A project of See Positive — registered charitable society, since 2007

C.G. Sadasivan

C.G. Sadasivan (1913–1985) rose from the Sree Narayana movement and the Travancore State Congress to become one of Kerala’s earliest Communist Party leaders, guiding the theoretical leadership of the 1946 Punnapra-Vayalar workers’ uprising against Diwan Sir C.P. Ramaswami Iyer’s rule. He endured repeated arrest, torture and years underground, and was later elected to the Travancore-Cochin and Kerala legislative assemblies while heading the Kerala State Coir Corporation and the state Karshaka Sangham.

01Intro

സി.ജി.സദാശിവൻ

ശ്രീ.സി. ജി. സദാശിവന്‍ സ്വാതന്ത്ര്യ സമരത്തിലെ മുന്നണി പടയാളിയും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‍റെ പൂര്‍വകാല നേതാക്കളില്‍ ഒരാളുമായിരുന്നു . സംഭവബഹുലവും ത്യാഗപൂര്‍ണവുമായ ഒരു ജീവിതത്തിന്‍റെ ഉടമയായിരുന്ന അദ്ദേഹം ശ്രീനാരായണ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി എസ്. എന്‍. ഡി. പി. യിലൂടെ തന്‍റെ പൊതുജീവിതത്തിന് തുടക്കമിട്ടു. പിന്നീട് അദ്ദേഹം കോണ്‍ഗ്രസ്‌ സംഘടനയില്‍ ചേരുകയും ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ സജീവമായ പങ്ക് വഹിക്കുകയും ചെയ്തു, പുന്നപ്രവയലാര്‍ സമരകാലത്ത് നേതൃത്വനിരയില്‍ നിന്നുകൊണ്ടുതന്നെ അദ്ദേഹം ആ സമരത്തെ നയിക്കുകയുണ്ടായി. ദീര്‍ഘമായ ജയില്‍ ജീവിതവും അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സംസ്ഥാന കൌണ്‍സില്‍ അംഗം, സി.പി.ഐ. കണ്‍ട്രോള്‍ കമ്മറ്റിയംഗം, കേരള കര്‍ഷകസംഘം പ്രസിഡന്‍റ് , കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എന്നീ വിവിധ സ്ഥാനങ്ങളില്‍ അദ്ദേഹം ശ്ലാഖനീയമായ സേവനം കാഴ്ചവച്ചു. 1952-ലും 1954-ലും തിരുകൊച്ചി നിയമസഭയിലേക്കും 1957-ല്‍ കേരള നിയമസഭയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.

ചരിത്രം കാലത്തിന്‍റെ വയലില്‍ വിതയ്ക്കപ്പെട്ടവിത്താണ്. അതാണ്‌ വരും കാലങ്ങളായി പുതിയ രൂപഭാവങ്ങളെടുത്ത് മുളച്ചുവരുന്നത്‌. അത് വീണ്ടും ചരിത്രമെന്ന ബീജാവസ്ഥയിലേക്ക്‌ തിരിച്ചു പോകുന്നു. ഇതൊരനസ്യൂത പ്രക്രിയയാണ്. നാമിന്നു ജീവിക്കുന്ന ഈ വര്‍ത്തമാനകാലവും ഒരിക്കല്‍ ചരിത്രമായി മാറും.

കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ആദ്യകാല ചരിത്രം ആരേയും ആവേശം കൊള്ളിക്കാന്‍ പോന്നതാണ്. ഒരിക്കലെങ്കിലും കമ്മ്യൂണിസ്റ്റുകാരനാകാത്ത ആള്‍ ഒരിക്കലും പ്രണയിച്ചിട്ടില്ലാത്ത ഒരു മൊരടന് തുല്യനാണ് എന്ന് ആരോപറഞ്ഞിട്ടുണ്ട്. ഇന്നിപ്പോള്‍ യു. എസ്. ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നടക്കുന്ന സമരങ്ങളുടെ ഉള്ളടക്കം യഥാര്‍ത്ഥത്തില്‍ മുതലാളിത്ത ഭരണ സംവിധാനത്തിന്‍റെ അപര്യാപ്തതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അവിടങ്ങളിലുയര്‍ത്തപ്പെടുന്ന മുദ്രാവാക്യങ്ങളും ഏതാണ്ട് സോഷ്യലിസ്റ്റു സ്വഭാവമുള്ളതാണ്. ഈയ്യിടെ ജര്‍മ്മനിയില്‍ പ്രസിദ്ധീകരിച്ച മാര്‍ക്സിന്‍റെ പുസ്തകങ്ങള്‍ ചൂടപ്പം പോലെയാണത്രേ വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം മാര്‍ക്സിന്‍റെ “മൂലധനം” എന്ന കൃതിയുടെ മലയാള പരിഭാഷ പകുതി വിലയ്ക്ക് എന്ന പരസ്യം കൊടുത്തു കെട്ടിക്കിടന്ന പുസ്തകങ്ങള്‍ എല്ലാം വിപണിയില്‍ ഇറക്കി. വാങ്ങാന്‍ ആളുണ്ടായില്ല. കേരളം വാസ്തവത്തില്‍ എങ്ങോട്ടാണ് പോകുന്നത്. എന്താണ് കേരളത്തിന്‍റെ കുഴപ്പം. ഈ ചോദ്യങ്ങള്‍ക്ക്‌ കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തിലും കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ആദ്യ കാല ചരിത്രത്തിലും ഉത്തരങ്ങള്‍ ഉണ്ട്. ഉണ്ടാകണം. ആ ഉത്തരങ്ങള്‍ കണ്ടെത്താന്‍ ചരിത്രത്തെ വര്‍ത്തമാനകാലവുമായി ചേര്‍ത്ത് പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്. അവിടെ നിരാസത്തിന്‍റെയും നിര്‍മ്മാണത്തിന്‍റെയും സര്‍ഗ്ഗാത്മക വേഴ്ചയും നടക്കണം.

ഈ അര്‍ത്ഥത്തില്‍ ആണ് കേരളത്തിലെ ആദ്യ കാല കമ്മ്യൂണിസ്റ്റ്‌ നേതാക്കളില്‍ ഒരാളായ സി. ജി. സദാശിവന്‍റെ ജീവചരിത്ര രേഖ വളരെ പ്രസക്തമായ ഒന്നായി തീരുന്നത്. ഒരുപാടലച്ചിലും ത്യാഗവും കഷ്ടപ്പാടും പട്ടിണിയും സഹിച്ച്, എന്തിന് ഏതു നിമിഷവും മരണം മുന്നില്‍ കണ്ടുകൊണ്ട് സമൂഹത്തിന്‍റെ മുഴുവന്‍ മോചനത്തിനും ജീവിത വ്യവസ്ഥയ്ക്കും വേണ്ടി ജീവിച്ച ഒരു മനുഷ്യന്‍റെ , തീര്‍ത്തും മുക്തനായ മനുഷ്യന്‍റെ ജീവിതരേഖയാണിത്. വായിച്ചുനോക്കൂ. ഋഷി തുല്യമായ നിസംഗതയുടെ ആള്‍ രൂപമായിരുന്നു ആ മനുഷ്യന്‍. അനീതിക്കെതിരെ, അമാനവികതയ്ക്കെതിരെ എവിടെയും പൊട്ടിത്തെറിച്ച് കത്തിപടരാവുന്ന അഗ്നിശേഖരവും ആ മനുഷ്യന്‍റെ ഹൃദയത്തിലുണ്ടായിരുന്നു. ലാളിത്യം, വിനയം. കുനിയാത്തശിരസ്സ്, വിട്ടുവീഴ്ച്ചയില്ലാത്ത സത്യസന്ധത, നീതിബോധം, അവസാനിക്കാത്ത ജ്ഞാന തൃഷ്ണ, യുക്തിയിലടിയുറച്ച ജീവിതം – ഇതൊക്കെയായിരുന്നു സി. ജി. സദാശിവന്‍ എന്ന് നമുക്ക് കാണാന്‍ കഴിയും

02Biography

കുടുംബവും വിദ്യാഭ്യാസവും

ആലപ്പുഴ ജില്ല, ചേര്‍ത്തല താലൂക്കിലെ പാണാവള്ളിയില്‍ ചിറ്റയില്‍ എന്ന പ്രശസ്ത തറവാട്ടിലാണ് സി. ജി. സദാശിവന്‍ ജനിച്ചത്. അച്ഛന്‍ സി. എസ്. ഗോവിന്ദന്‍ വൈദ്യര്‍. അമ്മ എറണാകുളം ജില്ലയിലെ കുമ്പളങ്ങിയില്‍ അഴകന്തറ കുടുംബത്തിലെ പാര്‍വതി അമ്മ. അവരുടെ ഏഴു മക്കളില്‍ ഏറ്റവും മൂത്ത പുത്രനായിരുന്നു സി. ജി. 1089 കന്നിമാസം ഇരുപത്തിരണ്ടാം തീയതിയാണ് സി. ജി. യുടെ ജനനം. സാമാന്യം കഴിഞ്ഞു കൂടാനുള്ള ഭൂസ്വത്ത് ചിറ്റയില്‍ കുടുംബത്തിനുണ്ടായിരുന്നു.

സി. ജി. യുടെ പിതാവ് ഗോവിന്ദന്‍ വൈദ്യരുടെ ജേഷ്ഠന്‍ സി. കൃഷ്ണനന്‍ വൈദ്യര്‍(പാണാവള്ളി കൃഷ്ണന്‍ വൈദ്യര്‍) അറിയപ്പെടുന്ന പ്രഗത്ഭനായ ആയൂര്‍വേദ വൈദ്യനായിരുന്നു. വാതരോഗ ചികിത്സയ്ക്ക് പ്രാവീണനായി രുന്ന കൃഷ്ണന്‍ വൈദ്യര്‍ ശ്രീനാരായണഗുരുവിന്‍റെ വൈദ്യന്‍ കൂടിയായിരുന്നു. അവസാനകാലത്ത് ഗുരുവിനെ ശുശ്രൂഷിച്ചുകൊണ്ട് അദ്ദേഹം ശിവഗിരിയിലുണ്ടായിരുന്നതായി ഗുരുവിന്‍റെ ജീവചരിത്രങ്ങളിലെല്ലാം പറയുന്നുണ്ട്.

ഇന്ത്യന്‍ ഭരണഘടനാ ശില്പിയും ഇന്ത്യയിലെ പിന്നോക്ക അധ:സ്ഥിത ജനവിഭാഗങ്ങളുടെ സമുന്നത നേതാവുമായിരുന്ന ഡോ. ബി. ആര്‍. അംബേദ്കറുടെ മകന്‍ യശ്വന്ത്‌ ചിറ്റയില്‍ തറവാട്ടില്‍ വന്ന് താമസിച്ച് കൃഷ്ണന്‍ വൈദ്യരുടെ ചികിത്സ സ്വീകരിച്ചിട്ടുണ്ട്.

ഗുരുവിന്‍റെ ഗൃഹസ്ഥ ശിഷ്യരില്‍ പ്രമുഖ സ്ഥാനം ഉണ്ടായിരുന്നവരില്‍ ഒരാളായിരുന്നു കൃഷ്ണന്‍ വൈദ്യര്‍. ഗുരു കൂടെകൂടെ വരികയും ചിറ്റയില്‍ തറവാട്ടില്‍ ദിവസങ്ങളോളം താമസിക്കുകയും ചെയ്തു പോന്നിട്ടുണ്ട്. ഇക്കാലത്താണ് പാണാവള്ളിയിലുള്ള ശ്രീകണ്ടേശ്വരം ക്ഷേത്രത്തില്‍ ഗുരു പ്രതിഷ്ഠ നടത്തിയത്‌. ചിറ്റയില്‍ കുടുംബംവകയായാണ് അന്ന് ക്ഷേത്രം പണികഴിപ്പിച്ചതും പ്രതിഷ്ഠ നടത്തിയതും.

സി. ജി. യുടെ പിതാവ് ഗോവിന്ദന്‍ വൈദ്യര്‍ ഒരു സാത്വികനായിരുന്നു. മനോരോഗ ചികിത്സയിലാണ് പ്രാവീണ്യം നേടിയിരുന്നത്. അദ്ദേഹം ഇന്ന് സൈക്കൊതെറാപ്പിയിലുപയോഗിക്കുന്ന ഹിപ്നോട്ടിസത്തിലും മെസ്മരിസ ഉറക്കുവിദ്യത്തിലും അതിവിദഗ്ധനായിരുന്നു. ഒരുപാട് മനോരോഗികള്‍ ദിവസവും ഗോവിന്ദന്‍ വൈദ്യരുടെ ചികിത്സതേടി വന്നിരുന്നുവത്രേ. ചികിത്സയ്ക്ക് അദ്ദേഹം പ്രതിഫലം വാങ്ങിയിരുന്നില്ല. തികഞ്ഞ പരോപകാരിയും മനുഷ്യ സ്നേഹിയുമായിരുന്നു അദ്ദേഹം.

St. Peter's High School, Kumbalangi

സി. ജി. യുടെ പ്രാഥമിക വിദ്യാഭ്യാസവും ഹൈസ്കൂള്‍ വിദ്യാഭ്യാസവും കുമ്പളങ്ങിയിലാണ് നടന്നത്‌. സെന്‍റ്. ജോര്‍ജ്ജ് എല്‍. പി. സ്ക്കൂളിലും സെന്‍റ്. പീറ്റേഴ്സ് ഹൈസ്ക്കൂളിലുമായിരുന്നു അദ്ദേഹം പഠിച്ചത്. ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണത്തിനു കാരണക്കാരനായ സഖാ: എന്‍. കെ. മാധവന്‍ എല്‍. പി. സ്ക്കൂളില്‍ സി.ജി. യുടെ സതീര്‍ത്ഥ്യനായിരുന്നു. ഇടപ്പള്ളി പോലീസ് സ്റ്റേഷനില്‍ അടച്ചിരുന്ന എന്‍. കെ. മാധവനെ മോചിപ്പിക്കാനാണ് സഖാ: കെ. സി. മാത്യുവിന്‍റെ നേതൃത്വത്തില്‍ 1950 ല്‍ ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമിച്ചത്.

