും തൃശൂര്‍ ബോയ്‌സ്‌ ഹൈസ്‌കൂളിലായി പഠനം. പിന്നീട്‌സിവില്‍ എഞ്ചിനീയറിംഗ്‌ കോഴ്‌സ്‌ പഠിക്കാനായി എറണാകുളത്ത്‌ രാമവര്‍മ്മ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. രണ്ടുവര്‍ഷത്തെ കോഴ്‌സ്‌ കഴിഞ്ഞ്‌ പുറത്തിറങ്ങിയ ഉടന്‍ കൊച്ചിയിലെ പൊതുമരാമത്തു വകുപ്പില്‍ വര്‍ക്ക്‌ സൂപ്രണ്ടായി ജോലി ലഭിച്ചു.

ഒരു പൊതു പ്രവര്‍ത്തകന്‍ ജനിക്കുന്നു

ഒട്ടേറെ അരുതായ്‌മകള്‍ നടമാടിയിരുന്ന കാലമായിരുന്നു കെ. എ. രാജന്‍റെ വിദ്യാഭ്യാസകാലം (1930 40). അവര്‍ണര്‍ക്ക്‌ വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. അവരെ പഠിപ്പിക്കാന്‍ സവര്‍ണര്‍ തയ്യാറായിരുന്നില്ല. സവര്‍ണരില്‍ ആരെങ്കിലും അവര്‍ണരെ പഠിപ്പിക്കുന്നതിനു തയ്യാറായാല്‍ അതിനെ സവര്‍ണ പ്രമാണിമാര്‍ എതിര്‍ത്തിരുന്നു. ഈ അരുതായ്‌മകളെ ചെറുക്കാന്‍ ആരും ശ്രമിച്ചില്ല; ശ്രമിച്ചാല്‍ ഏറെ പീഡനങ്ങള്‍ അനുഭവിക്കേണ്ടിവരിക അന്നത്തെക്കാലത്ത്‌ തികച്ചും സാധാരണ സംഭവമായിരുന്നു. ഈ വ്യവസ്ഥിതി നിലനില്‍ക്കേയാണ്‌ കൊടുങ്ങല്ലൂരില്‍ നിന്നും ആദ്യം ബി. എ. പാസായ വി. പി. രാമന്‍ മാസ്റ്റര്‍, രാജന്‍ പഠിക്കുന്ന തൃശൂര്‍ ഗവ. ബോയ്‌സ്‌ ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി എത്തിയത്‌. അദ്ദേഹത്തെ പാട്ടകൊട്ടിയും, കൂക്കിവിളിച്ചുമാണ്‌ പ്രമാണിമാര്‍ എതിരേറ്റത്‌. അത്‌ രാജന്‍റെ ഹൃദയത്തെ വേദനിപ്പിച്ചു. പ്രതിഷേധത്തിന്‍റെ സ്വരം രാജന്‍ ഉയര്‍ത്തി. കൂട്ടുകാരില്‍ ചിലരും രാജനൊപ്പം നിന്നു. അധര്‍മ്മത്തിനെതിരെ ഉയര്‍ന്നുവരുന്ന ഓരോ ശബ്‌ദത്തരിയിലും ജനമനസ്സിനു താല്‌പര്യമുണ്ടെന്ന തിരിച്ചറിവ്‌ രാജന്‍ തൊട്ടടുത്ത സന്ദര്‍ഭത്തില്‍ത്തന്നെ പ്രയോഗിച്ചു. അതില്‍ ആ വിദ്യാര്‍ത്ഥി വിജയിക്കുകയും ചെയ്‌തു. ചാലക്കുടിയില്‍നിന്നും സ്ഥലം മാറ്റമായി വന്ന ഖദര്‍ധാരിയായ കുട്ടന്‍മേനോന്‍ എന്ന അദ്ധ്യാപകനെ രാജന്‍ മാലയണിച്ചാണു സ്വീകരിച്ചത്‌. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ആ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. യാഥാസ്ഥിതികരായ പ്രമാണിമാര്‍ ചൊടിച്ചെങ്കിലും അവരുടെ ഭീക്ഷണികള്‍ വെറും വാക്കുകളായി മാറി. വി. പി. രാമന്‍മാസ്റ്റര്‍ ക്കുണ്ടായ അനുഭവം ആവര്‍ത്തിക്കാനായില്ല. അധര്‍മ്മങ്ങള്‍ക്കെതിരെ പടപൊരുതുമ്പോള്‍ ധീരമായ നേതൃത്വം ആവശ്യമായ ഘടകമാണെന്ന് വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കി. അവര്‍ രാജനില്‍ ആ നേതൃത്വത്തെ കണ്ടെത്തി. അങ്ങനെ ചെറിയൊരു ജനസഭയുടെ കണ്ടെത്തലായിരുന്നു രാജനിലെ നേതൃവൈഭവം. അങ്ങനെ ഒരു പൊതു പ്രവര്‍ത്തകന്‍ കൂടി ജനിച്ചു.

കെ. എ. രാജനെ പൊതുജീവിതത്തിനു രൂപപ്പെടുത്തിയെടുത്ത ചരിത്ര പശ്ചാത്തലം

രാജന്‍ തൃശൂര്‍ ബോയ്‌സ്‌ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ്സില്‍ ചേരുന്നകാലംസ്വാത്രന്ത്യസമരപ്രസ്ഥാനവും ഗാന്ധിജി, പണ്‌ഡിറ്റ്‌ നെഹ്‌റു, നേതാജി തുടങ്ങിയ നേതാക്കളും ജനമനസ്സില്‍ അലകളുയര്‍ത്തിയിരുന്ന സജീവമായ ഒരുകാലമായിരുന്നു. ജന്മദേശമായിരുന്ന കൊടുങ്ങല്ലൂരാണെങ്കില്‍ യാഥാസ്ഥിതികത്തിന്‍റെയും ജാതിമേധാവിത്വത്തിന്‍റെയും കേന്ദ്രവും. എന്നാല്‍കോവിലകത്തെ തമ്പുരാക്കന്മാര്‍ അവര്‍ണ്ണരേയും വിദ്യ അഭ്യസിപ്പിക്കാന്‍ ശിഷ്യന്മാരായി സ്വീകരിച്ചിരുന്നു. വിദ്യ എറിഞ്ഞുകൊടുത്തിട്ടായാലും നല്‍കാന്‍ അവര്‍ മടി കാട്ടിയില്ല. സവര്‍ണ്ണര്‍ക്കുപോലും അന്യമായ ഔദാര്യമായിരുന്നു അത്‌. കൊടുങ്ങല്ലൂരില്‍ നിന്ന്‌ ആദ്യമായി ബി. എ. പാസ്സായ വി. പി. രാമന്‍മാസ്റ്റര്‍ അദ്ധ്യാപകനായി തൃശൂരില്‍ രാജന്‍റെ സ്‌കൂളില്‍വന്നു. പാട്ടകൊട്ടിയും കൂക്കിവിളിച്ചുമാണ്‌ അദ്ദേഹത്തെ പ്രമാണിമാര്‍ വരവേറ്റത്‌. ഈ ജാതിക്കോയ്‌മെക്കതിരെ രാജനും സഹവിദ്യാര്‍ത്ഥികളുംപ്രതിഷേധിക്കാന്‍ നിശ്ചയിച്ചു.

ചാലക്കുടിയില്‍ നിന്ന്‌ സ്ഥലം മാറ്റമായിവന്ന ഖദര്‍ധാരിയായ കുട്ടന്‍മേനോന്‍എന്ന അദ്ധ്യാപകനും പ്രമാണിമാര്‍ക്ക്‌ കണ്ണിലെ കരടായി മാറി. യാഥാസ്ഥിതികരായ ഈ പ്രമാണിമാരെ ചൊടിപ്പിയ്‌ക്കാന്‍ വേണ്ടി കുട്ടന്‍മേനോന്‍ മാസ്റ്ററെ ഹാരാര്‍പ്പണം ചെയ്‌തു സ്വീകരിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചു.മാല അണിയിക്കുന്ന ദൗത്യം നിര്‍വഹിച്ചത്‌ രാജനായിരുന്നു. പൊതുജീവിതത്തിലേക്ക്‌ തന്നെയും അനവധി സതീര്‍ത്ഥ്യരേയും കൈപിടിച്ചുകയറ്റിയത്‌ ഈ രണ്ടുസംഭവങ്ങളുമായിരുന്നു എന്ന്‌ ശ്രീ രാജന്‍ പിന്നീട്‌അനുസ്‌മരിച്ചിട്ടുണ്ട്‌.