Maharajas College, Ernakulam

ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ്‌ കോളേജില്‍ ഇന്‍റര്‍മീഡിയറ്റിന് ചേര്‍ന്നു. ഇന്‍റര്‍മീഡിയറ്റിന് രണ്ടാം വര്‍ഷമായപ്പോള്‍ നിവര്‍ത്തന പ്രക്ഷോഭത്തില്‍ ആകൃഷ്ടനായി പഠനം ഉപേക്ഷിക്കേണ്ടി വന്നു. സി. ജി. യുടെ സഹോദരി ലക്ഷ്മിയെ വിവാഹം കഴിച്ചിരുന്നത് ചങ്ങനാശ്ശേയിലെ എസ്‌. എന്‍. ഡി. പി. യുടെ നേതാവായ ശ്രീ. വി. മാധവനായിരുന്നു. രണ്ടാമത്തെ സഹോദരി ദാക്ഷായണിയെ പാണാവള്ളിയിലെ പേരെടുത്ത നേത്ര ചികിത്സാ വിദഗ്ധനായിരുന്ന എം. എന്‍. കേശവപ്പണിക്കര്‍ വിവാഹം കഴിച്ചു. സഹോദരനായ നരേന്ദ്രന്‍ വിവാഹം കഴിച്ചിരുന്നില്ല. മറ്റൊരു സഹോദരനായ പാര്‍ത്ഥന്‍ വിവാഹം കഴിച്ചത് മുതുകുളത്തുനിന്നും കുഞ്ഞുലക്ഷ്മിയെയായിരുന്നു. ഏറ്റവും ഇളയ സഹോദരി വിധുമതി ഷൊര്‍ണൂരില്‍ അധ്യാപികയായിരുന്നു. ക്യാന്‍സര്‍ രോഗം ബാധിച്ച് അവര്‍ അകാലചരമമടഞ്ഞു. ഏറ്റവും ഇളയ സഹോദരനായ രമേശന്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ അണ്ടര്‍ സെക്രട്ടറിയായി ജോലിനോക്കിയിരുന്നു. ഏജീസ്‌ ഓഫീസില്‍ ജോലിനോക്കിയിരുന്ന ബേബിയാണ് ശ്രീ. രമേശന്‍റെ സഹധര്‍മ്മിണി. ശ്രീ. രമേശന്‍ 2012 -ല്‍ മരണമടഞ്ഞതോടെ സി. ജി. സദാശിവന്‍റെ സഹോദരന്മാരോ സഹോദരിമാരോ ഇന്ന് ജീവിച്ചിരിപ്പില്ല.

ധര്‍മ്മപുത്രരായി അരങ്ങത്തെത്തി

പ്രസിദ്ധ സാഹിത്യകാരനായ എന്‍. പി. ചെല്ലപ്പന്‍ നായരുടെ ‘പ്രേമവൈചിത്ര്യം’ അഥവാ ‘ശശിധരന്‍ ബി. എ.’ എന്ന നാടകത്തിലും ‘കര്‍ണ്ണന്‍’ എന്ന ഗദ്യ നാടകത്തിലും സി. ജി. അഭിനയിച്ചിട്ടുണ്ട്. അന്ന് നാടകങ്ങളില്‍ പ്രധാന കഥാപാത്രത്തിന്‍റെ റോളില്‍ നല്ലതുപോലെ ശോഭിച്ചിരുന്ന സി. ജി. പ്രഗത്ഭനായ ഒരു നടനായിരുന്നുവെന്നാണ് സി. ജി.യുടെ അക്കാലത്തെ സഹപ്രവര്‍ത്തകനും സുഹൃത്തുമായിരുന്ന വി. കെ. വേലായുധന്‍ (കുഴിക്കാട്, പൂച്ചാക്കല്‍) പറയുന്നത്‌.

പഠിത്തം മതിയാക്കി പാണാവള്ളിയില്‍ സി. ജി. എത്തിയ കാലം മുതല്‍ അടുത്തകൂട്ടുകാരനും സന്തതസഹചാരിയുമായിരുന്നു വി. കെ. വേലായുധന്‍. എല്ലാ പ്രവര്‍ത്തനങ്ങളിലും ഇവര്‍ ഒരുമിച്ചുണ്ടായിരുന്നു. സാമൂഹ്യപ്രവര്‍ത്തനങ്ങളിലും കലാസാംസ്കാരിക രംഗങ്ങളിലും എസ്. എന്‍. ഡി. പി. യോഗപ്രവര്‍ത്തനങ്ങളിലും തുടര്‍ന്ന് സ്റ്റേറ്റ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തനങ്ങളിലും ഇവര്‍ ഒരുമിച്ചായിരുന്നു.

അക്കാലത്ത് സ്റ്റേറ്റ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തനങ്ങള്‍ ശക്തി പ്രാപിച്ചുവന്ന ഒരവസരത്തില്‍ ഐ. എന്‍. ഏ നേതാവ് സുഭാഷ്‌ ചന്ദ്രബോസിന്‍റെ സഹപ്രവര്‍ത്തകയും ഐ. എന്‍. ഏയുടെ ഉപനേതാവായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി ചേര്‍ത്തലയില്‍ വന്നു. അന്ന് അവരുടെ ഒരു ചിത്രം സ്വന്തം രക്തംകൊണ്ട് വരച്ച് ക്യാപ്റ്റന്‍ ലക്ഷ്മിക്ക് പരസ്യമായി സമ്മാനിച്ച ഒരു സാഹസികനാണത്രേ സി. ജി. യുടെ ഈ ഉറ്റമിത്രം. വി. കെ വേലായുധന്‍.

പൂച്ചാക്കല്‍ യംഗ് മെന്‍സ് ലൈബ്രറി

അറിവു നേടാനും അറിഞ്ഞ കാര്യങ്ങള്‍ സംബന്ധിച്ച് കാര്യകാരണ വിചിന്തനം നടത്തുവാനുമുള്ള ഒരു ത്വരയും വാസനയും സി. ജിക്ക്‌ ചെറുപ്പം മുതലേയുണ്ടായിരുന്നു. തനിക്കുമാത്രമല്ല തന്‍റെ കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ലോകകാര്യങ്ങളുള്‍പ്പടെയുള്ള അറിവുകള്‍ ലഭ്യമാക്കണമെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു. പൂച്ചാക്കല്‍ ടൌണില്‍ ഇന്നും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ‘യംഗ് മെന്‍സ്‌ ലൈബ്രറി’ അന്ന് സി. ജിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചതാണ്.

ഈ ലൈബ്രറിയുടെ പ്രഥമ ലൈബ്രേറിയന്‍ സി. ജി യുടെ സഹപ്രവര്‍ത്തകനായ വി.കെ. വേലായുധന്‍ തന്നെയായിരുന്നു. അന്ന് ലൈബ്രറി സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സി. ജി. യോടൊപ്പം ഉണ്ടായിരുന്നവരില്‍ ചിലരെ ഇന്നും വേലായുധന്‍ ഓര്‍ക്കുന്നുണ്ട്. എ. കുമാരന്‍ (പാറേല്‍ ഗോപാലന്‍റെ അനുജന്‍ പണ്ഡിതനും കാഥികനുമായിരുന്ന കെ. വി. വൈദ്യര്‍), ടി. വി. കേശവപിള്ള തുടങ്ങിയവരാണവര്‍

ആദ്യമായി ലൈബ്രറി പരിശോധിക്കാന്‍ ഗ്രന്ഥശാലാ സംഘത്തിന്‍റെ പ്രതിനിധിയായി എത്തിയത്‌ അക്കാലത്ത് പ്രസിദ്ധ പ്രസാധകനും, സഹകാരിയും, സാഹിത്യകാരനുമായിരുന്ന തുറവൂര്‍ മാധവ പൈ ആയിരുന്നു. ലൈബ്രറിയുടെ പുസ്തകശേഖരവും മികച്ച പ്രവര്‍ത്തനവും കണ്ടിട്ട് അദ്ദേഹം യംഗ് മെന്‍സ്‌ ലൈബ്രറിക്ക് അന്ന് നൂറു രൂപ ഗ്രാന്‍ഡ്‌ അനുവദിച്ചു.

സവര്‍ണ്ണ മേധാവിത്വം അവര്‍ണ്ണ ജനവിഭാഗങ്ങളെ നാനതരത്തില്‍ അവഹേളിച്ചും അടിച്ചമര്‍ ത്തിയും കൊണ്ടിരുന്ന കാലം. വഴി നടക്കാനും പള്ളിക്കൂടത്തില്‍ പോകാനും അമ്പലങ്ങളില്‍ കയറാനും അവകാശമില്ലാതിരുന്ന അവര്‍ണ്ണ ജനത സമത്വത്തിനും അവകാശങ്ങള്‍ക്കും വേണ്ടി ഉയര്‍ന്നെഴുനേല്‍ക്കാന്‍ ആരംഭിച്ചകാലം

സവര്‍ണ്ണ ഫ്യുഡല്‍ മേധാവിത്വത്തിനെതിരായുള്ള സമരം

സവര്‍ണ്ണരായ ഫ്യുഡല്‍ പ്രഭുക്കള്‍ക്കെതിരായ പോരാട്ടം അക്കാലത്ത് സജീവമായിരുന്നു. പാണാവള്ളിയുടെ വടക്കന്‍ മേഖലകളില്‍ സവര്‍ണ്ണ ഫ്യുഡല്‍ പ്രഭുക്കള്‍ ആധിപത്യം ഉറപ്പിച്ചിരുന്നു. എന്നാല്‍ പാണാവള്ളിയുടെ തെക്ക്‌ തളിയാപറമ്പ് ക്ഷേത്ര പരിസരം മുതല്‍ അങ്ങോട്ട്‌ സവര്‍ണ്ണര്‍ നന്നെ കുറവായിരുന്നു. ഇവിടുത്തെ മേധാവിത്വം ഈഴവ പ്രമാണിമാരിലുമായിരുന്നു

ശ്രീനാരായണഗുരുവിന്‍റെ ആശീര്‍വാദവും ധന സഹായാദിപ്രോത്സാഹനം കൊണ്ടും മഹാത്മാഗാന്ധിയുടെ സാന്നിദ്ധ്യം കൊണ്ടും, ടി. കെ മാധവനെപ്പോലുള്ളവരുടെ സംഘടനാ പാടവം കൊണ്ടും ലോകമറിഞ്ഞ ഒരു പോരാട്ടമായിരുന്നു വൈക്കം സത്യാഗ്രഹ സമരം. അധ:സ്ഥിതരെന്നു കരുതിപോന്നവരുടെ മനുഷ്യാവകാശ പോരാട്ടത്തിലെ ഒരു നാഴികക്കല്ലായിരുന്നു ആ സമരം. വഴി നടക്കാനുള്ള പ്രാഥമിക മനുഷ്യാവകാശത്തിനുവേണ്ടി നടന്ന ആ പോരാട്ടം വിജയത്തിലെത്തി. വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ സി. ജി. യുടെ തറവാട്ടില്‍ നിന്ന് നൂറ് സമരഭടന്മാരെയാണ് എല്ലാ ചെലവും കൊടുത്ത് പരിശീലിപ്പിച്ചയച്ചത്.

എസ്. എന്‍. ഡി. പി. യിലും സ്റ്റേറ്റ് കോണ്‍ഗ്രസ്സിലും

എസ്. എന്‍. ഡി. പി. യോഗത്തിന്‍റെ പ്രവര്‍ത്തനത്തോടൊപ്പം സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്‍റെ പ്രവര്‍ത്തനങ്ങളിലും സി.ജി. വ്യാപൃതനായിരുന്നു. ചേര്‍ത്തലയില്‍ എസ്. എന്‍. ഡി. പി യുടെ പ്രവര്‍ത്തനം ഉണ്ടായിരുന്നില്ല. പകരം കരപ്പുറം സേവാസംഘം എന്ന ഒരു സംഘടനയാണ് അവിടെ വ്യാപകമായി പ്രവര്‍ത്തിച്ചിരുന്നത്. അന്ന് നടന്ന സംയുക്ത രാഷ്ട്രീയ പ്രക്ഷോഭണത്തില്‍ (നിവര്‍ത്തന പ്രക്ഷോഭണം) സജീവമായി സേവാസംഘം സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു.

നാട്ടുരാജ്യങ്ങളിലും സ്വാതന്ത്ര്യ സമരപ്രക്ഷോഭം ആരംഭിക്കാന്‍ അനുവാദം കിട്ടിയതോടെ തിരുവിതാംകൂറില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സും, കൊച്ചിയില്‍ പ്രജാമണ്ഡലവും ആരംഭിച്ച് പ്രക്ഷോഭരംഗത്തേക്ക് വരുകയുണ്ടായി.

1114 -ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്‌ ഉത്തരവാദഭരണത്തിനുവേണ്ടി സമരം ആരംഭിച്ചു. പട്ടം താണുപിള്ള ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ്‌ നേതാക്കളെ സര്‍ക്കാര്‍ അറസ്റ്റു ചെയ്തു ജയിലിലടച്ചു. ഇതില്‍ പ്രതിക്ഷേധിച്ച് പാണാവള്ളിയില്‍ നിന്നും കോണ്‍ഗ്രസ്കാരുടെ ഒരു പ്രതിക്ഷേധ പ്രകടനം ചേര്‍ത്തലയിലേക്ക്‌ പോയി. ഈ പ്രതിഷേധ പ്രകടനത്തിന്‍റെ പ്രമുഖ സംഘാടകനും നേതാവും സി. ജിയായിരുന്നു.

സി. ജി. സദാശിവന്‍ എസ്. എന്‍. ഡി. പി.യുടെ താലൂക്ക്‌ കൌണ്‍സില്‍ മെമ്പറും ശാഖാ സെക്രട്ടറിയും ആയിരുന്നകാലത്ത്‌ പാണാവള്ളിയില്‍ വച്ച് എസ്. എന്‍. ഡി. പി. യോഗത്തിന്‍റെ ഒരു സംസ്ഥാന വാര്‍ഷിക സമ്മേളനം നടത്തി. അതിന്‍റെയും മുഖ്യ സംഘാടകന്‍ സി. ജി. ആയിരുന്നു.

ആര്‍. സുഗതനുമായുള്ള ബന്ധം സി. ജിയെ കമ്മ്യൂണിസ്റ്റാക്കി

R. Sugathan

അക്കാലത്ത്‌ പൂച്ചാക്കലും സമീപപ്രദേശമായ തൈക്കാട്ടുശേരിയിലുമൊക്കെ കയര്‍ ഫാക്ടറികള്‍ ഉണ്ടായിരുന്നു. എന്നാല്‍ തൊഴിലാളി സംഘടനകള്‍ വ്യാപിച്ചിരുന്നില്ല. ഈ അവസരത്തില്‍ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനവുമായി ആലപ്പുഴയില്‍ നിന്നും ആര്‍. സുഗുതന്‍ സാര്‍ പൂച്ചാക്കലെത്തി. പാണാവള്ളിക്ക് തൊട്ടടുത്താണ് പൂച്ചാക്കല്‍. ഇവിടെയെത്തിയ സുഗുതന്‍ സാര്‍ സഹായിയായി സി. ജി യെയാണ് കണ്ടെത്തിയത്‌. തുടര്‍ന്ന് തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായ സി. ജി. യെ അതുവഴി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലേക്ക്‌ നയിച്ചതും സുഗുതന്‍ സാറായിരുന്നു.