ആകാലത്തു തന്നെയാണ്‌ കമ്മ്യൂണിസ്റ്റ്‌ ആശയം കൊടുങ്ങല്ലൂരില്‍ പടര്‍ന്ന്‌പന്തലിച്ചത്‌. ശ്രീ നാരായണപുരം, കോതപറമ്പ്‌, മതിലകം തുടങ്ങിയ പ്രദേശങ്ങള്‍കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ വളക്കൂറുള്ള മണ്ണായിരുന്നു.കൊടുങ്ങല്ലൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ രാജന്‍റെ സ്‌കൂളിലുമുണ്ടായിരുന്നു. അവരുമായുള്ള സഹവാസം രാജന്‍, പി. ഭാസ്‌ക്കരന്‍, വി. ടി. ഇന്ദുചൂഢന്‍, കൊടുങ്ങല്ലൂര്‍ തമ്പുരാന്‍റെ മകനായ വി. കെ.കൃഷ്‌ണമേനോന്‍ തുടങ്ങിയവരെ ശക്തമായി സ്വാധീനിച്ചു. ആ സമയത്തുതന്നെ കോട്ടപ്പുറത്തു ബീഡിത്തൊഴിലാളികളുടെയിടയില്‍ കമ്മ്യൂണിസ്റ്റ്‌ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം ശക്തിപ്പെട്ടുവരികയുണ്ടായി അവരുമായി ബന്ധപ്പെട്ട രാജനും കൂട്ടുകാര്‍ക്കും അവരുടെ സംഘടനാപാടവും രാഷ്‌ട്രീയ പരിജ്ഞാനവും അത്ഭുതമുളവാക്കിയ പുതിയ പാഠങ്ങളായിമാറി.

സജീവ വിപ്ലവത്തിലേയ്‌ക്കുള്ള ആദ്യകാല്‍വെപ്പ്‌

അന്ന്‌ രാജന്‍ തൃശൂരില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു.കമ്മ്യൂണിസ്റ്റ്‌ ആദര്‍ശങ്ങളും അതില്‍ ഉത്തേജിതരായ ചില സഹപാഠികളുമായി രാഷ്‌ട്രീയ സംഭവങ്ങള്‍ വിലയിരുത്തുകയും പഠിക്കുകയും ചെയ്യുന്ന കാലം! സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ നിന്ന്‌ ഒരു ദേശീയസമരനിര രൂപീകരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടായിരുന്നു.യുദ്ധരംഗത്തേയ്‌ക്ക്‌ ഫണ്ടു പിരിവ്‌ നടത്താന്‍ വേണ്ടി വൈക്കം വാസുദേവന്‍ നായരുടെ ഒരു നാടകം കളിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങി. അതിനുവേണ്ടി പൊതുജനങ്ങളില്‍ നിന്ന്‌ നിര്‍ബ്ബന്ധ ഫണ്ടുപിരിവും നടത്തി. ഏതായാലും ഈ നാടകം സ്റ്റേജില്‍ കളിപ്പിക്കുകയില്ലെന്ന്‌ രാജനും സുഹൃത്തുക്കളും ഉറച്ചതീരുമാനമെടുത്തു. മലബാറില്‍ നിന്നുള്ള കമ്മ്യൂണിസ്റ്റ്‌ കാരുടെ ഒത്താശയുണ്ടായിരുന്നു ഈ പ്രവര്‍ത്തനത്തിന്‌. ഒടുവില്‍ നാടകം തുടങ്ങാറായസമയത്ത്‌ നിറഞ്ഞ സദസ്സില്‍ ഒരു ബോംബുപൊട്ടി. കാണികള്‍ പരിഭ്രാന്തരായി; നാടകം അലങ്കോലപ്പെട്ടു. നാടുമുഴുവന്‍ പരിഭ്രാന്തി പകര്‍ന്ന്‌ പോലീസുകാര്‍ പല ചെറുപ്പക്കാരേയും പിടിച്ചുകൊണ്ടുപോയി ചോദ്യം ചെയ്‌തു. എന്നാല്‍ ഫണ്ടുപിരിവിനു മുന്‍നിരയില്‍ നിന്നയാളുടെ മകനായ രാജനെ സംശയിച്ചതേയില്ല. അതുസംബന്ധിച്ചുള്ള കേസ്‌ ഇന്നും തെളിഞ്ഞിട്ടില്ല.

സജീവ രാഷ്‌ട്രീയത്തിലേക്ക്‌

കൊട്ടകയില്‍ ബോംബ്‌ വച്ച വിപ്ലവാഗ്നിയുമായി സ്‌കൂള്‍ ജീവിതം പൂര്‍ണ്ണമാക്കിയ രാജനെ അച്ഛന്‍ എറണാകുളത്തെ രാമവര്‍മ്മ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഞ്ചിനീയറിംഗിനു ചേര്‍ത്തു. എന്നാല്‍ രാജന്‌ അത്‌ തന്‍റെ രാഷ്‌ട്രീയ വിദ്യാഭ്യാസത്തിന്‌ ഏറ്റവും ഉചിതമായ സാഹചര്യമാണ്‌നല്‍കിയത്‌. പി. ഭാസ്‌ക്കരന്‍, പി. കെ. അബ്‌ദുള്‍ഖാദര്‍, ശക്കന്‍തുടങ്ങിയവര്‍ ബോംബേറു സംഭവത്തിലും കൂട്ടാളികളായി ഉണ്ടായിരുന്നു. എറണാകുളത്ത്‌ രാജന്‍ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിയായപ്പോള്‍കൊടുങ്ങല്ലൂര്‌ നിന്ന്‌പി. ഭാസ്‌ക്കരന്‍, ഇന്ദുചൂഢന്‍, പി. കെ.ഗോപാലകൃഷ്‌ണന്‍ തുടങ്ങിയവര്‍ മഹാരാജാസിലും ചേര്‍ന്നു. മഹാരാജാസ്‌ കോളേജില്‍ അന്ന്‌ വി. വിശ്വനാഥമേനോന്‍, വൈലോപ്പിള്ളി മാധവന്‍കുട്ടി, സഹോദരനായ ബാലകൃഷ്‌ണന്‍, പി. കെ. ബാലകൃഷ്‌ണന്‍, കെ. കെ. സത്യവ്രതന്‍, ടി.കെ കൃഷ്‌ണന്‍ മുതലായവര്‍ പഠിക്കുന്നുണ്ടായിരുന്നു. ഇവരുമായി സമ്പര്‍ക്കവും ആശയ വിനിമയവും കൂട്ടായ പ്രവര്‍ത്തനങ്ങളും അങ്ങനെസാദ്ധ്യമായി. അറിയപ്പെടുന്ന പ്രമാണിമാരും പൊതുപ്രവര്‍ത്തകരുമൊക്കെ പരിചയക്കാരായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ അവസരങ്ങള്‍ കിട്ടി.

രണ്ടുവര്‍ഷത്തെ കോഴ്‌സുപൂര്‍ത്തിയാക്കിയ ഉടന്‍ കൊച്ചിയിലെ പൊതുമരാമത്ത്‌ വകുപ്പില്‍ വര്‍ക്ക്‌ സൂപ്രണ്ടായി രാജന്‌ നിയമനം കിട്ടി. തൃപ്പൂണിത്തുറ, മുളന്തുരുത്തി, ആമ്പല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ്‌ ജോലിചെയ്യേണ്ടിവന്നത്‌. എന്നാല്‍ ആറുമാസംപോലും ജോലിയില്‍ തുടരാന്‍ രാജന്‌ആയില്ല. രാഷ്‌ട്രീയജ്വരം മൂത്ത്‌ രാജന്‍ സ്വന്തം നാട്ടില്‍തിരിച്ചെത്തി. അപ്പോഴേയ്‌ക്കും കൊടുങ്ങല്ലൂര്‍ ഒരു രാഷ്‌ട്രീയ കേന്ദ്രമായി മാറിക്കഴിഞ്ഞിരുന്നു.

രാജന്‍ നാട്ടില്‍ നില്‍ക്കുന്നത്‌ അപകടമാണെന്ന് വീട്ടുകാര്‍ മനസ്സിലാക്കി. അവര്‍ അദ്ദേഹത്തെ കാണ്‍പൂരില്‍ ജോലിനോക്കിയിരുന്ന ജേഷ്‌ഠന്‍റെ അരികിലേയ്‌ക്കയച്ചു. ജേഷ്‌ഠന്‌ ബനാറസ്സിലെ ഓര്‍ഡിനന്‍സ്‌ഫാക്‌ടറിയിലായിരുന്നു ഉദ്യോഗം. അതേ ഫാക്‌ടറിയില്‍ തന്നെ ക്ലാര്‍ക്കായിരാജനും ഉദ്യോഗത്തില്‍ പ്രവേശിച്ചു. താമസം ഒരു ശ്രീവാസ്‌തവയുടെവീട്ടിലായിരുന്നു. അവിടെവച്ച്‌ സൈക്കിള്‍ മോഷണം പോയതിനെ തുടര്‍ന്ന്‌ പിന്നീട്‌ താമസം മാറ്റുകയും ചെയ്‌തു.

കാണ്‍പൂര്‍ അന്ന്‌ ടെക്‌സ്‌റ്റൈല്‍ വ്യവസായത്തിന്‍റെ കേന്ദ്രമായിരുന്നു. ടെക്‌സ്‌റ്റൈല്‍ തൊഴിലാളികള്‍ക്കിടയില്‍ കമ്മ്യൂണിസ്റ്റു ബന്ധമുള്ള ട്രേഡ് യൂണിയന്‍റെ പ്രവര്‍ത്തനം ശക്തമായി നടന്നിരുന്നു. അവരുടെ നേതാവ്‌ മുഹമ്മദ്‌ യൂനസുമായി രാജന്‍ പരിചയപ്പെട്ടെങ്കിലും സജീവ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനിറങ്ങിയില്ല.

പിന്നീട്‌ താമസിച്ചത്‌ നാരായണ്‍ ഗഞ്ച്‌ എന്ന സ്ഥലത്തായിരുന്നു. അവിടം മലയാളികളായ തൊഴിലാളികളുടെ വാസകേന്ദ്രമായിരുന്നു. താമസം തരപ്പെടുത്തി കൊടുത്തത്‌ മൈക്കിള്‍ എന്ന മലയാളിയുടെ കുടുംബമാണ്‌. വലിപ്പച്ചെറുപ്പമില്ലാതെവിപുലമായ മനുഷ്യബന്ധങ്ങളുള്ള മൈക്കിള്‍ എല്ലാവര്‍ക്കും ബഹുമാന്യനായിരുന്നു.മൈക്കിളിന്‍റെ വീട്ടില്‍ ഒരംഗത്തെപ്പോലെ കഴിഞ്ഞിരുന്ന ആളായിരുന്നു ശങ്കരന്‍നായര്‍. എല്ലാത്തരക്കാര്‍ക്കും ഭാഷക്കാര്‍ക്കും പ്രിയങ്കരനായിരുന്നുഅദ്ദേഹം. അദ്ദേഹത്തെ പരിചയപ്പെടുമ്പോള്‍ അതു തന്‍റെ ജീവിതത്തിലെ ഒരുഅവിസ്‌മരണീയ സംഭവം ആയിത്തീരുമെന്ന്‌ രാജന്‍ ഓര്‍ത്തതേയില്ല. ആര്‍ക്കും ഊരുംപേരും അറിയാത്ത ഒരു “മിസ്റ്ററിമാന്‍” ആയിരുന്നു ശങ്കരന്‍ നായര്‍. വിശ്വസ്‌തനായ ഒരു പരിചാരകനെപ്പോലെ രാജന്‌ ബീഡിവാങ്ങിച്ചുകൊടുത്തും അലക്കിയ വസ്‌ത്രങ്ങള്‍ ഇസ്‌തിരിയിട്ടും കടയില്‍പോക്കുമൊക്കെ അദ്ദേഹമാണു ചെയ്‌തത്‌. രാജന്‍റെ എല്ലാ നിര്‍ദ്ദേശങ്ങളും സുസ്‌മേരവദനനായി ശിരസ്സാവഹിക്കുകയായിരുന്നു അദ്ദേഹം. എത്ര അവസരമുണ്ടായാലും പൊതുകാര്യമോ രാഷ്‌ട്രീയമോ സംസാരിക്കുകയോ ചെയ്യാതെ ശങ്കരന്‍ നായര്‍ രാജന്‍റെ കല്‌പനകളെല്ലാം അനുസരിച്ചു.

രണ്ടുവര്‍ഷത്തെ കാണ്‍പൂര്‍ ജീവിതത്തിന്‍റെ മടുപ്പോടെ നാടണയാന്‍ കൊതിച്ച്‌രാജന്‍ കൊടുങ്ങല്ലൂരില്‍ മടങ്ങിയെത്തി. കുറച്ചുദിവസം കഴിഞ്ഞ്‌പത്രങ്ങളില്‍ വന്ന വാര്‍ത്തയും ഫോട്ടോയും കണ്ടപ്പോഴാണ്‌ അദ്ദേഹംഅന്ധാളിച്ചുപോയത്‌. “ഒളിവില്‍ കഴിഞ്ഞിരുന്ന എ. കെ. ഗോപാലന്‍ അറസ്റ്റില്‍” എന്നായിരുന്നു വാര്‍ത്ത. ഫോട്ടോയില്‍ കണ്ടയാള്‍ കാണ്‍പൂരിലെ ശങ്കരന്‍നായരായിരുന്നു. മൈക്കിളിന്‍റെ അറിവോടും സമ്മതത്തോടും കൂടിപ്രച്ഛന്നവേഷമെടുത്ത എ. കെ. ജിയുടെ വ്യക്തിത്വവും ത്യാഗ മനസ്ഥിതിയും രാജനെ വളരെയധികം സ്വാധീനിക്കുകയായിരുന്നു.

നാട്ടില്‍ തിരിച്ചെത്തിയ രാജന്‌ വലിയ മാറ്റമാണ്‌ അനുഭവപ്പെട്ടത്‌.കൊടുങ്ങല്ലൂര്‍ കമ്മ്യൂണിസ്റ്റ്‌പാര്‍ട്ടിയുടെ ഒരു ശക്തി കേന്ദ്രമായിമാറിക്കഴിഞ്ഞിരുന്നു. കോവിലകത്തുപോലും കുഞ്ഞിക്കുട്ടി തമ്പുരാട്ടിഅടക്കമുള്ള പലരും പാര്‍ട്ടിയിലേക്കു വന്നു കഴിഞ്ഞിരുന്നു. രാജനും പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറി അന്ന്‌ കൊച്ചിസംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സെക്രട്ടറി സി.അച്യുതമേനോനായിരുന്നു. ജോര്‍ജ്ജ്‌ ചടയംമുറി, പി. എസ്‌. നമ്പൂതിരി, പി.ഗംഗാധരന്‍, കെ. കെ. എന്നിവരായിരുന്നു മറ്റുപ്രവര്‍ത്തകര്‍ കേവലം 20 വയസ്സുപ്രായമായ രാജനെ പാര്‍ട്ടി ഏല്‌പിച്ച ജോലി ഷൊര്‍ണ്ണൂര്‍ മുതല്‍വെല്ലിംഗ്‌ടണ്‍ ഐലന്‍റ് ടെര്‍മിനലുവരേയുള്ള പ്രദേശത്ത്‌ റെയില്‍ വേ തൊഴിലാളികളെ സംഘടിപ്പിക്കുകയായിരുന്നു. അച്യുതമേനോന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‌കി. ട്രേഡ് യൂണിയന്‍ രംഗത്ത്‌പ്രവര്‍ത്തിച്ചുകൊണ്ട്‌ രാജന്‍റെ രാഷ്‌ട്രീയ ജീവിതത്തിന്‌ ആരംഭമായി.