ചേര്‍ത്തല കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍റെ വൈസ്‌ പ്രസിഡന്‍റായി സി. ജിയെ തിരഞ്ഞെടുത്തു. പില്‍ക്കാലത്ത്‌ സി. ജിയോടൊപ്പം തിരുകൊച്ചി അസംബ്ലിയില്‍ മെമ്പറായിരുന്ന പരേതനായ പി. വി. അവിരാ തരകനായിരുന്നു പ്രസിഡന്‍റ്

യുദ്ധക്കെടുതികള്‍ നേരിടാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍

യുദ്ധാരംഭത്തെ തുടര്‍ന്ന് തൊഴിലില്ലായ്മയും, പട്ടിണിയും, ദാരിദ്ര്യവും, നാടിനെയാകെ ഗ്രസിച്ചു. യുദ്ധാരംഭത്തിനു മുന്‍പുതന്നെ സ്റ്റേറ്റ് കോണ്‍ഗ്രസിന്‍റെ ചേര്‍ത്തല താലൂക്ക് കമ്മിറ്റി രൂപീകരിക്കപ്പെട്ടു. കെ. കെ. കുഞ്ചുപിള്ള (എന്‍. ശ്രീകണ്ഠന്‍നായരുടെ ഭാര്യാപിതാവ്), സി. ജി. സദാശിവന്‍, ഗോവിന്ദന്‍ വക്കീല്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് സ്റ്റേറ്റ് കോണ്‍ഗ്രസ്‌ താലൂക്ക്‌ കമ്മിറ്റി 1938–ല്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. പി. വി. അവിരാതരകനായിരുന്നു കമ്മിറ്റിയുടെ പ്രസിഡന്‍റ്. സെക്രട്ടറി ഗോവിന്ദന്‍ വക്കീലുമായിരുന്നു. സി. ജിക്ക്‌ സമുന്നതമായ പങ്കും സ്ഥാനവും ആ കമ്മിറ്റിയുടെ പ്രവര്‍ത്തനത്തില്‍ ഉടനീളമുണ്ടായിരുന്നു.

സ്റ്റേറ്റ് കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങള്‍ താലൂക്കില്‍ എല്ലാ വില്ലേജുകളിലേക്കും വ്യാപിച്ചു. ഈ പ്രവര്‍ത്തനങ്ങളില്‍ എല്ലായിടത്തും തുണയായിരുന്നത് കയര്‍ ഫാക്ടറി തൊഴിലാളികളായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്‍റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അടിസ്ഥാ നമായിരുന്നത് എസ്. എന്‍. ഡി. പി. യോഗവും അതിന്‍റെ ശാഖകളുമായിരുന്നു

1114- ലെ നിയമലംഘന സമരത്തെ തുടര്‍ന്ന് രാജ്യത്താകെ മന്ദീഭവിച്ചുപോയ സ്റ്റേറ്റ് കോണ്‍ഗ്രസിന്‍റെയും ഒപ്പം സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന്‍റെയും ഉയര്‍ന്നെഴുന്നേല്‍പ്പാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെ സംഭവിച്ചത്.

സി. ജി. സദാശിവന്‍ പത്തോ പതിനാലോ ചക്രം മോഷ്ട്ടിച്ചുവെന്നാരോപിച്ച് കള്ളക്കേസ്സില്‍ അറസ്റ്റ് ചെയ്ത് ലോക്കപ്പിലടച്ച ഒരു സംഭവം ഉണ്ടായിട്ടുണ്ട് (അന്ന് തിരുവിതാംകൂറിലെ നാണയം ചക്രമായിരുന്നു, നാല് ചക്രം കൂടിയാല്‍ ഒരു പണവും, ഇരുപത്തിയെട്ടു ചക്രം ചേര്‍ന്നാല്‍ ഒരു സര്‍ക്കാര്‍ രൂപയും ആകുമെന്നായിരുന്നു കണക്ക്‌)

ഒരു ബലാത്സംഗക്കേസ്സിലും സി.ജി.യെ ഭരണകൂടം അകപ്പെടുത്തുകയുണ്ടായി. ചേര്‍ത്തല പുത്തനങ്ങാടിയില്‍ തൂപ്പുകാരിയായിരുന്ന മറിയയെ സി. ജി. ബലാത്സംഗം ചെയ്തു എന്നായിരുന്നു പ്രമാദമായ ആ കേസ്സ്. 1115–ല്‍ ആയിരുന്നു ഇത്.

ചേര്‍ത്തല മജിസ്‌ട്രേറ്റു കോടതിയില്‍ ഈ ബലാത്സംഗക്കേസില്‍ സി. ജി.ക്കുവേണ്ടി വാദിക്കാന്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്‍റെ സമുന്നതനായ നേതാവും പ്രഗത്ഭ അഭിഭാഷകനുമായിരുന്ന ടി. എം. വര്‍ഗ്ഗീസും, പില്‍ക്കാലത്ത്‌ ലോക പ്രസിദ്ധ സാഹിത്യകാരനായി അറിയപ്പെട്ട തകഴി ശിവശങ്കര പിള്ളയുമാണ് എത്തിയത്. രണ്ടു കൊല്ലത്തോളം ദീര്‍ഘിച്ച ഈ കേസ്സിന്‍റെ ഒടുവില്‍ കോടതി സി. ജി. യെ കുറ്റവിമുക്തനാക്കുകയായിരുന്നു.

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലേക്ക്

എസ്. എന്‍. ഡി. പി. യോഗം പ്രവര്‍ത്തനങ്ങളോടൊപ്പം സ്റ്റേറ്റ് കോണ്‍ഗ്രസിന്‍റെ നേതൃത്വവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ജനമധ്യത്തില്‍ സി.ജി. യുടെ നിലയും വിലയും വളരെ ഉയര്‍ത്തി. ഒരു ജനകീയ നേതാവെന്ന നിലയില്‍ സി. ജി. അത്യധികം ആരാദ്ധ്യനായി തീര്‍ന്നു

ഈ പ്രവര്‍ത്തങ്ങളോടൊപ്പം തന്നെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് സി. ജി. പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

സി. ജി. ക്ക്‌ പി. കൃഷ്ണപിള്ളയുടെ കത്ത്‌

P. Krishna Pillai

സി. ജി. യുടെ കമ്മ്യൂണിസ്റ്റ്‌ ആഭിമുഖ്യം ശക്തിപ്പെട്ടുവന്ന സന്ദര്‍ഭത്തില്‍ അവിചാരിതമായി സഖാവ് പി. കൃഷ്ണപിള്ളയുടെ ഒരു കത്ത് ലഭിച്ചു.

നാഗര്‍കോവില്‍ ജയിലില്‍ തടവുകാരനായി കിടക്കുമ്പോള്‍ വാര്‍ഡന്‍ വഴി പുസ്തക കൈമാറ്റം നടത്തി പരസ്പരം കാണാതെ പ്രേമബദ്ധരായവരാണ് സഖാവ് പി. കൃഷ്ണപിള്ളയും തങ്കമ്മയും. ഈ തങ്കമ്മയെയാണ് പി. കൃഷ്ണപിള്ള പിന്നീട് വിവാഹം ചെയ്തത്.

ഒരു ദിവസം തങ്കമ്മ ജയിലില്‍ കൃഷ്ണപിള്ളക്ക് വായിക്കാന്‍ കൊടുത്തുവിട്ട പുസ്തകം വായിച്ചുകഴിഞ്ഞ് തിരിച്ചു കിട്ടി. തങ്കമ്മ തുറന്നു നോക്കിയപ്പോള്‍ നാലഞ്ചു കത്തുകളും അത്രയും അഡ്രസ്സും തങ്കമ്മയ്ക്കു ലഭിച്ചു. ഇത്രയും കത്തുകള്‍ അഞ്ചാറു കവറുകള്‍ വാങ്ങി അഡ്രസ്സുകാര്‍ക്ക് അയച്ചുകൊടുക്കണമെന്ന കൃഷ്ണപിള്ളയുടെ ഒരു നിര്‍ദ്ദേശവുമുണ്ടായിരുന്നു.

ഇങ്ങനെ ലഭിച്ച ഒരു കത്തിന്‍റെ അഡ്രസ്സുകാരി പാണാവള്ളിയില്‍ ചിറ്റയില്‍ ശ്രീമതി. ചന്ദ്രമതിയായിരുന്നു. ഇവര്‍ സി. ജി. സദാശിവന്‍റെ ഇളയ സഹോദരിയായിരുന്നു. ഈ കത്ത് സി. ജി.ക്ക് ഉള്ളതായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 1940 ആദ്യമാണ് ഈ സംഭവം.

തിരുവിതാംകൂറില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ കാലം മുതല്‍ തന്നെ (1114 മുതല്‍) സി. ജി. പാര്‍ട്ടിയുമായി ബന്ധപ്പെട്ടിരുന്നു എന്ന് ഇതു വ്യക്തമാക്കുന്നു.

അന്ന് തിരുവിതാംകൂറില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം വഹിച്ചിരുന്നവരില്‍ ഒരാളായ സഖാവ് സി. ഓ. മാത്യുവാണ് സി. ജി. യെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഒരു സെല്ലില്‍ അംഗമാക്കുന്നത്.

സി. കെ. കുമാരപണിക്കരെ ജനനേതൃത്വത്തിലെത്തിച്ചു

സ്റ്റേറ്റ് കോണ്‍ഗ്രസ്‌ നേതാവായി അറിയപ്പെടുകയും ഒപ്പം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ ത്തകനാവുകയും ട്രേഡ് യൂണിയന്‍ ബഹുജന സംഘടനകളുടെ സംഘാടകനാവുകയും ചെയ്തു ഒരേ സമയം അസാമാന്യമായ കഴിവാണ് സി. ജി. പ്രദര്‍ശിപ്പിച്ചത് .

ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു നിന്ന സി. കെ. കുമാരപ്പണിക്കരെ സി. ജി. ആകര്‍ഷിച്ച് തന്‍റെ ഒപ്പം കൂട്ടുകയും തുടര്‍ന്ന് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനമേഖലകളിലേക്ക് ഉയര്‍ത്തുകയും ചെയ്തു. ഇതോടെ സി. കെ കുമാരപണിക്കര്‍ ഒരു സമാരാധ്യജനനേതാവായി ഉയരുകയും ചെയ്തു.

1116 -ല്‍ നടന്ന ചേര്‍ത്തല കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ വാര്‍ഷിക സ്വാഗത സംഘം പ്രസിഡന്‍റായി സി. കെ. കുമാരപ്പണിക്കരെ നിശ്ചയിച്ചു. തുടര്‍ന്ന് പട്ടണക്കാട് വച്ച് നടന്ന വാര്‍ഷിക പൊതുയോഗം പണിക്കരെ യൂണിയന്‍റെ പ്രസിഡന്‍റായി തിരഞ്ഞെടുത്തു. സി. കെ. കുമാരപണിക്കര്‍ പ്രസിഡന്‍റും, സി. കെ. ഭാസ്കരന്‍ ജനറല്‍ സെക്രട്ടറിയുമായുള്ള പ്രവര്‍ത്തനം തൊഴിലാളി മേഖലകളിലാകെ അഭൂതപൂര്‍വമായ ഉണര്‍വാണ് ഉണ്ടാക്കിയത്. മറ്റു ജനവിഭാഗങ്ങളിലും തൊഴിലാളി വര്‍ഗത്തിന് അംഗീകാരവും സ്വാധീനവും ലഭിക്കാന്‍ ഇവരുടെ പ്രവര്‍ത്തനം കൊണ്ട് സാധിച്ചു. 1958 -ല്‍ മരിക്കുന്നതുവരെ ചേര്‍ത്തല കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍റെ പ്രസിഡന്‍റ് സി. കെ. കുമാരപണിക്കരായിരുന്നു. 1952 -ല്‍ തിരുകൊച്ചി അസംബ്ലിയിലേക്ക്‌ നടന്ന പ്രഥമ തെരഞ്ഞെടുപ്പില്‍ സി. ജി. യോടൊപ്പം സി. കെ. കുമാരപണിക്കരും വിജയിച്ചു. ഇവരൊരുമിച്ച് എം. എല്‍. എ ആയതോടെ ജയില്‍ വിമോചിതരാവുകയായിരുന്നു. ജയിലില്‍ കഴിയുമ്പോഴാണ് ഇരുവരേയും ജനങ്ങള്‍ അസംബ്ളിയിലേക്ക്‌ തെരഞ്ഞെടുത്തത്‌

കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍റെ പ്രവര്‍ത്തനം കരുത്തുറ്റ പുതിയ നേതൃത്വത്തിലേക്ക്‌ ഏല്‍പ്പിച്ചുകൊടുത്തതിനു ശേഷം സി. ജി. പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരം തന്‍റെ പ്രവര്‍ത്തന മേഖല കോട്ടയം ജില്ലയിലേക്ക് മാറ്റി.

കോട്ടയം ടൌണിനു പടിഞ്ഞാറുഭാഗത്തായി കാരാപ്പുഴ, കിളിരൂര്‍ എന്നിവിടങ്ങളില്‍ ചെത്തുതൊഴിലാളി യൂണിയനുകളും, കുട്ടനാട് മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന കുമരകം, തിരുവാര്‍പ്പ്, കിളിരൂര്‍, വാഴാപ്പുഴ, ഐമനം തുടങ്ങിയ പ്രദേശങ്ങളില്‍ കര്‍ഷക തൊഴിലാളി യൂണിയനുകളും സി. ജി. യുടെയും മറ്റും പ്രവര്‍ത്തനഫലമായി ഉയര്‍ന്നു വരികയുണ്ടായി.

വിവിധ വിഭാഗം തൊഴിലാളികളെ ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടായും കണ്ട് സംസാരിച്ച് സംഘടനകളിലേക്ക് കൊണ്ടുവരുന്നതിനുള്ള തീവ്രയത്നമാണ് സി. ജിയും സഖാക്കളും നടത്തിയത്. ആളുകളെ മനസ്സിലാക്കാനും അവരുടെ ജീവിത പ്രശ്നങ്ങള്‍ തൊട്ടറിയാനും സി. ജി. ക്കുണ്ടായിരുന്ന മിടുക്ക് ഒന്ന് വേറെ തന്നെയായിരുന്നു. പ്രവര്‍ത്തകരെ (കേഡര്‍മാരെ) കണ്ടെത്തി ചുമതലകള്‍ ഏല്‍പ്പിക്കുന്നതില്‍ സി. ജിക്ക്‌ പ്രത്യേക പ്രാഗത്ഭ്യമുണ്ടായിരുന്നു. അദ്ധ്വാനിക്കുന്നവരെ അടിച്ചമര്‍ത്തുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന മുതലാളിത്ത വ്യവസ്ഥയാണ് എല്ലാ കെടുതികള്‍ക്കും കാരണം. ഈ മുതലാളിത്ത വ്യവസ്ഥ പോകണം പകരം ഒരു സോഷ്യലിസ്റ്റ്‌ വ്യവസ്ഥ ഉയര്‍ന്നു വരണം ഈ ആശയമാണ് തന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനമായിരുന്നതും പ്രചരിപ്പിച്ചിരുന്നതും.

സി. ജി. യുടെ കൂടെ അന്ന് കോട്ടയത്ത് പ്രശസ്ത നാടകകൃത്തും സാഹിത്യനിരൂപകനും ബുദ്ധിജീവിയുമായിരുന്ന സി. ജെ തോമസ്സും പില്കാലത്ത് പ്രമുഖ പുസ്തക പ്രസാധകനും എഴുത്തുകാരനുമായിത്തീര്‍ന്ന ഡി. സി. കിഴക്കേമുറിയും പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നു.