അന്നത്തെ പാര്‍ട്ടി പ്രവര്‍ത്തനം ഇന്നത്തെപോലെ യായിരുന്നില്ല.ഷൊര്‍ണൂര്‍ മുതല്‍ ഐലന്‍റ് വരെയുള്ള റെയില്‍വേ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ യാത്രപ്പടിയോ താമസ സൗകര്യമോ താമസച്ചെലവിനുള്ള പണമോ, എന്തിന്‌ ഉടുതുണിക്ക്‌ മറുതുണി പോലുമില്ലാതെ യായിരുന്നു പ്രവര്‍ത്തിക്കേണ്ടിയിരുന്നത്‌.പലപ്പോഴും തൊഴിലാളികളുടെ കൂടെകഴിഞ്ഞുകൂടി. ചിലപ്പോഴൊക്കെ റെയില്‍വേ സ്റ്റേഷനുകളില്‍ അന്തിയുറങ്ങി. തൊഴിലാളികളുടെ കൂടെ ഭക്ഷണം കഴിച്ചും പലപ്പോഴും കഴിക്കാതെയും അലഞ്ഞുള്ള പ്രവര്‍ത്തനകാലമായിരുന്നു അത്‌. എറണാകുളം മുതല്‍ ഷൊര്‍ണൂര്‍ വരെയുള്ള റെയില്‍പാതയിലൂടെ നഗ്നപാദനായി എത്രവട്ടം നടന്നിട്ടുണ്ടാകുമെന്ന്‌ രാജന്‌കണക്കില്ല. കല്‌പാട്ടു കൃഷ്‌ണന്‍, എം. ബി. കെ. മേനോന്‍, തമിഴ്‌നാട്ടുകാരന്‍ ഗൗരിമുത്തു എന്നിവര്‍ അന്നു റെയില്‍വേ തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. തിരുച്ചിറപ്പള്ളിയിലെ ഗോള്‍ഡന്‍ ഗേറ്റ്‌ ആസ്ഥാനമാക്കി പ്രവര്‍ത്തിയ്‌ക്കുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതൃത്വത്തിലുള്ള സൗത്ത്‌ ഇന്ത്യ റെയില്‍വേ ലേബര്‍ യൂണിയനായിരുന്നു അന്ന്‌ ഏറ്റവും സുശക്തമായസംഘടന. അനന്തന്‍നമ്പ്യാരും കല്യാണസുന്ദരവും നയിച്ചിരുന്ന ആ സംഘടനയുടെ ഭാഗമായിട്ടായിരുന്നു രാജന്‍റെ പ്രവര്‍ത്തനം.

അന്ന്‌ ഐലന്‍റ് ടെര്‍മിനസ്സിര്‍ തൊഴിലാളികള്‍ക്കൊപ്പം താമസിക്കുന്നകാലത്ത്‌ രാജന്‌ വൈക്കം മുഹമ്മദ്‌ ബഷീറുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്താന്‍ അവസരം കിട്ടി. തനിക്കും, സുഹൃത്തും പ്രശസ്‌ത ഗായകനുമായിരുന്ന പി. കെ. ശിവദാസനും ബഷീര്‍ ഒരു അഭയകേന്ദ്രമായിരുന്നു വെന്ന്‌ രാജന്‍ അനുസ്‌മരിച്ചിട്ടുണ്ട്‌. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കുപുറമെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളിലും രാജന്‍ ഏര്‍പ്പെട്ടിരുന്നു. ബഷീറിന്‍റെ താമസം ആദ്യം മാര്‍ക്കറ്റ്‌ റോഡിലെ ഹോട്ടല്‍ മുറിയിലും പിന്നീട്‌ കാനന്‍ഷെഡ്ഡു റോഡില്‍ കുഞ്ഞാലൂസ്‌ ആശുപ്രതിയ്‌ക്കു സമീപമുള്ള ഒരുഇരുനിലക്കെട്ടിടത്തിന്‍റെ മുറിയിലും പ്രസ്സ്‌ ക്ലബ്ബ്‌ റോഡിലുള്ള തന്‍റെ പുസ്‌തകശാലയുടെ മുറിയിലുമൊക്കെ ആയിരുന്നു. ഒരു പ്രണയഭംഗത്തിന്‍റെ ആഴത്തിലുള്ള മുറിവുമായി കഴിഞ്ഞിരുന്ന ബഷീറിന്‍റെ ഈ താവളങ്ങളിലെല്ലാം ഏതുസമയത്തും രാജന്‌ പ്രവേശനമുണ്ടായിരുന്നു. ബഷീറിന്‌ കമ്മ്യൂണിസ്റ്റ്‌ ആശയങ്ങളോടൊ പാര്‍ട്ടിയോടോ യാതൊരുതരത്തിലുള്ള ആഭിമുഖ്യവും അന്ന്‌ ഉണ്ടായിരുന്നില്ല. എന്നാല്‍ കമ്മ്യൂണിസ്റ്റ്‌കാരുടെ ത്യാഗമനോഭാവത്തേയും ആശയശസ്ഥിരതയെയും അദ്ദേഹം ആദരിച്ചിരിക്കുന്നു.

എന്‍റെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം - ശ്രീ. കെ. എ. രാജന്‍ എഴുതിയ ലേഖനം

വെല്ലിംഗ്‌ടണ്‍ ഐലന്‍റ് കേന്ദ്രീകരിച്ച്‌ റെയില്‍വെ തൊഴിലാളികളുടെ ഇടയില്‍ പ്രവര്‍ത്തനം തുടങ്ങിയതോടൊപ്പം ഇതര മേഖലകളിലേക്ക്‌ എന്‍റെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം വ്യാപിച്ചു. എറണാകുളത്ത്‌ മാറായില്‍ കുടുംബാംഗവും അഭിഭാഷകനുമായിരുന്നു എം.ബി.കെ മേനോന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ചേര്‍ന്ന്‌ രഹസ്യമായി പ്രവര്‍ത്തിച്ചുവരുന്ന കാലമായിരുന്നു. മേനോനും ഞാനുംകൂടി തുറമുഖ തൊഴിലാളികളുടെ ഇടയിലേക്ക്‌ യൂണിയന്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. അതുവരെ തുറമുഖത്തുണ്ടായിരുന്ന ഏക യൂണിയന്‍ പനമ്പള്ളിഗോവിന്ദമേനോന്‍ പ്രസിഡന്‍റായുള്ളതായിരുന്നു. അധികം താമസിയാതെ പ്രസ്‌തുത യൂണിയന്‍ ഞങ്ങള്‍ പിടിച്ചുപറ്റി. പ്രസിഡന്‍റായി എം.ബി.കെ മേനോനെയും ജനറല്‍സെക്രട്ടറിയായി എം. എന്‍. താച്ചോയെയും തിരഞ്ഞെടുത്തു. പിന്നീട്‌ ദീര്‍ഘകാലം ഈ എ. ഐ. ടി. യു. സി യൂണിയന്‍റെ ജനറല്‍ സെക്രട്ടറി ഞാനായിരുന്നു.ഇതോടെ മറ്റുപല യൂണിയനുകളും സംഘടിപ്പിച്ചു. മോട്ടോര്‍ ബോട്ടു തൊഴിലാളിയൂണിയന്‍, പച്ചാളം ഇലക്ട്രോ പ്ലേറ്റിംഗ്‌ വര്‍ക്കേഴ്‌സ്‌ യൂണിയന്‍, ഫോര്‍ട്ട്‌ കൊച്ചി കയര്‍ ഫാക്‌ടറി വര്‍ക്കേഴ്‌സ്‌ യൂണിയന്‍, കേരള ഇലക്‌ട്രിസിറ്റി വര്‍ക്കേഴ്‌സ്‌ ഫെഡേറഷന്‍, കേരള സ്റ്റേറ്റ്‌ട്രാന്‍സ്‌പോര്‍ട്ട്‌ എംപ്ലോയീസ്‌ അസോസിയേഷന്‍, എച്ച്‌. എം. ടി., ഫാക്‌ട്‌, ഐ. ആര്‍. ഇ, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്‌, കേരള ഇലക്‌ട്രിക്കല്‍സ്‌, എറണാകുളം പ്രൈവറ്റ്‌ മോട്ടോര്‍ തൊഴിലാളി യൂണിയന്‍ തുടങ്ങി സംസ്ഥാനതലത്തിലും ജില്ലാതലത്തിലുമുള്ള ഏതാണ്ട്‌ മുപ്പതോളം യൂണിയനുകളുടെ ഭാരവാഹിത്വം ഒരേ സമയം ഞാന്‍ വഹിച്ചിരുന്നു. ഇത്രയും കാലത്തെ ട്രേഡ് യൂണിയന്‍ രംഗത്തെ പ്രവര്‍ത്തനത്തിനിടയ്‌ക്ക്‌ ഒരിക്കല്‍ ഞാന്‍ ഭാരവാഹിത്വം ഏറ്റെടുത്ത ഏതെങ്കിലും ഒരു യൂണിയനില്‍ നിന്ന്‌ എന്നെമാറ്റുകയോ നീക്കം ചെയ്യുകയോ ഉണ്ടായിട്ടില്ലെന്ന്‌ രേഖപ്പെടുത്താന്‍ എനിക്ക്‌ സന്തോഷമുണ്ട്‌. ഇപ്പോഴും ഞാന്‍ പല സംഘടനകളുടെയും ഭാരവാഹിയാണ്‌.എന്നാല്‍, ശാരീരികമായ അസ്വാസ്ഥ്യങ്ങള്‍ മൂലം ഓരോന്നില്‍ നിന്നും സ്വയംഒഴിഞ്ഞുകൊണ്ടിരിക്കുകയാണ്‌.

എന്‍റെ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ ക്കിടയിലുണ്ടായ ചില സുപ്രധാനസമരങ്ങളെക്കുറിച്ച്‌ ചെറുതായൊന്നു പറയാതെ വയ്യ. അതിലൊന്ന്‌ മൂന്ന്‌ തൊഴിലാളികളുടെ മരണത്തിനിടയാക്കിയതും മട്ടാഞ്ചേരി വെടിവയ്‌പില്‍ കലാശിച്ചതുമായ തുറമുഖ തൊഴിലാളി സമരമാണത്‌.. 1953 സെപ്‌തംബറിലായിരുന്നു സംഭവം. കപ്പല്‍ച്ചരക്ക്‌ കയറ്റിയിറക്ക്‌ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതൊഴിലാളികളുടെ തൊഴില്‍ അവകാശം സ്ഥാപിച്ചെടുക്കുന്നതിനായിരുന്നു ആ സമരം.ഐ. എന്‍. ടി. യു. സി. നേതൃത്വത്തില്‍ അനധികൃതമായി കപ്പലില്‍ ജോലിക്ക്‌കൊണ്ടുപോകുന്നവരെ തടഞ്ഞതോടെ ആയിരുന്നു ആ സമരം തുടങ്ങിയതും ഒടുവില്‍ സംഘര്‍ഷത്തിലേക്ക്‌ നീങ്ങിയതും. വെടിവയ്‌പില്‍ സെയ്‌തു, സെയ്‌താലി, ആന്‍റണിഎന്നീ മുന്ന്‌ തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഇതേ തുടര്‍ന്ന്‌ തൊഴിലാളികേന്ദ്രമായ മട്ടാഞ്ചേരി ഫോര്‍ട്ടുകൊച്ചി മേഖല ഇളകി മറിഞ്ഞു. കൂടിയാലോചനയ്‌ക്ക്‌ എന്നു പറഞ്ഞ്‌ യൂണിയന്‍ നേതാവായ ടി. എം. അബുവിനെവിളിച്ചുകൊണ്ടുപോയി പോലീസ്‌ കസ്റ്റഡിയിലെടുത്തു. സാധാരണ സ്ഥലത്തുണ്ടാവുമായിരുന്ന മുതിര്‍ന്ന നേതാക്കന്മാരായ പി. ഗംഗാധരന്‍, ജോര്‍ജ്ജ്‌ ചടയംമുറി എന്നിവര്‍ വെടിവയ്‌പ്പ്‌ നടക്കുമ്പോള്‍ സ്ഥലത്തില്ല. യൂണിയന്‍ ഭാരവാഹികളില്‍ ഞാന്‍ മാത്രമാണ്‌ അവിടെയുള്ളത്‌. ജനങ്ങള്‍എന്തിനും തയ്യാറായിരിക്കുകയാണ്‌. ഒടുവില്‍ ഒരു പ്രകടനം നടത്താന്‍ ഞാന്‍ തീരുമാനിച്ചു. എല്ലായിടത്തും പോലീസും പട്ടാളവും നിറഞ്ഞിരിക്കുന്നു.ഇതിനെതിരേയാണ്‌ പ്രകടനം നടത്തേണ്ടത്‌. ഏതു നിര്‍ദ്ദേശവും സ്വീകരിക്കാന്‍ തയ്യാറായി ജനങ്ങളും. വൈകിട്ട്‌ പ്രകടനം പുറപ്പെടാന്‍ നേരമായപ്പോഴാണ്‌ചടയംമുറിയും ഗംഗാധരനും സ്ഥലത്തെത്തിയത്‌. പ്രകടനം അവര്‍ മാറ്റിവയ്‌പ്പിക്കുകയായിരുന്നു. പ്രകടനം മാറ്റിവയ്‌ക്കുവാനുള്ള പക്വമായ തീരുമാനം അവര്‍ കൈക്കൊണ്ടില്ലായിരുന്നുവെങ്കില്‍ അവിടമാകെ വലിയൊരു കൊലക്കളമായി മാറുമായിരുന്നു. പ്രകടനം മാറ്റിവയ്‌ക്കുന്നതില്‍ വിശേഷിച്ചും ചടയംമുറി അന്ന്‌ കാണിച്ച ദീര്‍ഘവീക്ഷണവും ചാതുര്യവും പിന്നീട്‌ എന്നും എനിക്ക്‌ ഒരു വഴികാട്ടിയായിരുന്നു. നൂറുദിവസം നീണ്ട മറ്റൊരു തുറമുഖ തൊഴിലാളി സമരംകൂടി പിന്നീട്‌ നടക്കുകയുണ്ടായി. അത്‌ ബത്ത തൊഴിലാളികളുടെ തൊഴില്‍ സ്ഥിരതഉറപ്പുവരുത്തുന്നതിനായിരുന്നു. ഒടുവില്‍ യൂണിയന്‍ പ്രസിഡന്‍റായിരുന്ന പ്രഗത്ഭ അഭിഭാഷകന്‍ ടി. സി. എന്‍. മേനോന്‍ ഹൈക്കോടതി വഴി സമ്പാദിച്ചവിധിയുടെ അടിസ്ഥാനത്തില്‍ സമരം വിജയത്തില്‍ പര്യവസാനിച്ചു.കേന്ദ്രസര്‍ക്കാരിന്‍റെ തെറ്റായ ഒരു തൊഴില്‍ നയത്തെ കോടതി ഇടപെടലിലൂടെതിരുത്തിക്കാന്‍ കഴിഞ്ഞ സംഭവമാണിത്‌. ഏറെ ചൂഷണത്തിനുവിധേയരായിരുന്നവരും ഭൂരിപക്ഷം സ്‌ത്രീകളടങ്ങുന്നതുമായ ഫോര്‍ട്ടുകൊച്ചിയിലെ മൂവായിരത്തോളം വരുന്ന കയര്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന്‌ കയര്‍ ഫാക്‌ടറി വര്‍ക്കേഴ്‌സ്‌ യൂണിയന്‍റെ നേതൃത്വത്തില്‍ നടത്തിയ സമരവും എടുത്തുപറയേണ്ടതായിട്ടുണ്ട്‌.ട്രേഡ് യൂണിയന്‍ രംഗത്തെ എന്‍റെ ദീര്‍ഘകാലത്തെ പ്രവര്‍ത്തനത്തിനിടയ്‌ക്ക്‌ എനിക്ക്‌ ഏറ്റവും ആദരവും ബഹുമാനവും തോന്നിയിട്ടുള്ളവരാണ്‌ എം. ബി. കെ.മേനോന്‍, പി. ബാലചന്ദ്രമേനോന്‍, എന്‍. സി. ശേഖര്‍, ജോര്‍ജ്ജ്‌ ചടയംമുറി, എസ്‌. സി. എസ്‌. മേനോന്‍ എന്നിവര്‍. എം. ബി. കെ മേനോന്‍റെ അകാലചരമം കേരളത്തിലെ ഇടതു പക്ഷപ്രസ്ഥാനത്തിന്‌ സംഭവിച്ച വലിയൊരു നഷ്‌ടമാണെന്ന് എടുത്തു പറയാതെ വയ്യ. ഇദ്ദേഹത്തിന്‍റെ സഹോദരിയും കെ. പി. മാധവന്‍ നായരുടെ സഹധര്‍മ്മിണിയുമായ പവിഴവും ആദ്യകാലത്ത്‌ പൊതു പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നു. സി.അച്യുതമേനോനെന്ന തുളുമ്പാത്ത നിറകുടത്തെപ്പറ്റി ഞാനെന്തു പറേയണ്ടു!

ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തില്‍ വ്യാപൃതമായതോടൊപ്പം കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഇതരപ്രവര്‍ത്തനങ്ങളിലും ഞാന്‍പങ്കെടുത്തുപോന്നു. എറണാകുളത്തു ലോക്കല്‍ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു ഞാന്‍. ആ കാലത്താണ്‌ 1948ല്‍ പാര്‍ട്ടിയുടെ കല്‍ക്കത്താ കോണ്‍ഗ്രസ്സ്‌ ചേര്‍ന്നതും, പി. സി. ജോഷിയെ മാറ്റി ബി. ടി.രണദിവയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തതും. കല്‍ക്കത്തതീസിസ്‌ എന്ന പേരില്‍ പിന്നീട്‌ പരക്കെ അറിയെപ്പട്ട പുതിയ നയം പാര്‍ട്ടിസ്വീകരിച്ചു. കേന്ദ്രസര്‍ക്കാരിനെതിരെയുള്ള തുറന്നയുദ്ധപ്രഖ്യാപനമായിരുന്നു അത്‌. തുടര്‍ന്ന്‌ നിരവധി പ്രവര്‍ത്തകരും നേതാക്കന്മാരും ഒളിവില്‍ പോയി. പലരും അറസ്റ്റിലുമായി. ഇടപ്പള്ളി പോലീസ്‌സ്റ്റേഷന്‍ ആക്രമണത്തിന്‍റെ പശ്ചാത്തലമാണിത്‌. ഈ സ്റ്റേഷന്‍ ആക്രമണം ഒരിക്കലും ആസൂത്രിതമായിരുന്നില്ല. ഒളിവിലും തെളിവിലുമുള്ള പ്രവര്‍ത്തകര്‍ ഒരു രാത്രി സ്റ്റേഷനു സമീപമുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍റെ വീട്ടുവളപ്പില്‍ രഹസ്യയോഗം ചേര്‍ന്നപ്പോള്‍ പോലീസ്‌ സ്റ്റേഷന്‍ ഒരുവിഷയം പോലുമായിരുന്നില്ല. കെ. സി. മാത്യു, വി. വിശ്വനാഥമേനോന്‍, എം. എം.ലോറന്‍സ്‌ തുടങ്ങിയവരെല്ലാം യോഗത്തിലുണ്ടായിരുന്നു. യോഗം തുടങ്ങിയപ്പോഴാണ്‌ കെ. സി. മാത്യു ഒരു വിവരം അറിയിച്ചത്‌. ഒളിവില്‍കഴിഞ്ഞിരുന്ന പി. സി. വറുതൂട്ടി, എന്‍. കെ. മാധവന്‍ എന്നിവരെസമീപത്തുള്ളഒരു ചായക്കടയില്‍ നിന്ന്‌ പോലീസ്‌ പിടികൂടി ഇടപ്പള്ളി സ്റ്റേഷനിലെ ലോക്കപ്പില്‍ ഇട്ടിട്ടുണ്ട്‌ എന്നായിരുന്നു അത്‌. എന്നാല്‍, അവരെ ലോക്കപ്പില്‍ നിന്ന്‌ രക്ഷപെടുത്തിയിട്ട്‌ മറ്റുകാര്യം എന്ന്‌ എല്ലാവരുംകൂടി ഒറ്റ സ്വരത്തില്‍ പെട്ടെന്ന്‌ എടുത്ത തീരുമാനമായിരുന്നു അത്‌. ഇംഗ്ലീഷില്‍ ‘സ്‌പോണ്‍ടേനീയസ്‌ ’ എന്നു പറയുന്ന തരത്തിലുണ്ടായ തീരുമാനം. ഉടനെ കൂട്ടായിരുന്നവര്‍ തീപ്പന്തങ്ങളുമായി കയ്യില്‍ കിട്ടിയ കുറുവടിയും മറ്റ്‌ മാരകായുധങ്ങളുമെടുത്ത്‌ സ്റ്റേഷനിലേ ക്ക്‌ മാര്‍ച്ച്‌ ചെയ്യുകയായിരുന്നു. സ്റ്റേഷനിലെത്തിയപ്പോള്‍ സ്റ്റേഷന്‍റെ ചുമതലവഹിച്ചിരുന്ന പക്കി കൃഷ്‌ണപിള്ള എന്ന ഹെഡ്‌ കോണ്‍സ്റ്റബിള്‍ലോക്കപ്പിന്‍റെ താക്കോലുമായി ഓടിപ്പോയി. തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ വിവരിക്കാന്‍ ഇവിടെ ഇടമില്ല. പല പോലീസുകാരും ഓടി രക്ഷപെട്ടിരുന്നു. അകത്തുണ്ടായിരുന്ന രണ്ടുപോലീസുകാര്‍ എതിര്‍ത്തു നിന്നു. അവരാണ്‌വെട്ടേറ്റുവീണത്‌. അകത്തുണ്ടായിരുന്ന തോക്കുകള്‍ എടുത്തു. തോക്കിന്‍റെ പാത്തികൊണ്ട്‌ ലോക്കപ്പിന്‍റെ താഴ്‌ തല്ലിതുറക്കാനുള്ള ഞങ്ങളുടെ ശ്രമം വിജയിച്ചില്ല. ലോക്കപ്പിലാക്കിയവരെ രക്ഷെപ്പടുത്തുകയെന്ന ലക്ഷ്യംസാധിക്കാതെ തന്നെ നേരം പുലര്‍ച്ചയായതോടെ പരസ്‌പരമായ ഒരു ധാരണയുമില്ലാതെ ഞങ്ങള്‍ നാനാവഴി പിരിഞ്ഞു പോവുകയായിരുന്നു. റെയില്‍പ്പാളം വഴി എറണാകുളം നോര്‍ത്തിലെത്തി അവിടെ നിന്നും കത്തൃകടവുവഴി നടന്ന്‌ ടി. ഡി.ക്ഷേത്രത്തിലൂടെ അന്നത്തെ ഭാരത ടൂറിസ്റ്റിറ്റു ഹോമിനോടനുബന്ധിച്ചുണ്ടായിരുന്ന ഒരു ലോഡ്‌ജുമുറിയില്‍ അഭയം തേടിയ എന്നെ രാവിലെ തന്നെ പോലീസ്‌ അറസ്റ്റുചെയ്‌തു. ക്ഷീണംകൊണ്ടു ഉറങ്ങിപ്പോയ ഞാന്‍കണ്ണുതുറന്നപ്പോള്‍ വലിയൊരു പോലീസ്‌ വ്യൂഹമായിരുന്നു മുറിയിലും പുറത്തുമൊക്കെ. അവിടെ നിന്ന്‌ എന്നെ വിവസ്‌ത്രനാക്കി ഒരു നൂലിഴപോലുംദേഹത്തില്ലാതെയാണ്‌ റോഡിലൂടെ ടൗണ്‍ സ്റ്റേഷനിലേക്ക്‌ കൊണ്ടുപോയത്‌. സംഭവമറിഞ്ഞ്‌ നാടാകെ സംഭ്രാന്തി പൂണ്ടിരുന്നു. സ്റ്റേഷനിലും പരിസരത്തുമാകെ പോലീസ്‌ പിടികൂടിയ തൊഴിലാളികളെ കൊണ്ട്‌ നിറഞ്ഞിരുന്നു. ഭീകരമായ മര്‍ദ്ദനങ്ങള്‍ ക്കിരയായ അവരുടെ ദീനരോദനങ്ങളും കേള്‍ക്കാമായിരുന്നു. എന്നെ വെള്ളം നിറച്ചു നിറുത്തിയ ഒരു മുറിയില്‍ തനിച്ചടയ്‌ക്കുകയായിരുന്നു. പാതിരആയപ്പോള്‍ എന്നെ സ്റ്റേഷനിലെ ഓഫീസ്‌ മുറിയില്‍ കൊണ്ടുവന്നു. പാപ്പാളി, ബാലഗംഗാധരമേനോന്‍, വേണുഗോപാലന്‍, ഉമ്മര്‍ തുടങ്ങി ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥന്മാര്‍ അവിടെ ഉണ്ടായിരുന്നു. അവര്‍ക്ക്‌ അറിയേണ്ടത്‌ ഇ. എം.എസ്‌., എന്‍. സി. ശേഖര്‍ പി. ഗംഗാധരന്‍, ചടയന്‍മുറി തുടങ്ങിയവര്‍ എവിടെയാണ്‌ ഒളിവിലുള്ളതെന്നായിരുന്നു. വിവരം കിട്ടില്ലെന്നുറപ്പായപ്പോള്‍ എന്നെ മുറിയിലേക്ക്‌ തിരിച്ചുകൊണ്ടു പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. പിന്നീടാണ്‌ മര്‍ദ്ദനം അരങ്ങേറിയത്‌. ഓഫീസര്‍മാര്‍ ആരും തന്നെ ഉപദ്രവിച്ചിരുന്നില്ല. അതിന്‌ വിദഗ്‌ധരായവര്‍ ഉണ്ടായിരുന്നു. എനിക്ക്‌താരതേമന്യ ലളിതമായ മര്‍ദ്ദനമുറകളാണ്‌ ഏല്‍ക്കേണ്ടിവന്നത്‌ എന്ന്‌ പറയാം. നിലത്ത്‌ മലര്‍ത്തി കിടത്തി രണ്ട്‌ കാല്‍മുട്ടുകള്‍ക്കും വിലങ്ങനെ താഴെയുംമീതെയുമായി രണ്ട്‌ റൂള്‍ത്തടികള്‍ സ്ഥാപിച്ചു. രണ്ട്‌ പോലീസുകാര്‍ അത്‌കൂട്ടിപ്പിടിച്ചേശഷം മറ്റുരണ്ടുപോലീസുകാര്‍ ഇരുപാര്‍ശ്വങ്ങളിലും നടന്ന്‌ നീണ്ട ചൂരല്‍ കൊണ്ട്‌ ഉള്ളം കാലില്‍ മാറിമാറി ആഞ്ഞടിക്കുക എന്നതായിരുന്നു ഒന്നാമത്തെ മര്‍ദ്ദനമുറ. പത്തുപന്ത്രണ്ടുവട്ടം അടിവീഴുമ്പോഴേയ്‌ക്കും ബോധക്കേടാവും. അപ്പോഴേക്കും എഴുന്നേറ്റ്‌ നിന്ന്‌ ചാടാന്‍ പറയും.ഉള്ളംകാല്‍ പൊള്ളാതിരിക്കാനുള്ള വിദ്യയാണിത്‌. മറ്റൊന്ന്‌ കുരുമുളക്‌അരച്ചത്‌ കണ്ണിലും ഗുഹ്യഭാഗങ്ങളിലുമൊക്കെ തേയ്‌ക്കുക എന്നതാണ്‌. ഇതെല്ലാം എങ്ങനെ സഹിക്കുമെന്ന്‌ തോന്നിയെങ്കിലും മനസ്സ്‌ മരവിച്ചുപോയതുകൊണ്ടാവാം ഉദ്ദേശിച്ചത്ര നീറ്റലുണ്ടായില്ല. എനിക്കേല്‍ക്കേണ്ടിവന്ന മറ്റൊരു മുറകൂടിസൂചിപ്പിക്കാം. നഖപ്പലകയോട്‌ ചേര്‍ത്ത്‌ മൊട്ടുസൂചികുത്തിയിറക്കുകയെന്നതാണത്‌. റൂള്‍ത്തടികൊണ്ട്‌ സൂചിയുടെ മൊട്ടുമാത്രംവെളിക്ക്‌ കാണാവുന്ന രീതിയില്‍ അടിച്ചിറക്കുകയായിരുന്നു. ഇത്‌ചെയ്‌തു കൊണ്ടിരിക്കുമ്പോഴാണ്‌ പോലീസ്‌ സൂപ്രണ്ട്‌ ബാലഗംഗാധരമേനോന്‍ കയറിവന്നത്‌. അദ്ദേഹം പോലീസുകാരെ ശാസിച്ചെന്നാണ്‌ തോന്നുന്നത്‌. കോടതിയില്‍ ഹാജരാക്കാതെ തികച്ചും നിയമാനുസൃതമല്ലാത്ത രീതിയിലാണ്‌ ഞങ്ങളെ ജയിലില്‍ ഇട്ടിരിക്കുന്നത്‌. അതുകൊ ണ്ട്‌ ഇത്തരം മര്‍ദ്ദനമുറകള്‍ വലിയഭവിഷ്യത്തുകള്‍ വിളിച്ചുവരുത്തിയേക്കുമെന്ന്‌ അദ്ദേഹം മുന്നറിയിപ്പു കൊടുത്തു. ഇതേ തുടര്‍ന്ന്‌ നഖപ്പലകയ്‌ക്കടിയില്‍ തറച്ച മൊട്ടുസൂചിഊരുവാന്‍ പോലീസുകാര്‍ ശ്രമിച്ചു. കഴിഞ്ഞില്ല. ഉടനെ എന്നെ എറണാകുളം ജനറല്‍ആശുപ്രതിയിലേയ്‌ക്കു കൊണ്ടുപോയി. ഡോക്‌ടര്‍മാര്‍ക്കും അത്‌ ഊരിയെടുക്കാനായില്ല. ഒടുവില്‍ ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിച്ച പ്രകാരം ഞാന്‍ തന്നെ പല്ലുകൊണ്ട്‌ കടിച്ചെടുക്കുകയായിരുന്നു.