സി. ജി. യുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി അക്കാലത്തെ പ്രവര്‍ത്തകരില്‍ ജീവിച്ചിരിക്കുന്നവര്‍ ഇന്നും ആവേശത്തോടെയാണ് സ്മരിക്കുന്നത്.

തിരുവിതാംകൂറില്‍ 1119 -ല്‍ നടന്ന തെരഞ്ഞെടുപ്പ്‌

തെരഞ്ഞെടുപ്പ് കാലത്ത് അമ്പലപ്പുഴ – ചേര്‍ത്തല മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നത് എച്ച്. വി. റാവുത്തര്‍ എന്നയാളായിരുന്നു. റാവുത്തര്‍ക്കുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പാണാവള്ളി പ്രദേശത്ത് ഹാസ്യ സാഹിത്യകാരനായ ഈ. വി. കൃഷ്ണപിള്ള എത്തിയിരുന്നു. ഈ. വി. യുടെ നേതൃത്വത്തില്‍ അന്ന് നടന്ന പ്രചരണം അതീവ രസകരവും കൂടിയായിരുന്നു. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരം അക്കാലത്ത് വീണ്ടും ചേര്‍ത്തലയിലേക്ക് തന്‍റെ പ്രവര്‍ത്തനം സി. ജി. മാറ്റുകയുണ്ടായി.

സാഹചര്യം രൂപപ്പെടുത്തിയ പുന്നപ്ര – വയലാര്‍

Vayalar Martyr Memorial

തൊഴിലാളിവര്‍ഗ്ഗ സംഘടനകള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അവകാശ സമരങ്ങളുമായി മുന്നേറിയത്‌ ജന്മി മാടമ്പിമാരേയും, മുതലാളിമാരെയും ക്ഷോഭിപ്പിച്ചു. സര്‍. സി. പി. രാമസ്വാമി അയ്യരുടെ അനുഗ്രഹാശിസ്സുകളോടെ നാട്ടിലാകെ ജന്മിമാര്‍ കര്‍ഷകത്തൊഴിലാളികളേയും, കുടികിടപ്പുകാരെയും, ഗുണ്ടകളെ വിട്ട് മര്‍ദ്ദിക്കാനും അടിച്ചമര്‍ത്താനും തുടങ്ങി. കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന്‍, കര്‍ഷകതൊഴിലാളി യൂണിയന്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ ജന്മിമാരുടെയും മുതലാളിമാരുടെയും ഗുണ്ടായിസത്തേയും നീചമായ മറ്റു പ്രവര്‍ത്തനങ്ങളേയും നേരിടാനും തയ്യാറായി.

കട്ടികാട്ട് ശിവരാമപണിക്കരെന്ന മാടമ്പിയുടെ നടത്തുകാരനായ നാലുകെട്ടുങ്കല്‍ രാമന്‍റെ മരണം ഈ സന്ദര്‍ഭത്തിലാണുണ്ടാകുന്നത്. ഒരു കര്‍ഷകതൊഴിലാളിയെ ജന്മിയുടെ വീട്ടുമുറ്റത്ത് തെങ്ങില്‍ കെട്ടിയിട്ടു ജന്മിയുടെ ഈ നടത്തിപ്പുകാരന്‍ മര്‍ദ്ദിച്ചു. ഇതറിഞ്ഞ തൊഴിലാളി പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തി നാലുകെട്ടുങ്കല്‍ രാമനെ തിരിച്ചടിച്ചു. അയാള്‍ മരിച്ചുപോയി.

ഇതോടെ റിസര്‍വ്വ് പോലീസ് ജന്മി മാടമ്പിമാരുടെ വീടുകള്‍ കേന്ദ്രമാക്കി ക്യാമ്പുകള്‍ തുറന്നു. ജന്മിമാരുടെ ഗുണ്ടാപ്പട സായുധരായി പൊതുനിരത്തുകളില്‍ പ്രകടനങ്ങള്‍ നടത്തി. പോലീസിന്‍റെ അകമ്പടിയോടെയായിരുന്നു ഇത്. ഭീതിതമായ ഈ സന്ദര്‍ഭത്തില്‍ സംഘടിത തൊഴിലാളികളും പകരം പ്രകടനങ്ങള്‍ സംഘടിപ്പിച്ചു.

അവകാശബോധം ഉള്ളിലുണര്‍ന്നവരെങ്കിലും ജീവരക്ഷയ്ക്ക് മാര്‍ഗം തേടിയ തൊഴിലാളികളെ ക്യാമ്പുകളില്‍ പാര്‍പ്പിച്ച് സംരക്ഷിക്കാന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതൃത്വം സന്നദ്ധമായി. ജന്മി – ഗുണ്ടാ മര്‍ദ്ദനങ്ങള്‍ക്കും അവരുടെ തേര്‍വാഴ്ച്ചക്കുമെതിരായി ജീവരക്ഷാര്‍ത്ഥം ആയുധമെടുത്ത്‌ പോരാട്ടത്തിനിറങ്ങുക യാണ് ക്യാമ്പുകളില്‍ കേന്ദ്രീകരിച്ചതൊഴിലാളികള്‍ ചെയ്തത്. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളും ഇതിനു വലിയ പ്രേരണയായിരുന്നു.

തിരുവിതാംകൂറില്‍ ഉയര്‍ന്നുവന്ന ഉത്തരവാദിത്വ ഭരണം എന്ന ആവശ്യത്തെ തടയാനും, ജനകീയ പ്രക്ഷോഭണം അടിച്ചമര്‍ത്താനും സര്‍. സി. പി. പല ഉപായങ്ങളും പ്രയോഗിച്ചു. ഇതിന്‍റെ ഭാഗമായി സ്വതന്ത്രതിരുവിതാംകൂറും അമേരിക്കന്‍ മോഡല്‍ ഭരണവ്യവസ്ഥയും അദ്ദേഹം പ്രഖ്യാപിച്ചു.

‘അമേരിക്കന്‍ മോഡല്‍ ഭരണ വ്യവസ്ഥ നമുക്കൊന്ന് രുചിച്ചു നോക്കാം’ എന്നാണു പട്ടം താണുപിള്ള അന്ന് പ്രസ്താവിച്ചത്. ഈ നിലപാടിനെതിരെ കോണ്‍ഗ്രസ്സിലെ ഇടതുപക്ഷം സി. കേശവന്‍റെയും, കുമ്പളത്ത് ശങ്കുപിള്ളയുടെയും മറ്റും നേതൃത്വത്തില്‍ മുന്നോട്ടുവന്നു. ഇവര്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാക്കളുമായി ബന്ധപ്പെട്ടു. ഉത്തരവാദിത്വ ഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭം തൊഴിലാളിവര്‍ഗത്തിന്‍റെ നേതൃത്വത്തില്‍ മുന്നോട്ടുപോകണമെന്നു താല്പര്യപ്പെടുകയും അതിനു തങ്ങളുടെ പൂര്‍ണമായ പിന്തുണ അവര്‍ അറിയിക്കുകയും ചെയ്തു.

പുന്നപ്രയില്‍ പട്ടാളക്യാമ്പ് ആക്രമണം ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവിന്‍റെ ജന്മദിന ആഘോഷദിനത്തില്‍ (1112 തുലാം ഏഴാം തീയതി) നടന്നു. തുടര്‍ന്ന് തുലാം പത്താം തീയതി വയലാറില്‍ വെടിവയ്പ്പും ഉണ്ടായി. ഇതിനിടയില്‍ മാരാരിക്കുളത്ത് ജനങ്ങള്‍ പാലം പൊളിക്കുകയും അവിടെ വെടി വെയ്പ്പ് നടക്കുകയും ചെയ്തു. വയലാറിലേക്ക് പട്ടാളവണ്ടി വരുന്നത് തടയുന്നതിന് വേണ്ടിയാണ് തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് പാലം പൊളിച്ചത്. വയലാറില്‍ പിന്നീട് പട്ടാളമെത്തിയത് ഓര്‍ക്കാപുറത്താണ് ബോട്ടുവഴി. വയലാറില്‍ മൂന്നിടത്താണ് വെടിവെയ്പ്പ് നടന്നത്‌.

മഹത്തായ ഈ സ്വാതന്ത്ര്യസമരപോരാട്ടത്തിന്‍റെ മുന്നണിയില്‍ നിന്ന നേതാക്കളില്‍ പ്രമുഖന്മാരില്‍ ഒരാളായിരുന്നു സി. ജി. സദാശിവന്‍. പുന്നപ്ര വയലാര്‍ സമരത്തെ നയിച്ച കേന്ദ്ര ആക്ഷന്‍ കമ്മിറ്റിയില്‍ സി. ജിയും ഉണ്ടായിരുന്നു. ആക്ഷന്‍ കമ്മിറ്റിയിലെ മറ്റു മെമ്പറന്മാര്‍ സഖാക്കള്‍ കെ. സി. ജോര്‍ജ്ജ്, കെ. വി. പത്രോസ്, പി. ടി. പുന്നൂസ്‌, കെ. കെ. കുഞ്ഞന്‍, പി. ജി. പത്മനാഭന്‍ തുടങ്ങിയവരായിരുന്നു.

അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളില്‍ സമരത്തിന്‍റെ കാറ്റ്‌ വീശാന്‍ തുടങ്ങുമ്പോള്‍ തന്നെ ആലപ്പുഴയില്‍ സ: ആര്‍. സുഗതനും, ചേര്‍ത്തലയില്‍ സി. ജി. സദാശിവനും ദിവാന്‍ ഭരണം അറസ്റ്റു വാറണ്ടു പുറപ്പെടുവിച്ചു. 1122 ചിങ്ങമാസത്തിലായിരുന്നു വാറണ്ട് വന്നത്. പുന്നപ്ര വയലാര്‍ സമരത്തിന്‍റെ മുന്നോടിയായി ആദ്യം അറസ്റ്റു വാറണ്ട് വന്നത് ഇവര്‍ക്ക് രണ്ടു പേര്‍ക്കുമെതിരായിട്ടായിരുന്നു. സുഗതന്‍ സാറിനെ അറസ്റ്റുചെയ്തു. എന്നാല്‍ സി. ജി. പാര്‍ട്ടിയുടെ നിര്‍ദ്ദേശമനുസരിച്ച് പിടികൊടുക്കാതെ അണ്ടര്‍ഗ്രൌണ്ടില്‍ പോയി.

സ്റ്റേറ്റ് കോണ്‍ഗ്രസ്‌ 1114-ലെ നിയമ നിഷേധ സമരത്തെ തുടര്‍ന്ന് ഏറെക്കുറെ പിന്നോട്ട് പോവുകയും തളര്‍ന്ന നിലയില്‍ ആകുകയും ചെയ്തപ്പോള്‍ സി. ജി. യും സഹപ്രവര്‍ത്തകരും സി. കേശവന്‍റെ നേതൃത്വത്തില്‍ യൂത്ത്‌ ലീഗ് സംഘടിപ്പിച്ച് കോണ്‍ഗ്രസിനെ സമരരംഗത്ത് സജീവമായി നിര്‍ത്താനുള്ള പരിശ്രമത്തില്‍ ഏര്‍പ്പെടുകയുണ്ടായി.

യൂത്ത്‌ലീഗിന്‍റെ പ്രഥമ സമ്മേളനം ചേര്‍ത്തലയില്‍ വേളോര്‍വട്ടം പ്രദേശത്തുത്തുവച്ച് സി. കേശവന്‍റെ അധ്യക്ഷതയിലാണ് കൂടിയത്. ഏ. പി. ഉദയഭാനുവായിരുന്നു സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഈ യൂത്ത്‌ ലീഗിന്‍റെ സംഘടിത പരിശ്രമത്തിന്‍റെ ഫലമായാണ് ചങ്ങനാശ്ശേരി സമ്മേളനത്തില്‍ വച്ച് വി. കെ. വേലായുധനെ മാറ്റി പകരം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായിരുന്ന ആര്‍. ശങ്കറെ എസ്. എന്‍. ഡി. പി. യോഗം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഈ യൂത്ത്‌ ലീഗിന്‍റെ സെക്രട്ടറി സി. ജി. യായിരുന്നു. സി. കേശവന്‍ പ്രസിഡന്‍റും, ഏ. പി. ഉദയഭാനു വൈസ്‌ പ്രസിഡന്‍റുമായിരുന്നു.

ഒളിവില്‍ പോയി സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സി. ജി.ക്ക് സര്‍. സി. പിയുടെ പോലീസിന്‍റെയും ജന്മിമാരുടെ ഗുണ്ടകളുടെയും മുന്നില്‍പ്പെടാതെ പ്രവര്‍ത്തിക്കാന്‍ വലിയ ക്ലേശങ്ങള്‍ സഹിക്കേണ്ടിവന്നിരുന്നു.

ഇതൊക്കെയാണെങ്കിലും ചേര്‍ത്തലയില്‍ സി. പി. യുടെ ചില പോലീസുകാരും സി. ജി.ക്ക് തുണയായ അനുഭവവും ഉണ്ടായിട്ടുണ്ട്. ഒളിവില്‍ നടന്നു പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന സി. ജി. നാടാകെ എത്തുമായിരുന്നു. ജനങ്ങള്‍ക്ക് പൊതുവെ അംഗീകാരവും, വലിയ ആദരവുമുള്ള ജനനേതാവുമായിരുന്നു സി. ജി. അതിനാല്‍ ഒളിവിലാണെങ്കിലും പകല്‍ വെളിച്ചത്തും അത്യാവശ്യം സഞ്ചരിക്കാന്‍ സി. ജി. മടിച്ചിരുന്നില്ല.

അക്കാലത്ത്‌ ചേര്‍ത്തല പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ഒരു കോശിയായിരുന്നു. സി. ജിയെ അറസ്റ്റ് ചെയ്യാന്‍ വാറണ്ട് വന്നപ്പോള്‍ അത് ലഭിച്ചത് കോശി ഇന്‍സ്പെക്ടറുടെ കൈവശമായിരുന്നു. ഇന്‍സ്പെക്ടര്‍ ഒട്ടും വൈകാതെ സി. കെ. കുമാരപണിക്കരെ അറിയിച്ചു. “സി. ജി. ക്ക് വാറണ്ട് വന്നിട്ടുണ്ട്. വാറണ്ട് പോലീസ്കാരുടെ പക്കല്‍ കൊടുത്തുവിടില്ല; ഞാനൊട്ടു അറസ്റ്റു ചെയ്യുകയുമില്ല. പോലീസ് സ്റ്റേഷന്‍റെ മുന്നിലൂടെ സി. ജി. നടന്നേക്കരുത്…” എന്നായിരുന്നു കുമാരപ്പണിക്കര്‍ക്ക് ലഭിച്ച ഇന്‍സ്പെക്ടറുടെ സന്ദേശം.

വയലാര്‍ വെടിവയ്പിനു ശേഷം രണ്ടു മൂന്ന് ദിവസം കഴിഞ്ഞു സി. ജി. ഒരു വഞ്ചിയില്‍ ചങ്ങനാശ്ശേരിയില്‍ കുറിച്ചിയിലേക്ക് പോവുകയാണുണ്ടായത്. ആദ്യം കൈനകരിയിലിറങ്ങി അവിടെ നിന്നും മറ്റൊരു വള്ളത്തില്‍ കുറിച്ചിയിലെത്തുകയായിരുന്നു. കെ. വി. പത്രോസും, കെ. കെ. കുഞ്ഞനും ഈ സമയം മലബാറിലേക്കാണ് പോയത്. പി. ജി. പത്മനാഭാനാകട്ടെ തന്‍റെ വീട്ടിലേക്കാണ് തിരിച്ചത്.

സി. ജി. ചങ്ങനാശേരിയില്‍ സഹോദരിലക്ഷ്മിയെ വിവാഹം ചെയ്തിരുന്ന വീടുമായി ബന്ധപ്പെട്ട് കുറച്ചുനാള്‍ ഒളിവില്‍ കഴിഞ്ഞു. ചങ്ങനാശ്ശേരിയില്‍ ഇരുന്ന് കോഴിക്കോടുള്ള കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി സെന്‍ററുമായി ബന്ധം വച്ചു. പിന്നീട് സി. ജി. യും കോഴിക്കോട്ടേക്കുപോയി. കോഴിക്കോട്ട് എത്തിയ സി. ജി. അവിടെ കെ. വി. പത്രോസുമൊത്ത് ഒരേ ക്യാമ്പിലായിരുന്നു കഴിഞ്ഞത്. ഇക്കാലത്ത് തിരുവിതാംകൂറില്‍ നിരവധി നിയമവിരുദ്ധമായി ഇറങ്ങിയ ലഘുലേഖകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഈ ലഘുലേഖകള്‍ സര്‍ക്കാരിനെ അമ്പരപ്പിക്കുകയും നാട്ടുകാരില്‍ സമാശ്വാസവും ആവേശവും പകരുകയും ചെയ്തവയായിരുന്നു.

ഈ ലഘുലേഖകളെല്ലാം കെ. വി. പത്രോസുമായി ചര്‍ച്ചചെയ്ത് സി. ജി. എഴുതിയതായിരുന്നു. നിരന്തരം പുറത്തവന്നുകൊണ്ടിരുന്ന ലഘുലേഖകള്‍ വെടിവയ് പ്പിനുശേഷം പട്ടണക്കാട് (പൊന്നാംവെളി) പ്രവര്‍ത്തിച്ചിരുന്ന റിസര്‍വ്വ് പോലീസ് ക്യാമ്പുകളില്‍ വരെ ധീരരായ സഖാക്കള്‍ രാത്രിയുടെ മറവില്‍ വിതരണം ചെയ്തിരുന്നു.

നിരന്തരവും ത്യാഗപൂര്‍ണവുമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി വയലാര്‍ വെടിവയ്പ്പ് കഴിഞ്ഞു ഒരു വര്‍ഷത്തിനകം കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഉയര്‍ന്നെഴുന്നെല്‍ക്കുകയുണ്ടായി. പുന്നപ്ര വയലാര്‍ സമരത്തിന്‍റെ പ്രഥമ വാര്‍ഷികം ആഘോഷിക്കാനുള്ള കരുത്തും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നേടി. കളവംകോടത്ത് ശ്രീനാരായണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ ക്ഷേത്രമുറ്റത്ത് അന്ന് പ്രഥമ വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി നടന്ന മഹാസമ്മേളനം ഇന്നും ത്രസിപ്പിക്കുന്ന ഓര്‍മ്മയായി നില്‍ക്കുന്നു. പ്രഥമ പുന്നപ്ര വയലാര്‍ വാര്‍ഷികാചരണം കണ്ണാടി പ്രതിഷ്ഠയുള്ള കളവങ്കോടം ക്ഷേത്രമുറ്റത്താണ് നടന്നതെന്ന് പറഞ്ഞല്ലോ. ഗുരുസ്വാമികളുടെ കണ്ണാടി പ്രതിഷ്ഠയുള്ള ക്ഷേത്രത്തിലെ പൂജാരി കൊച്ചപ്പി ശാന്തി എന്ന ഒരാളായിരുന്നു. വര്‍ഷങ്ങളായി പൂജാരിക്കു നല്‍കേണ്ട ശമ്പളം കുടിശ്ശിഖയായപ്പോള്‍ കൊച്ചപ്പി ശാന്തി പൂജ നിര്‍ത്തി ദേവസ്വം ഭരണാധികാരികള്‍ക്കെതിരെ കേസ് കൊടുത്തു. തുടര്‍ന്ന് ജപ്തി നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാക്കളായ സി. കെ. കുമാരപണിക്കര്‍, സി. ജി. സദാശിവന്‍ തുടങ്ങിയവര്‍ ഇടപെടുകയും കേസ്സ് രമ്യതയിലെത്തിക്കുകയും ചെയ്തു. ദേവസ്വം വക കണ്ടത്തുംപാട് എന്ന ഒരു പുരയിടം ഒത്തു തീര്‍പ്പു വ്യവസ്ഥയായി കൊച്ചപ്പി ശാന്തിക്ക് നല്‍കിയാണ് കേസ്സ് അവസാനിപ്പിച്ചത്.

ക്ഷേത്ര ചുറ്റുമതിലിന്‍റെ ഒരു ഭാഗത്ത്‌ “സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം എന്ന കുമാരനാശാന്‍റെ ഉദ്ബോധനം ലിഖിതപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധേയമാണ്.

കമ്മ്യൂണിസ്റ്റ്‌കാരാണ് കളവങ്കോടത്ത് കണ്ണാടി പ്രതിഷ്ഠ നടത്തിയിട്ടുള്ള ക്ഷേത്രത്തിന്‍റെ ചുറ്റുമതിലില്‍ ശ്രീനാരായണഗുരുവിന്‍റെ ശാശ്വതമൂല്യമുള്ള സന്ദേശങ്ങളൊക്കെ എഴുതി വയ്പ്പിച്ചത്, അഥവാ അതിന് നേതൃത്വം കൊടുത്തത്.

ഒളിവില്‍ നിന്നും വെളിയില്‍ വന്ന സി. ജി

1948 ജനുവരിയോടുകൂടി തിരുവിതാംകൂറില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു. ഇന്ത്യ 1947 ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യം നേടിയതിനെ തുടര്‍ന്നുള്ള ആദ്യ തെരഞ്ഞെടുപ്പാണ്. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തെ തുടര്‍ന്ന് ആര്‍. സുഗതനോടൊപ്പം സി. ജി. യുടെ പേരില്‍ പുറപ്പെടുവിച്ചിരുന്ന അറസ്റ്റ്‌ വാറണ്ട് പിന്‍വലിച്ചു. ഗൂഢാലോചന കേസ്സ്, ക്യാമ്പ് ആക്രമണ കേസ്സ് തുടങ്ങിയവയും പിന്‍വലിക്കപ്പെട്ടു. ഇതോടെ സി. ജി. ഒളിവു ജീവിതം വിട്ടു പുറത്ത് വന്നു.

പ്രായപൂര്‍ത്തി വോട്ടവകാശം അംഗീകരിച്ചുകൊണ്ടുള്ള ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ്‌ ആയിരുന്നു ഇത്. ഈ തിരഞ്ഞെടുപ്പോടുകൂടിയാണ് സഖാവ് കെ. ആര്‍. ഗൌരിയമ്മ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് വരുന്നത്. അന്ന് ചേര്‍ത്തലയില്‍ പ്രാക്ടീസ് ചെയ്തിരുന്ന ഗൌരിയമ്മയെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി നിര്‍ത്തി. എതിര്‍സ്ഥാനാര്‍ഥി അഡ്വ: കൃഷ്ണന്‍ അയ്യപ്പനായിരുന്നു. ഇതേ സമയം സംവരണ സീറ്റില്‍ കമ്മ്യൂണിസ്റ്റ്‌ നേതാവായിരുന്ന സഖാവ് പി. ഏ. സോളമനെയാണ് പാര്‍ട്ടി നിര്‍ത്തിയത്. എതിര്‍സ്ഥാനാര്‍ത്ഥി. പി. വി. വില്‍സണ്‍ ആയിരുന്നു.

കെ. ആര്‍. ഗൌരിയമ്മയെ തൊഴിലാളി പ്രവര്‍ത്തകയാക്കി

K.R. Gouri Amma

വക്കീലായി ചേര്‍ത്തല കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന കെ. ആര്‍. ഗൌരി അമ്മയെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയോട്‌ അടുപ്പിക്കുകയും സംഘടനാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തുകയും ചെയ്തു. നിരോധിച്ചിരുന്ന കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍റെ സ്ഥാനത്ത് കയര്‍ ഫാക്ടറി തൊഴിലാളി കമ്മിറ്റി രൂപീകരിച്ച് അതിന്‍റെ പ്രസിഡന്‍റായി ഗൌരി അമ്മയെ കൊണ്ടുവരികയായിരുന്നു. ഇതിനുശേഷമാണ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തിയത്‌. ഈ കാര്യങ്ങളിലെല്ലാം സി. ജി. യുടെ കഴിവും സ്വാധീനവും വലുതായിരുന്നു.

കല്‍ക്കട്ടാ തീസിസ്സ്: സി. ജി. വീണ്ടും ഒളിവില്‍പ്പോയി

തെരഞ്ഞെടുപ്പ് കഴിഞ്ഞു പതിനൊന്നാം ദിവസമാണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ രണ്ടാം കോണ്‍ഗ്രസ്‌ തീരുമാനം പുറത്തുവന്നത്. കല്‍ക്കട്ടാ തീസിസ്‌ വെളിയില്‍ വന്നതോടെ രാഷ്ട്രീയ സ്ഥിതിഗതികളാകെ മാറി. 1947- ആഗസ്റ്റില്‍ ഇന്ത്യക്ക് ലഭിച്ചത്‌ സ്വാതന്ത്ര്യമല്ല; ബ്രിട്ടീഷ്‌ സായ്പ്പിനു പകരം ഇന്ത്യന്‍ ബൂര്‍ഷ്വാസി അധികാരത്തില്‍ വന്നു എന്ന മാറ്റം മാത്രമേ ഉണ്ടായിട്ടുള്ളൂ; എന്നൊക്കെയായിരുന്നു കല്‍ക്കട്ടാ തീസിസിന്‍റെ നിഗമനം.

കല്‍ക്കട്ടാ തീസിസ് വന്നപ്പോഴും സി. ജി. യോട്‌ ഒളിവില്‍ പോയി പ്രവര്‍ത്തിക്കാന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ആവശ്യപ്പെട്ടു. പാര്‍ട്ടി നിര്‍ദ്ദേശം ശിരസാ വഹിച്ച് ഒളിവില്‍പ്പോയ സി. ജി. സഖാവ് എസ്. കുമാരനുമായിചേര്‍ന്ന് അമ്പലപ്പുഴ – ചേര്‍ത്തല താലൂക്കുകളില്‍ മുഴുവന്‍ സഞ്ചരിച്ച് പാര്‍ട്ടി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്കി.

കഞ്ഞിക്കുഴിയില്‍ (എസ്. എല്‍. പുരം) വച്ച് സഖാവ്‌ ടി. വി. തോമസ്സിന്‍റെ അദ്ധ്യക്ഷതയില്‍ വമ്പിച്ച ഒരു തൊഴിലാളി സമ്മേളനം അക്കാലത്ത് നടന്നു. കല്‍ക്കട്ടാ തീസിസ്സിന്‍റെ സമരപ്രഖ്യാപനം നടത്താനും വിശദീകരിക്കാനുമായിരുന്നു ഈ സമ്മേളനം. ഈ സമ്മേളനത്തില്‍ സംബന്ധിച്ചതിനു ശേഷമാണ് സി. ജി. ഒളിവില്‍പ്പോയത്. കഞ്ഞിക്കുഴിയില്‍ നടന്ന സമരപ്രഖ്യാപനത്തോടെ സംസ്ഥാനത്ത് ഒട്ടാകെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ കൂട്ട അറസ്റ്റ് ആരംഭിച്ചു.

ഒളിവില്‍ നടന്നു സമര്‍ത്ഥമായി പ്രവര്‍ത്തിച്ചിരുന്ന സി. ജി. യെ പള്ളാത്തുരുത്തിയില്‍ ഒരു തൊഴിലാളി സഖാവിന്‍റെ വീട്ടില്‍ വച്ച് 1949 അവസാനം അറസ്റ്റു ചെയ്തു. ആരോ ഒറ്റി ക്കൊടുത്തതാണ് സി. ജി. പിടിക്കപ്പെടാന്‍ കാരണമായതെന്നാണ് കരുതുന്നത്.

ആലപ്പുഴ പോലീസ് സ്റ്റേഷനില്‍ നിന്നും സി. ജി. യെ നേരെ ചെങ്കോട്ട പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. കുറെ മാസങ്ങള്‍ അവിടെ കഴിഞ്ഞപ്പോള്‍ സഖാവ് കെ. കെ. കുഞ്ഞനെയും അവിടേയ്ക്ക് കൊണ്ടുവന്നു. ഒന്നിച്ച് ഒരു മുറിയിലാണ് സി. ജി.യും കുഞ്ഞനും ചെങ്കോട്ട ജയിലില്‍ കിടന്നത്. പിന്നീട് സി. ജി. യെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.

സെന്‍ട്രല്‍ ജയിലില്‍ നിന്നും എം. എല്‍. എ ആയി പുറത്തുവന്നു

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടന്നുകൊണ്ടാണ് 1952-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ തിരു–കൊച്ചി അസംബ്ലിയിലേക്ക്‌ സി. ജി. തണ്ണീര്‍മുക്കം മണ്ഡലത്തില്‍ നോമിനേഷന്‍ നല്‍കിയത്. സ്ഥാനാര്‍ഥിയായ സി. ജി. യുടെ അഭാവം അറിയാത്തവിധം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ മണ്ഡലമാകെ നടത്തി. സമര്‍ത്ഥമായ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്. എല്‍. പുരം സദാനന്ദന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ അന്ന് അനുഭവിച്ച ക്ലേശങ്ങള്‍ വലുതായിരുന്നു.

തിരു-കൊച്ചി അസംബ്ലി 1954 -ല്‍ പിരിച്ചുവിട്ടു. തുടര്‍ന്ന് അതേ വര്‍ഷത്തില്‍ തന്നെ നടന്ന തെരഞ്ഞെടുപ്പില്‍ തുറവൂര്‍ മണ്ഡലത്തില്‍ സി. ജി. സ്ഥാനാര്‍ഥിയായി. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി പി. എസ്. കാര്‍ത്തികേയനെയാണ് സി. ജി. ഇവിടെ തോല്‍പ്പിച്ചത്.