ഇടപ്പള്ളി കേസില്‍ കെ. സി. മാത്യു ഒന്നാം പ്രതിയും ഞാന്‍ രണ്ടാംപ്രതിയുമായിരുന്നു. ഞങ്ങളെ അറസ്റ്റുചെയ്‌ത്‌ വളെരക്കാലം കഴിഞ്ഞാണ്‌ കേസ്‌ചാര്‍ജ്ജ്‌ ചെയ്‌തത്‌. രണ്ടുകൊല്ലത്തോളം ജയിലില്‍ കിടന്നു. ഒടുവില്‍ തെളിവില്ലെന്ന പേരില്‍ എന്നെയും മറ്റുചിലരെയും വെറുതെ വിട്ടു. മാത്യുഅടക്കം മറ്റുപലര്‍ക്കും ശിക്ഷകിട്ടി. ശിക്ഷകിട്ടിയവര്‍ ജാമ്യമെടുത്ത്‌ പുറത്തുവന്നപ്പോള്‍ കേസ്സില്‍ പെട്ടവര്‍ എല്ലാവരും ആലുവായില്‍ ഒത്തുചേരുവാന്‍ തീരുമാനിച്ചു. അങ്ങനെ ആലുവാ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത്‌ ഒത്തുകൂടി. ജനങ്ങളും തടിച്ചുകൂടിയിരുന്നു. ഇതിനിടയ്‌ക്ക്‌ തെക്കുനിന്നുള്ള തീവണ്ടി വന്ന്‌ സ്റ്റേഷനില്‍നിന്നു. ഒരുകമ്പാര്‍ട്ടുമെന്‍റില്‍ നിന്ന്‌ പളനിക്ക്‌ പോകുന്ന ഒരു കാവി വസ്‌ത്രധാരി ഫ്ലാറ്റുഫോമിലേയ്‌ക്ക്‌ തെറിച്ചു വീഴുന്നതായി കണ്ടു. ചെന്നുനോക്കിയപ്പോള്‍ രണ്ട്‌ പോലീസുകാര്‍ ഇയാളെ ചവിട്ടിപ്പുറത്തേയ്‌ക്കുതള്ളുകയായിരുന്നു. എന്നിട്ട്‌ സീറ്റില്‍ സുഖമായിഇരിപ്പുറപ്പിച്ചിരിക്കുന്നു. ഈ പോലീസുകാരെ കയ്യോടെ പിടികൂടി സ്റ്റേഷന്‍മാസ്റ്ററുടെ മുറിയില്‍ ഞങ്ങള്‍ കൊണ്ടുവന്നു. വിശദീകരിക്കുന്നില്ല. ഈസംഭവത്തോടനുബന്ധിച്ച്‌ അന്നു രാത്രി തന്നെ വീണ്ടും ഞാന്‍ പോലീസ്‌പിടിയിലായി. അതിനും രണ്ടുവര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടിവന്നു.