കേരള സംസ്ഥാനം നിലവില്‍വന്നതിനു ശേഷം 1957-ല്‍ കേരള നിയമസഭയിലേക്കുള്ള പ്രഥമ തെരഞ്ഞെടുപ്പ് നടന്നു. ഈ തിരഞ്ഞെടുപ്പില്‍ മാരാരിക്കുളം നിയോജകമണ്ഡലത്തില്‍ (പഴയ തണ്ണീര്‍മുക്കം മണ്ഡലം.) നിന്നും മത്സരിച്ച് സി. ജി. വിജയിച്ചു.

1964-ലെ ഭിന്നിപ്പ്‌ പാര്‍ട്ടിയെ ആകെ തളര്‍ത്തി

സി. ജി. ക്ക് മറ്റുപലര്‍ക്കുമെന്നപോലെ വിട്ടുപോയ സഖാക്കളില്‍ നിന്നും നേരിടേണ്ടിവന്ന ഭത്സനങ്ങളും എതിര്‍പ്പുകളും അവര്‍ണ്ണനീയമായിരുന്നു. പണ്ട് ബഹുമാനപൂര്‍വ്വം കൂടെ പ്രവര്‍ത്തിച്ചിരുന്നവര്‍ പരസ്യമായി ചീത്തവിളിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തിട്ടും അല്പം പോലും പ്രകോപിതനാവാതെ സി. ജി. അവര്‍ക്ക്‌ യഥാര്‍ത്ഥ വസ്തുതകള്‍ വിവരിച്ചുകൊടുക്കാന്‍ തയ്യാറാവുകയാണുണ്ടായത്.

സി. ജി. യുടെ നേതൃത്വത്തില്‍ നടന്ന അശ്രാന്ത പരിശ്രമത്തിന്‍റെ ഫലമായി ചേര്‍ത്തല മണ്ഡലത്തില്‍ പാര്‍ട്ടി മെമ്പറന്മാരില്‍ ഭൂരിപക്ഷത്തെയും സി. പി. ഐ യില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ സാധിച്ചു. സി. കെ. കുമാരന്‍ വക്കീലും, കെ. ആര്‍. സ്വാമിനാഥനും സി. കെ ഭാസ്കരനും, എന്‍. എസ്. സുരേന്ദ്രനും അഡ്വ: ജി. ജനാര്‍ദ്ദനപ്രഭുവും അടക്കമുള്ളവര്‍ സി. പി. ഐ. വിട്ടുപോകാതെ അതില്‍ ഉറച്ചു നിന്നവരില്‍ പെടുന്നു.

പള്ളിക്കുളത്തില്‍ നിന്നും വെള്ളം കോരുന്നത് സംബന്ധിച്ച് തൈക്കല്‍ പ്രദേശത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ അപകടസ്ഥിതി ഉണ്ടാകാതെ ധീരമായ നേതൃത്വം നല്‍കി നാടിനെ രക്ഷിക്കുന്നതില്‍ സി. ജി. മഹനീയ പങ്കുവഹിച്ചിരുന്നു. ഇതു 1964-ല്‍ പാര്‍ട്ടി പിളരുന്നതിനു തൊട്ടുമുന്‍പായിരുന്നു.

ഒരു മാതൃകാ ജനനേതാവ്

ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങിനെയായിരിക്കണമെന്നതിനു ഉത്തമമായ ഒരു ഉദാഹരണമായിരുന്നു. സി. ജി. സദാശിവന്‍. അദ്ദേഹം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സര്‍വ്വാദരണീയനായ നേതാവായിരുന്നു. ബഹുജനങ്ങളെ സംബന്ധിച്ചിടത്തോളം കക്ഷി പരിഗണനകള്‍ക്കതീതമായി ആദരിച്ചിരുന്ന ഒരു നേതാവുമായിരുന്നു. പാര്‍ട്ടിയോടും പ്രസ്ഥാനത്തോടും എതിര്‍പ്പുള്ള വരായിരുന്നാല്‍പ്പോലും സി. ജി. യോടുള്ള ബഹുമാനം അവര്‍ നിലനിര്‍ത്തിയിരുന്നു. ഒട്ടും കൃത്രിമമില്ലാത്ത പെരുമാറ്റം, ലളിതമായ ജീവിത ശൈലി, എന്തു പ്രകോപനമുണ്ടായാലും സമചിത്തതവിടാതെ എന്തിനെയും നേരിടാനുള്ള വൈഭവം ഇതൊക്കെ ചേര്‍ന്ന ഒരു ഉത്തമ മാതൃകാ നേതാവായിരുന്നു സി. ജി. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വയലാര്‍ സമരത്തിനു മുമ്പ് മുതല്‍ക്കേ സി. ജി. പാര്‍ട്ടിയുടെ സ്റ്റേറ്റ് കൌണ്‍സില്‍ മെമ്പറാണ്.

1971-ല്‍ കൊച്ചിയില്‍ വച്ചു നടന്ന സി. പി. ഐ. ഒന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനം കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായി സി. ജി. യെ തിരഞ്ഞെടുത്തു. പത്താം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ കാലം വരെ ആ സ്ഥാനം സി. ജി. തുടര്‍ന്നു. പിന്നീട് സഖാവ് കെ. സി. ജോര്‍ജ്ജ് ചെയര്‍മാനായുള്ള കണ്‍ട്രോള്‍ കമ്മീഷനാണ് രൂപീകരിക്കപ്പെട്ടത്. അതിലും സി. ജി. ഒരു മെമ്പറായിരുന്നു.

മറ്റുബഹുജന സംഘടനകളിലെന്നപോലെ കയര്‍ ഫാക്ടറി തൊഴിലാളി രംഗത്ത് സി. ജി. എക്കാലവും സജീവമായും ഉണ്ടായിരുന്നു. 1957-ല്‍ സഖാവ് സി. കെ. കുമാരപ്പണിക്കര്‍ അന്തരിച്ചതുമുതല്‍ ചേര്‍ത്തല കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍റെ പ്രസിഡന്‍റ് സി. ജി. യായിരുന്നു. ഈ സ്ഥാനം 1985 -ല്‍ സി. ജി. മരിക്കുന്നതുവരെ തുടര്‍ന്നു.

സി. ജി തന്‍റെ പ്രധാന പ്രവര്‍ത്തന രംഗങ്ങളിലൊന്നായി കയര്‍ ഫാക്ടറി തൊഴിലാളി രംഗം കഴിഞ്ഞാല്‍ കര്‍ഷകരുടെ മേഖലയായിരുന്നു തെരഞ്ഞെടുത്തിരുന്നത്.

തിരു-കൊച്ചി കര്‍ഷക സംഘത്തിന്‍റെ പ്രസിഡന്‍റായിരുന്നു സി. ജി. 1954-ല്‍ സി. ജി. പ്രസിഡന്‍റും, ഇ. ഗോപാലകൃഷ്ണമേനോന്‍ ജനറല്‍ സെക്രട്ടറിയുമായ കര്‍ഷക സംഘത്തിന്‍റെ സംസ്ഥാന സമ്മേളനം അതിവിപുലമായ പരിപാടികളോടെ പന്തളത്തു വച്ച് നടക്കുകയുണ്ടായി. ചരിത്ര പ്രധാനമായ ഒരു സമ്മേളനമായിരുന്നു അത്. അന്ന് പന്തളത്തു നടന്ന കര്‍ഷക ജനതയുടെ കൂറ്റന്‍ പ്രകടനത്തിനു മുന്നില്‍ നേതാവായി ആനയിക്കപ്പെട്ടിരുന്ന സി. ജി. യെ അപ്പോള്‍ അതുവഴി കടന്നുവന്ന സ്റ്റേറ്റ് കോണ്‍ഗ്രസ്‌ നേതാവ് പട്ടം താണു പിള്ള കാറില്‍ നിന്നും ഇറങ്ങി അഭിവാദ്യം ചെയ്യുകയുണ്ടായി.

പ്രഗത്ഭനായ ട്രേഡ് യൂണിയന്‍ നേതാവ്

തൊഴില്‍ തര്‍ക്കങ്ങളില്‍ സി. കെ. ഭാസ്കരനും, സി. എസ്. രാമകൃഷ്ണനും, കെ. എസ്. ദാമോദരനും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ ഇടപെട്ടിട്ടും പ്രശ്നം പരിഹരിക്കാനാവാതെ വന്നാല്‍ സി. ജി. സദാശിവന്‍ ഇടപെടുമായിരുന്നു. സി. ജി. ഇടപെട്ടുകഴിഞ്ഞാല്‍ ഏതു കുരുക്കും അഴിയുമത്രേ.

അവകാശ സമരങ്ങള്‍ പൊതുനന്മയ്ക്ക് ഉപകരിക്കണം

ചേര്‍ത്തല കയര്‍ മാറ്റ്സ് ആന്‍റ് മാറ്റിങ്ങ്സ് സൊസൈറ്റി (കളവംകോടം) യുടെ പ്രസിഡന്‍റായി കുറച്ചുകാലം സി. ജി. പ്രവര്‍ത്തിച്ചിരുന്നു. 1957-ലെ കമ്മ്യൂണിസ്റ്റ്‌ ഗവണ്‍മെന്‍റിന്‍റെ കാലത്ത്‌ കളവംകോടം കേന്ദ്രീകരിച്ച് രൂപീകരിച്ചതാണ് ഈ സൊസൈറ്റി. കയര്‍ ഫാക്ടറി തൊഴിലാളികള്‍ ഷെയര്‍ എടുത്ത്‌ സര്‍ക്കാരിന്‍റെ സഹായത്തോടെ സംഘടിപ്പിച്ച ഈ സംഘത്തിന്‍റെ ഉടമസ്ഥര്‍ തൊഴിലാളികള്‍ തന്നെയായിരുന്നു.

1971-72 കാലത്ത് കേരള സ്റ്റേറ്റ് കയര്‍ കോര്‍പറേഷന്‍ രൂപീകരിച്ചപ്പോള്‍ അതിന്‍റെ പ്രഥമ ചെയര്‍മാനായി നിയോഗിക്കപ്പെട്ടത് സി.ജി. യെയായിരുന്നു. കയര്‍ വ്യവസായം ആകെ അഭിമുഖീകരിച്ചിരുന്ന പ്രതിസന്ധികള്‍ നല്ലതുപോലെ മനസ്സിലാക്കി അവയെ നേരിടാനുള്ള പരിപാടികള്‍ പലതും സി. ജി. യുടെ നേതൃത്വത്തില്‍ അന്ന് ആവിഷ്കരിക്കപ്പെട്ടു.

സ്വന്തം കാര്യങ്ങളില്‍ വിമുഖനായ നേതാവ്

സി. ജി. യെ സംസ്ഥാന ആര്‍. ടി. ഒ. യിലെ ഒരു മെമ്പറായി ഉള്‍പ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് കേരള സ്റ്റേറ്റ് കയര്‍ കോര്‍പറേഷന്‍റെ ചെയര്‍മാനായി സി. ജി. യെ സര്‍ക്കാര്‍ നിശ്ചയിക്കുന്നത്. കയര്‍ കോര്‍പറേഷന്‍ ചെയര്‍മാനായപ്പോള്‍ ആര്‍. ടി. ഒ മെമ്പര്‍ സ്ഥാനം സി. ജി. രാജിവെച്ചൊഴിഞ്ഞു.

സി. ജി. സ്വന്തം കാര്യങ്ങളില്‍ വലിയ താല്പര്യം കാണിക്കാതിരുന്ന ഒരാളായിരുന്നു. ഇന്നു നമ്മള്‍ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലേക്ക് നോക്കിയാല്‍ കാണുന്ന ചിത്രം എത്ര ഭിന്നമാണ്? എന്തും സ്വന്തമായി നേടാനും അത് കഴിഞ്ഞില്ലെങ്കില്‍ സ്വന്തക്കാര്‍ക്ക് നേടികൊടുക്കാനുമുള്ള വ്യഗ്രതയാണ് ഇന്ന് പരക്കെ കാണുന്നത്.

വയലാര്‍ രാമവര്‍മ്മയും സി. ജി. യുമായുള്ള ദൃഢബന്ധം

വയലാര്‍ രാമവര്‍മ്മയും സി. ജി. സദാശിവനും അടുത്ത സുഹൃത്തുക്കളായിരുന്നു. സി. ജി. സമയം കിട്ടുമ്പോഴൊക്കെ വയലാറിന്‍റെ വീട്ടില്‍ പോവുകയും സംസാരിച്ചിരിക്കുകയും ചെയ്യുമായിരുന്നു. സാഹിത്യത്തിന്‍റെയും കവിതയുടെയും അനുഭൂതികളുമായി നടന്നിരുന്ന രാമവര്‍മ്മയുടെ മനസ്സിലേക്ക് കമ്മ്യൂണിസമെന്ന സുന്ദര സ്വപ്നം ആലേഖനം ചെയ്തത് സി. ജി. യായിരുന്നു. അതുകൊണ്ടാകും രാമവര്‍മ്മയുടെ പല പ്രസംഗങ്ങളിലും സി. ജി. എന്‍റെ രാഷ്ട്രീയ ഗുരുവാണെന്ന് പറഞ്ഞിട്ടുള്ളത്. ജീവിതത്തില്‍ കറപുരളാത്ത, അഴിമതിക്ക്‌ വശംവദനാകാത്ത ത്യാഗധനനായ ഒരു കമ്മ്യൂണിസ്റ്റ്‌ നേതാവ് എന്ന നിലയിലുള്ള ആദരവായിരുന്നു വയലാര്‍ രാമവര്‍മ്മയ്ക്ക് സി. ജി. യോടുണ്ടായിരുന്നത്. സി. ജി. യുടെ തിരഞ്ഞെടുപ്പ് വേദികളില്‍ മാത്രമാണ് വയലാര്‍ രാഷ്ട്രീയ പ്രസംഗങ്ങള്‍ നടത്തിയിട്ടുള്ളത്. വയലാര്‍ 1975 -ല്‍ അന്തരിക്കുന്നതുവരെ ഇരുവരുടെയും ബന്ധം ദൃഢമായി നിലനിന്നിരുന്നു. പാര്‍ട്ടി മെമ്പറല്ലെങ്കിലും താനൊരു കമ്മ്യൂണിസ്റ്റ്‌കാരനാണെന്നു വയലാര്‍ തുറന്നു പറഞ്ഞിരുന്നു.

കൂട്ടുകൃഷിസംഘങ്ങള്‍ പുനരുദ്ധരിക്കാനുള്ള യജ്ഞം

അരൂര്‍ മണ്ഡലത്തില്‍ 3009,3001 നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട പ്രവര്‍ത്തന രഹിതമായ സംഘങ്ങളാണിവ. ഈ സംഘങ്ങളെ പുനരുദ്ധരിച്ച് പ്രവര്‍ത്തനക്ഷമമാക്കാന്‍ സി. ജി. അത്യധികം ആഗ്രഹിച്ചു. അതിനായി പല ശ്രമങ്ങളും നടത്തി.

അവസാനകാലത്ത് സി. ജി. ബാംഗ്ലൂരില്‍ കഴിയുന്ന ഇളയ മകന്‍ സുരേഷിന്‍റെ അടുത്തേക്കു പോകുമ്പോള്‍ ഞാന്‍ ബാഗ്ലൂരിനു പോയി വരട്ടെ നമുക്ക്‌ ചിലകാര്യങ്ങളൊക്കെ വര്‍ക്കപ്പ് ചെയ്യാനുണ്ട് എന്ന് വയലാര്‍ വെടിക്കുന്നിനടുത്ത് താമസിക്കുന്ന സുധാകരന്‍ സാറിനോട് പറഞ്ഞിരുന്നു. ആ ചില കാര്യങ്ങള്‍ പ്രാവര്‍ത്തിക മാക്കാന്‍ കഴിയാതെ കിടക്കുന്ന കൂട്ടുകൃഷി സഹകരണ സംഘങ്ങളെ വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരാനുള്ള പ്രവര്‍ത്തനങ്ങളുടെ കാര്യവും ഉള്‍പ്പെട്ടിട്ടുണ്ടാവുമെന്നതില്‍ സുധാകരന്‍ സാറിന് സംശയമില്ല.

ശ്രീനാരായണ സന്ദേശങ്ങളുടെ സ്വാധീനം

എല്ലാവിധ അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ ജനങ്ങളില്‍ ശാസ്ത്രീയ ചിന്തയും യുക്തിബോധവും വളര്‍ത്താന്‍ സി. ജി. പരിശ്രമിച്ചിരുന്നു. ശ്രീനാരായണഗുരുവിന്‍റെ മഹോന്നത സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് അവ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആദ്യകാലം മുതല്‍ തന്നെ സി. ജി. ഒരു യുക്തിവാദിയായിരുന്നു. സഹോദരന്‍ അയ്യപ്പന്‍, എം. സി. ജോസഫ്‌, കുറ്റിപ്പുഴ കൃഷ്ണപിള്ള തുടങ്ങിയവര്‍ സി. ജി. യില്‍ വളരെയേറെ സ്വാധീനം ചെലുത്തിയിരുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ മെമ്പറായിരിക്കാന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി സംസ്ഥാന നേതൃത്വം ഒരിക്കല്‍ സി. ജി. യോട് ആവശ്യപ്പെട്ടു. പല വിപ്ലവകാരികള്‍ക്കും തങ്ങളുടെ വിശ്വാസങ്ങള്‍ പരണത്തുവച്ച് ചാടി കൈയ്യേറ്റിട്ടുള്ള ഒരു സ്ഥാനമാണ് ദേവസ്വം ബോര്‍ഡ്‌ മെമ്പര്‍ പദവി. എന്നാല്‍ സി. ജി. അക്കൂട്ടത്തില്‍പെട്ട ഒരാളായിരുന്നില്ല.

ആര്‍ഭാടമില്ലാത്ത ലളിത ജീവിതം

യാതൊരുവിധ ആര്‍ഭാടവുമില്ലാത്ത അതീവ ലളിതമായൊരു ജീവിതമായിരുന്നു. സി. ജി. യുടേത്‌. ഇക്കാര്യത്തില്‍ മഹാത്മാഗാന്ധിയുടെ മാതൃകയും ഉപദേശങ്ങളുമായിരുന്നു. സി. ജി. യുടെ വഴികാട്ടി. ജീവിതചര്യകളിലും തനി ഗാന്ധിയനായിരുന്നു. സി. ജി. എന്നുപറയുന്നതില്‍ യാതൊരു തെറ്റുമില്ല.

മാരാരിക്കുളം മണ്ഡലത്തില്‍ ചാരമംഗലം എന്ന പ്രദേശത്തുള്ള എസ്. എന്‍. വി. ഹൈ സ്ക്കൂള്‍ ആരംഭിക്കുന്ന കാലത്ത്‌ സ്ക്കൂള്‍ നിര്‍മ്മിക്കുനതിന് സി. ജി. വഹിച്ച പങ്കും സഹിച്ച ത്യാഗവും ഇന്നും ആ പ്രദേശത്തെ പ്രായം ചെന്നവര്‍ ഓര്‍മ്മിക്കുന്നുണ്ട്.

കുറച്ചുകാലം ബാങ്ക് ക്ലാര്‍ക്കുമായിരുന്നു

ഒരു പ്രസ്സ് തൊഴിലാളിയായിരുന്ന കെ. ആര്‍. ഗോപാലന്‍ സി. ജി. യെക്കുറിച്ച് മറ്റു അധികമാര്‍ക്കും അറിയാന്‍ കഴിയാത്ത ഒരു വിവരം കൂടി നല്‍കുകയുണ്ടായി. ആലപ്പുഴയില്‍ ‘ആള്‍ ട്രാവന്‍കൂര്‍ ഇന്‍ഷുറന്‍സ് ബാങ്ക്’ എന്നൊരു സ്ഥാപനം ഉണ്ടായിരുന്നു എന്നും അതില്‍ സി. ജി. ക്ലാര്‍ക്കായി ജോലിചെയ്തിരുന്നുവെന്നുള്ള വിവരമാണത്. ഈ ബാങ്കിന് സ്വന്തമായി ഒരു പ്രസ്സും ഉണ്ടായിരുന്നു. അതില്‍ കെ. ആര്‍. ഗോപാലനും ജോലി ലഭിച്ചിരുന്നു. ഇവിടെ രണ്ടു കൊല്ലം ജോലിചെയ്തിരുന്ന കാലത്ത്‌ എപ്പോഴും സി. ജി. യുമായി ഗോപാലന്‍ കണ്ടിരുന്നു. വിദ്യാര്‍ഥി ജീവിതം അവസാനിപ്പിച്ച് സാമൂഹ്യ രംഗത്തേക്ക്‌ വരുന്നതിനു മുമ്പുള്ള കാലത്തായിരുന്നു സി. ജി. യുടെ ഈ ബാങ്ക് ക്ലാര്‍ക്ക്‌ ജോലി.

എന്ത് നടപ്പാണ് ആ മനുഷ്യന്‍ നടന്നു കൂട്ടിയത്

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി സി. ജി. നാടാകെ ദീര്‍ഘദൂരം നടന്നു പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഇന്നോര്‍മ്മിക്കുമ്പോള്‍ വലിയൊരു അത്ഭുതം തന്നെയാണ് തോന്നുന്നത്. ഇത്രയുമധികം ത്യാഗം സഹിച്ചിട്ടുള്ളവര്‍ വേറെ അധികം ഉണ്ടായിരിക്കുകയില്ല എന്നാണു വയലാര്‍ ജി. സുകുമാരന്‍ പ്രസ്താവിച്ചത്. ആദ്യകാലം മുതല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി സജീവമായി ബന്ധപ്പെട്ടിടുള്ള ജി. സുകുമാരന്‍ വയലാര്‍ രവിയുടെ അമ്മാവനാണ്. രവിയുടെ മാതാവ് ദേവകി കൃഷ്ണന്‍റെ സഹോദരനും. വയലാര്‍ രവിയുടെ അച്ഛന്‍ എം. കെ. കൃഷ്ണനും അമ്മ ശ്രീമതി ദേവകി കൃഷ്ണനും വയലാര്‍ സമരത്തിനു മുന്‍പും പിന്‍പും തികഞ്ഞ കമ്മ്യൂണിസ്റ്റ്‌ അനുഭാവികളായിരുന്നു. ഇവരുടെ വീട്ടില്‍ ഏ. കെ. ഗോപാലനും സി. ജി. സദാശിവനും, പി.ടി. പുന്നൂസും, സി. കെ. കുമാരപ്പണിക്കരും, പുതുപ്പള്ളി രാഘവനും ഉള്‍പ്പെടെയുള്ള പല കമ്മ്യൂണിസ്റ്റ്‌ നേതാക്കളും എത്തുമായിരുന്നു. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്ന മഹിളാ സംഘത്തിന്‍റെ സജീവപ്രവര്‍ത്തകയുമായിരുന്നു ദേവകി കൃഷ്ണന്‍. പില്‍ക്കാലത്താണ് അവര്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി വിട്ടു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകയായി മാറിയത്.

മനുഷ്യത്വത്തിന്‍റെ പ്രകാശ ഗോപുരം

സി. ജി. യെ അടുത്തറിയുകയും അദ്ദേഹത്തിന്‍റെ സവിശേഷഗുണങ്ങള്‍ നല്ലതുപോലെ മനസ്സിലാക്കുകയും ചെയ്തിട്ടുള്ളയാളാണ് എസ്. എല്‍. പുരം സദാനന്ദന്‍. കേരളത്തിലെ പ്രമുഖനായ ഒരു നാടകകൃത്തുക്കളിലൊരാളും സാംസ്കാരിക നായകനുമായ എസ്‌. എല്‍. പുരം സി. ജി. സദാശിവനെ അനുസ്മരിക്കുന്നതിങ്ങനെയാണ്.

“ആശയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ എത്ര കഠിനമാണെങ്കിലും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മനുഷ്യത്വത്തിന്‍റെ പ്രകാശഗോപുരമായിരുന്നു ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ നേതാവായിരുന്ന സഖാവ് സി. ജി. സദാശിവന്‍.

നാടകവും സിനിമയും കാണുന്നതും, കഥയും കവിതയും നോവലുകളും വായിക്കുന്നതും തമാശകള്‍ പറയുകയും കേള്‍ക്കുകയും ഉള്ളുതുറന്നു ചിരിക്കുകയും ചിരിപ്പിക്കുകയുമൊക്കെ ചെയ്യുന്നതും ഒരു നേതാവിന്‍റെ ഗാംഭീര്യത്തിനു കേടാണെന്ന് ധരിച്ചുവച്ചിട്ടുള്ള ശുദ്ധാത്മാക്കള്‍ക്ക് സി. ജി. സദാശിവനെന്ന പരമ രസികനായ ഉത്തമ കമ്മ്യൂണിസ്റ്റ്‌ നേതാവിനെക്കുറിച്ചുള്ള അറിവുകള്‍ അവരുടെയും വരും തലമുറകളുടെയും മനസ്സുകളില്‍ കൊളുത്തിവയ്ക്കുന്ന നിലവിളക്കുകളായിരിക്കും.

1942 -ലെ ബംഗാള്‍ ക്ഷാമാത്തിനുമൊക്കെ എത്രയോ മുന്‍പ് ഏതോ ചെറിയ ക്ലാസ്സില്‍ പഠിച്ചിരുന്ന കൊച്ചുകുട്ടിയായിരുന്ന എനിക്ക് സി. ജി. യെ പരിചയപ്പെട്ടപ്പോള്‍ തോന്നിയ സ്നേഹവും ബഹുമാനവും പിന്നീടിങ്ങോട്ടു വളര്‍ന്നു വന്നതല്ലാതെ തളര്‍ന്നുപോയില്ല. അസാധാരണ സിദ്ധി വിശേഷണങ്ങളുള്ള അപൂര്‍വം ചില നേതാക്കന്മാര്‍ക്ക് മാത്രമേ ഇത്രയും കുലീനമായ ഔന്നിത്യം കാത്തുസൂക്ഷിക്കാന്‍ കഴിയുകയുള്ളൂ.

കലാ സാഹിത്യപരമായി എന്നിലുണ്ടായിരുന്ന നേരിയ വാസനകളെ ഒരുപാട് പ്രോത്സാഹിപ്പിക്കുവാനും അഭിനന്ദിക്കുവാനും അദ്ദേഹം ഒട്ടും പിശുക്ക്‌കാണിച്ചിരുന്നില്ല.

സി. ജി. ജയിലിലായിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ പ്രതിനിധിയായി അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചതു ഞാനായിരുന്നു. അങ്ങിനെയങ്ങനെ വിവിധ തരത്തിലുള്ള ബഹുജന സമ്പര്‍ക്കം കൊണ്ട് അനുഭവ സമ്പന്നമായ ഒരു ജീവിതം നേടിയെടുക്കാന്‍ എന്നെ സഹായിച്ചത് സഖാവ് സി. ജി. യായിരുന്നുവെന്നുള്ള സത്യം നന്ദിപൂര്‍വ്വം ഞാന്‍ ഓര്‍മ്മിക്കുന്നു.”

നല്ല ലീഡര്‍ഷിപ്പ് ക്വാളിറ്റി ഉണ്ടായിരുന്ന നേതാവ്

സഖാവ് സി. ജി. സദാശിവന്‍റെ ചിന്തയ്ക്ക് ഒരുവ്യക്തതയുണ്ടായിരുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് കോണ്‍ഗ്രസിലെ യുവതലമുറയുടെ നേതാവായിരുന്നു സി. ജി. എന്ന് ടി. കെ. രാമകൃഷ്ണന്‍ (പില്‍ക്കാലത്ത് മാര്‍ക്കിസ്റ്റു പാര്‍ട്ടിയിലായ) ചൂണ്ടിക്കാട്ടി.

പില്‍ക്കാലത്ത്‌ 1946 ല്‍ നടന്ന പുന്നപ്ര വയലാര്‍ സമരത്തിന്‍റെ “തിയററ്റിക്കല്‍ ലീഡര്‍ഷിപ്പ്” സി. ജി. ക്ക് ആയിരുന്നുവെന്നും സഖാവ് ടി. കെ. വ്യക്തമാക്കി. ഒരഭിമുഖ സംഭാഷണത്തിലാണ് ടി. കെ ഈ കാര്യങ്ങളെല്ലാം പറഞ്ഞത്.

ആര്‍. ശങ്കറുമായി ഒരു അപൂര്‍വ്വ സംഗമം

R. Sankar

ആര്‍. ശങ്കര്‍ സര്‍. സി. പി. യുടെ കാല്‍നക്കി എന്ന ഒരു ലഘുലേഖ തന്നെ എഴുതി പ്രസിദ്ധീകരിച്ചയാളാണ് സഖാവ് സി. ജി. ഈയൊരു പശ്ചാത്തലത്തിലാണ് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടാണെങ്കിലും സി.ജിയും ആര്‍. ശങ്കറും തമ്മിലുണ്ടാകുന്ന ഒരു കൂടിക്കാഴ്ച്ച. ഈ കൂടിക്കാഴ്ച്ച എങ്ങിനെയായിരിക്കും എന്നതില്‍ വലിയ ശങ്കയും അതിലേറെ കൌതുകവും എം. ഡി. ഗോപിദാസിനുണ്ടായിരുന്നു. വീടിനുമുന്നില്‍ നിറുത്തിയ വണ്ടിയില്‍ നിന്ന് സി. ജി. ഇറങ്ങി ചെല്ലുന്നതു കണ്ടമാത്രയില്‍ ആര്‍. ശങ്കര്‍ ഓടിയെത്തി “എന്‍റെ സി. ജി.” എന്നുവിളിച്ച് കെട്ടിപ്പിടിക്കുകയായിരുന്നു. ഇരുവരും കുറെ നേരത്തേക്ക്‌ ഗാഢാലിംഗനത്തില്‍ മുഴുകി നിന്ന്. ആ കാഴ്ച്ച രോമാഞ്ചത്തോടെയാണ് താന്‍ ഇപ്പോഴും ഓര്‍മ്മിപ്പിക്കുന്നതെന്നാണ് എം. ഡി. ഗോപിദാസ് പറഞ്ഞത്.