ഞാന്‍ ഒളിവില്‍ കഴിയുമ്പോഴാണ്‌ അച്ഛന്‍ അര്‍ബുദരോഗം ബാധിച്ച്‌ അത്യാസന്നനിലയിലായത്‌. എന്നെ കാണണമെന്ന്‌ അച്ഛന്‍ ആഗ്രഹം പ്രകടിപ്പിച്ചു.പോലീസ്‌ എല്ലായിടത്തും എനിക്കായി വലവീശിയിരിക്കുന്ന സമയം. എന്‍റെ സഹോദരി ഭര്‍ത്താവായ യു. പി. ആര്‍. മോനോന്‍റെ നേതൃത്വത്തിലാണ്‌ കൊടുങ്ങല്ലൂരിലും പരിസരത്തും എനിക്കുവേണ്ടിയുള്ള പോലീസ്‌ തെരച്ചില്‍. എന്‍റെ മാതൃസഹോദരന്‍ കെ. എ. നാരായണമേനോന്‍ പോലീസ്‌ സൂപ്രണ്ട്‌ ഓഫീസിലെ മാനേജരും. ഒടുവില്‍ ഒരു അര്‍ദ്ധരാത്രിയില്‍ പോലീസ്‌ വലയം ഭേദിച്ച്‌ ഞാന്‍ അച്ഛന്‍റെ സമീപം എത്തി. ഒരഞ്ചുനിമിഷം ഞാന്‍ അച്ഛന്‍റെ കട്ടിലിന്‌ സമീപം നിന്നു. അച്ഛന്‍ എന്നെ ഒന്നുനോക്കി... ഇല്ല... ആ രംഗം എനിക്കിപ്പോഴും ഓര്‍ക്കാനാവുന്നില്ല. ഞാന്‍ജീവിച്ചിരിക്കുമ്പോള്‍ എന്‍റെ മോനെ പോലീസ്‌ പിടിച്ചെന്നു കേള്‍ക്കാന്‍എനിക്ക്‌ ശക്തിയില്ല. ഞാന്‍ അവനെ നല്ലവണ്ണം കണ്ടു. അച്ഛന്‍ പറഞ്ഞു.എന്നിട്ട്‌ പപ്പടം കാച്ചിയതും മറ്റും കൂട്ടി എനിക്ക്‌ വേഗം ഊണുനല്‍കാന്‍ അമ്മയോടു നിര്‍ദ്ദേശിച്ചു. എന്‍റെ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളോട്‌ മാതാപിതാക്കള്‍ക്കും സഹോദരി സഹോദരന്മാര്‍ക്കും വലിയപ്രതിപത്തിയില്ലായിരുന്നു എങ്കിലും അങ്ങേയറ്റത്തെ സ്‌നേഹവായ്‌പോടെ യാണ്‌എന്നോട്‌ അവര്‍ പെരുമാറിയിരുന്നത്‌. സഹോദരങ്ങളില്‍ നിന്ന്‌ ഇന്നും ആസ്‌നേഹം ഞാന്‍ അനുഭവിക്കുന്നു. സെയില്‍ടാക്‌സ്‌ വകുപ്പില്‍ അസിസ്റ്റന്‍റ്കമ്മീഷണറായി റിട്ടയര്‍ ചെയ്‌ത രാജമ്മയാണ്‌ എന്‍റെ സഹധര്‍മ്മിണി. നെയ്യാറ്റിന്‍കര ആറാലുംമൂട്ടില്‍ വാഴവിളാകം ആനച്ചാല്‍ വീട്ടില്‍കാര്‍ത്ത്യായനി പിള്ള ചെല്ലമ്മ പിള്ളയുടെയും ഏലായില്‍ വീട്ടില്‍പത്മനാഭപിള്ളയുടെയും മകളാണ്‌ രാജമ്മ. ഞങ്ങള്‍ക്ക്‌ രണ്ട്‌ആണ്‍മക്കളാണുള്ളത്‌. ബഹറിനില്‍ കമ്പനി എക്‌സിക്യൂട്ടീവ്‌ ആയ രാജകുമാറും ബള്‍ഗേറിയായില്‍ നിന്ന്‌ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്‌ ബിരുദമെടുത്ത ബാലരാജും.

03Memoir

പ്രൊഫ. എം. കെ. സാനു

Prof. M.K. Sanu

ഓര്‍മ്മകളിലെ രാജന്‍

ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. കളങ്കമില്ലാത്ത ഒരു മനുഷ്യനായിരുന്നു സ. കെ. എ. രാജന്‍. അദ്ദേഹം തൃശൂര്‍ നിന്ന്‌ എം. പി യായി മത്സരിച്ചപ്പോള്‍ ഞാനദ്ദേഹത്തിനു വേണ്ടി പ്രസംഗിച്ചിട്ടുണ്ട്‌. രാജന്‍റെ സ്വഭാവശുദ്ധി ഞാന്‍ വളരെയധികം മാനിച്ചിരുന്നു.

ശ്രീ. രാജനെക്കുറിച്ച്‌ മുമ്പ്‌ കുങ്കുമം വാരികയില്‍ മൂന്നു ലക്കങ്ങളിലായി ഞാന്‍ ഒരു ലേഖനം എഴുതിയിരുന്നു. സംഭവങ്ങളൊന്നും ഇപ്പോള്‍ എനിക്ക്‌ ഓര്‍മ്മയില്ല. ഞങ്ങളൊരുമിച്ചുള്ള അനുഭവങ്ങളൊന്നും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. അദ്ദേഹം പ്രതിയായിരുന്ന ഇടപ്പള്ളി വെടിവയ്‌പ്പു കേസിനെ ക്കുറിച്ചൊക്കെ അതില്‍ പ്രതിപാദിച്ചിട്ടുണ്ട്‌.

രണ്ടു കുട്ടികളാണ്‌ രാജന്‌. നല്ല മാന്യമായ സ്വഭാവമുള്ള രണ്ട്‌ ആണ്‍മക്കള്‍. എന്‍റെ വീടിനടുത്തു തന്നെയാണ്‌ രാജന്‍റെ വീട്‌. നിരന്തരമായി ബന്ധപ്പെട്ടിരുന്നു. ദൃഢസൗഹാര്‍ദ്ദം സൂക്ഷിച്ചിരുന്നു. ഒരിക്കല്‍ ഇവിടെ അടുത്തുള്ള ഒരു വീട്‌ പരിഷ്‌കരിച്ച്‌ ബാറാക്കാന്‍ ശ്രമം നടന്നപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന്‌ അതിനെതിരെ നാട്ടുകാരെ സംഘടിപ്പിച്ചു. പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. അതിനെ ചെറുത്തു തോല്‌പിക്കാന്‍ ഒരു പാട് ശ്രമങ്ങള്‍ നടത്തി. ഞങ്ങളിരുവരും കൂടി എക്‌സൈസുമ്രന്തിയെ പോയി കണ്ടു. ഒടുവില്‍ ഞങ്ങള്‍ വിജയിച്ചു. ബാറുണ്ടാക്കാനുള്ള ശ്രമം പൊളിഞ്ഞു.

എസ്‌. സി. എസ്‌. മേനോനുമായി രാജന്‌ അടുത്ത ചങ്ങാത്തമായിരുന്നു. മേനോന്‍ ദിവസവും വരും രാജന്‍റെ വീട്ടിലേയ്‌ക്ക്‌. എന്‍റെ വീടിനുമുന്നിലൂടെ വേണമല്ലോ രാജന്‍റെ വീട്ടിലേയ്‌ക്കു പോകാന്‍. അതുകൊണ്ട്‌ അവര്‍ ദിവസവും കണ്ടുമുട്ടാറുണ്ടെന്ന്‌ എനിക്കറിയാം. ഇപ്പോള്‍ ഹിന്ദുവില്‍ നിന്ന്‌ പിരിഞ്ഞ്‌ ദേശാഭിമാനി തിരുവനന്തപുരത്ത്‌ ജോലി ചെയ്യുന്ന ഗോവിന്ദന്‍കുട്ടിയാണ്‌ മറ്റൊരു ചങ്ങാതി. അതുപോലെ വൈക്കം മുഹമ്മദ്‌ ബഷീറുമായും നല്ല അടുപ്പമുണ്ടായിരുന്നുവെന്നറിയാം. സാഹിത്യകാരന്മാരുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്നു. ഏറ്റവും വലിയ പ്രത്യേകത, സ്വതേ സൗമ്യ പ്രകൃതിയായിരുന്ന രാജന്‌ കക്ഷി രാഷ്‌ട്രീയമുണ്ടായിരുന്നില്ല രാഷ്‌ട്രീയ സങ്കുചിതത്വത്തിന്‌ അതീതനായിരുന്നു രാജന്‍.