സമചിത്തതയുള്ള കൊള്ളാവുന്ന ഒരു നേതാവ്

“സമചിത്തതയുള്ള കൊള്ളാവുന്ന ഒരു നേതാവായിരുന്നു സി. ജി. സദാശിവന്‍. നിര്‍ഭാഗ്യത്തിന് അല്പം നേരത്തേ അന്തരിച്ചുപോയി. വലിയ നഷ്ടമായിരുന്നു ആ വിയോഗം” എന്നാണ് കെ. സി. മാത്യു അഭിപ്രായപ്പെട്ടത്. അദ്ദേഹം തുടര്‍ന്നു.

“1943ല്‍ ആലപ്പുഴയില്‍ ചെന്നപ്പോഴാണ് സി. ജി. യെ ആദ്യമായി കാണുന്നത്. പാര്‍ട്ടിക്കകത്ത് മറ്റുള്ളവരേക്കാള്‍ സ്ഥാനവും നേതൃത്വ പദവിയും അന്നേ സി. ജി. ക്കുണ്ടായിരുന്നു.

അക്കാലത്ത് തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍റെ വൈസ് പ്രസിഡന്‍റായി ഏ. പി. ഉദയഭാനുവിനെ തിരഞ്ഞെടുത്തിരുന്നിരുന്നു. സി. ജി യും ഉദയഭാനുവും അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ഏ. പി ഉദയഭാനുവിനെ തീര്‍ത്തും ഒരു വിപ്ലവ ട്രേഡ് യൂണിയന്‍ സംഘടനയായിരുന്ന തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി യൂണിയന്‍റെ വൈസ്‌ പ്രസിഡന്‍റായി നിയോഗിക്കാനായത്. സഖാവ്‌ ടി. വി. തോമസ്സായിരുന്നു പ്രസിഡന്‍റ്.”

നരനും നരനും തമ്മില്‍ സാഹോദര്യമുദിക്കണം

സി .ജി.യുടെ സഹനശക്തിയും ത്യാഗസന്നദ്ധതയും അത്ഭുതാവഹമായിരുന്നു വെന്നാണ് കെ. ആര്‍. സ്വാമിനാഥനും ചൂണ്ടിക്കാണിക്കാനുള്ളത്. താന്‍ വിശ്വസിക്കുന്നതും ആഗ്രഹിക്കുന്നതുമായ കാര്യങ്ങള്‍ ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ സി. ജി. ക്കുണ്ടായിരുന്ന കഴിവ് അനിതര സാധാരണമായിരുന്നു. ഇതിനുവേണ്ടി ആളുകളെ ഒറ്റക്കും കൂട്ടായും കണ്ടു സംസാരിക്കാന്‍, അവരുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടാന്‍ കിട്ടുന്ന അവസരം അല്പംപോലും സി. ജി പാഴാക്കുമായിരുന്നില്ല.

കെട്ടുവള്ളത്തില്‍ വേമ്പനാട് കായലില്‍ ഒരു ചര്‍ച്ച

പുന്നപ്ര – വയലാര്‍ സമരത്തിനു തൊട്ടുമുമ്പുള്ള കാലത്ത്‌ സ്റ്റേറ്റ് കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സി. ജി, പി. വി. അവിരാതരകന്‍, സി. കെ. കുമാരപണിക്കര്‍, വി. എ. ഗോപാലന്‍നായര്‍, ചങ്ങരത്ത് കരുണാകരപണിക്കര്‍ തുടങ്ങിയവര്‍ യോജിച്ചാണ് പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയിരുന്നത്. സര്‍. സി. പി. യുടെ പോലീസിന്‍റെയും, ചാരവലയത്തിന്‍റെയും നടുവില്‍ ആരുടേയും ശ്രദ്ധയില്‍പ്പെടാതെ പ്രവര്‍ത്തിക്കുക അതീവ ശ്രമകരമായിരുന്നു. ഈ പ്രതിബന്ധങ്ങളെ മറികടക്കാന്‍ ഒരു കെട്ടുവള്ളം വാടകയ്ക്ക് എടുത്തു കായലില്‍ കിടന്നു കൊണ്ടാണ് ഇവര്‍ ആലോചനകള്‍ നടത്തുകയും പലപ്പോഴും പരിപാടികള്‍ ആവിഷ്കരിക്കുകയും ചെയ്തിരുന്നത്. ഇതിനുവേണ്ടി മുല്ലക്കന്‍ എന്ന പണക്കാരന്‍റെ കെട്ടുവള്ളം ലഭിക്കുന്നതിന്. കെ. ആര്‍. സ്വാമിനാഥന്‍റെ ശ്രമവും സ്വാധീനവും ഉണ്ടായിരുന്നുവത്രേ.

സര്‍. സി. പി. യുടെ ചെരുപ്പുനക്കി

കെ. ആര്‍. സ്വാമിനാഥനും സി. ജി. യുമായുള്ള ബന്ധത്തെപറ്റി അദ്ദേഹം തുടര്‍ന്നു അമ്പലപ്പുഴ – ചേര്‍ത്തല താലൂക്കുകള്‍ കേന്ദ്രീകരിച്ച് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്നുവന്ന പ്രവര്‍ത്തനങ്ങളുടെയും വിപുലീകരിക്കപ്പെട്ടിട്ടുള്ള ക്യാമ്പുകളുടെയും നിജസ്ഥിതി മനസ്സിലാക്കാന്‍ ആദ്യമായി ചേര്‍ത്തലയില്‍ എത്തിയ പ്രമുഖന്‍ എസ്‌. എന്‍. ഡി. പി. യോഗം ജനറല്‍ സെക്രട്ടറി ആര്‍. ശങ്കറായിരുന്നു. ഭരണാധികാരിയായ ദിവാന്‍ സര്‍. സി. പി. യുടെ നിര്‍ദ്ദേശത്തോടും അംഗീകാരത്തോടും കൂടിയാണ് ആര്‍. ശങ്കര്‍ അന്ന് വയലാറില്‍ എത്തിയതും സി. കെ. കുമാരപണിക്കര്‍ ഉള്‍പ്പെടെയുള്ള സമരനേതാക്കളെ കണ്ടു ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചതും

എസ്. എന്‍. ഡി. പി. യിലെ സാമാന്യ ജനങ്ങള്‍ കോണ്‍ഗ്രസ്‌ പക്ഷത്തായിരുന്നു. ആര്‍. ശങ്കര്‍ അന്ന് കോണ്‍ഗ്രസ്‌ പക്ഷത്താണ്. സര്‍. സി. പി. പക്ഷപാതികളായവരെ നേതൃസ്ഥാനത്തുനിന്നു മാറ്റി ശങ്കറെപ്പോലുള്ളവര്‍ എസ്. എന്‍. ഡി. പിയുടെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടണം. ഇതു എസ്. എന്‍. ഡി. പി. യെ കോണ്‍ഗ്രസില്‍ ചേര്‍ക്കാനല്ല. ഈഴവരായ വ്യക്തികള്‍ക്ക് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ചേരുന്നതിനുള്ള അവകാശം അംഗീകരിച്ചുകൊണ്ട് എസ്. എന്‍. ഡി. പി. രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങണം. രാഷ്ട്രീയത്തില്‍ കൈയ്യിടരുത്. ഇടതുപക്ഷപ്രസ്ഥാനത്തോടും കോണ്‍ഗ്രസിനോടും അനുകൂലിച്ചുനിന്ന ഈഴവ സുഹൃത്തുക്കളോട് ആലോചിച്ചതിനുശേഷം എടുത്ത തീരുമാനമായിരുന്നു അത്. സംസ്ഥാന വ്യാപകമായി ഒരു കൊടുങ്കാറ്റ്പോലെ പ്രചാരണം ആഞ്ഞടിച്ചു. പലരും അതിനുവേണ്ടി എസ്. എന്‍. ഡി. പി. യില്‍ അംഗങ്ങളായി ചേരുകയും ചെയ്തു.

എസ്. എന്‍. ഡി. പി. വാര്‍ഷിക സമ്മേളനം അടുത്തു. ചങ്ങനാശേരിയായിരുന്നു സമ്മേളന സ്ഥലം. സമ്മേളന തീയതി അടുക്കുംതോറും ഞങ്ങളുടെ പ്രവര്‍ത്തനം ശക്തിയാര്‍ജിച്ചു. സഖാവ് പുന്നൂസായിരുന്നു അതിനു നേതൃത്വം കൊടുത്തിരുന്നത്. ആളുപിടുത്തവും, പ്രസംഗവും എല്ലാം സമ്മേളനത്തില്‍ വാശിയോടുകൂടി നടത്തി. അതിനുവേണ്ടി പ്രവര്‍ത്തിച്ചവരില്‍ ഒരു പ്രമുഖനായിരുന്നു ഏ. പി. ഉദയഭാനു. മറ്റൊരാള്‍ സഖാവ് സി. ജി. സദാശിവന്‍. അങ്ങനെ പലരും.

ഉത്തരവാദിത്വ ഭരണത്തിനുവേണ്ടിയും സര്‍. സി. പി. യുടെ സ്വേഛാധിപത്യ ഭരണത്തിനെതിരായും അമേരിക്കന്‍ മോഡല്‍ ഭരണം അറബിക്കടലില്‍, വേണ്ടേ വേണ്ട ദിവാന്‍ ഭരണം” എന്ന് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി തിരുവിതാംകൂറില്‍ ആകെ ഉയര്‍ന്നുവന്ന ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സര്‍. സി. പി. യുടെ കരങ്ങള്‍ക്ക്‌ ശക്തിപകരുന്നതായിരുന്നു എസ്. എന്‍. ഡി. പി. യോഗം നേതൃത്വത്തിന്‍റെയും വിശിഷ്യ ആര്‍. ശങ്കറിന്‍റെയും നിലപാട്. ഇതില്‍ ജനസ്നേഹമോ, രാജ്യസ്നേഹമോ കാണാന്‍ അധികമാര്‍ക്കും കഴിയില്ല.

ഈ വസ്തുതയുടെ വെളിച്ചത്തിലാണ് വയലാര്‍ സമരം കഴിഞ്ഞപ്പോള്‍ “ ആര്‍. ശങ്കര്‍ സര്‍. സി. പി. യുടെ ചെരുപ്പുനക്കി” എന്ന ലഘുലേഖ സി. ജി. സദാശിവന്‍ എഴുതി പ്രസിദ്ധീകരിച്ചത്. പ്രസംഗത്തില്‍ സോഷ്യലിസവും പ്രവര്‍ത്തിയില്‍ ഭരണാധികാരികളുടെ ചെരുപ്പുനക്കലും മൂലം ഈഴവ സമുദായത്തിന്‍റെ അഭിമാനത്തിനേല്‍പ്പിച്ച വലിയ കളങ്കത്തെ പ്രസ്തുത ലഘുലേഖയില്‍ സി. ജി. നിര്‍ദ്ദാക്ഷണ്യം ചൂണ്ടിക്കാണിച്ചിരുന്നു. എസ്. എന്‍. ഡി. പി. യോഗത്തിന്‍റെ ചങ്ങനാശ്ശേരി സമ്മേളനത്തില്‍ സര്‍. സി. പി. യുടെ അനുകൂലിയായിരുന്ന വി. കെ. വേലായുധനെ മാറ്റി പകരം ആര്‍. ശങ്കറെ യോഗം ജനറല്‍ സെക്രട്ടറിയാക്കിയത് സി. ജി. ഉള്‍പ്പെടെയുള്ള യൂത്ത്‌ലീഗ് നേതാക്കളുടെ അശ്രാന്ത ശ്രമഫലമായിട്ടായിരുന്നു എന്ന കാര്യവും ഇവിടെ ഓര്‍ക്കണം.

ഇക്കാര്യങ്ങളെക്കുറിച്ച് എം കെ. കുമാരന്‍ എഴുതിയ ‘ആര്‍. ശങ്കര്‍’ എന്ന ജീവചരിത്രത്തില്‍ ഇങ്ങനെ വായിക്കാം “ഈഴവരായ കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാരും പ്രവര്‍ത്തകരും എസ്. എന്‍. ഡി. പി. യോഗ കാര്യങ്ങളില്‍ സജീവമായ പങ്കുവഹിച്ചു. സുഗതന്‍സാര്‍, സി. ജി. സദാശിവന്‍, സി. കെ. വേലായുധന്‍ മുതലായവര്‍ തിരുവിതാംകൂര്‍ എസ്. എന്‍. ഡി. പി. യോഗത്തിലും പി. ഗംഗാധരന്‍, ടി. കെ. രാമകൃഷ്ണന്‍ മുതലായവര്‍ കൊച്ചി എസ്. എന്‍. ഡി. പി. യോഗത്തിലും ഉത്തരവാദിത്വമുള്ള സ്ഥാനങ്ങള്‍ വഹിക്കുകയും സംഘടനയെ കൂടുതല്‍ ജനകീയമാക്കുകയും ചെയ്തു. സഹോദരനയ്യപ്പന്‍റെ നേതൃത്വത്തിലും കൊച്ചി എസ്. എന്‍. ഡി. പി. യോഗത്തിന്‍റെ ആഭിമുഖ്യത്തിലും 1945–ല്‍ നടത്തപ്പെട്ട ചരിത്രപ്രസിദ്ധമായ അവകാശപ്രഖ്യാപന റാലിയുടെയും സമ്മേളനത്തിന്‍റെയും നടത്തിപ്പില്‍ പി. ഗംഗാധരനും ടി. കെ. രാമകൃഷ്ണനും നിര്‍ണ്ണായകമായ പങ്ക് വഹിക്കുകയുണ്ടായി.

എസ്. എന്‍. ഡി. പി. യോഗത്തെ സ്റ്റേറ്റ് കോണ്‍ഗ്രസ്‌ പക്ഷത്തേക്ക് കൊണ്ടുവരുന്നതിന് സി. കേശവന്‍ അതിന്‍റെ ജനറല്‍ സെക്രട്ടറി ആകണമെന്ന അഭിപ്രായമാണ് ആദ്യം അവതരിപ്പിക്കപ്പെട്ടത്. കെ. സി. ജോര്‍ജ്ജ്, എം. എന്‍. ഗോവിന്ദന്‍ നായര്‍, സി. ജി. സദാശിവന്‍ മുതലായ കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാര്‍ ഈ നിര്‍ദേശവുമായി കേശവനെ സമീപിച്ചു. സര്‍. സി. പി. യുടെ പക്ഷക്കാരില്‍നിന്ന് സംഘടനയെ പിടിച്ചെടുക്കേണ്ടത് ആവശ്യമാണെന്ന കാര്യത്തില്‍ അദ്ദേഹത്തിനെതിര്‍പ്പില്ലായിരുന്നു എന്ന് മാത്രമല്ല, അത് അത്യാവശ്യമാണെന്ന അഭിപ്രായവും ഉണ്ടായിരുന്നു. എന്നാല്‍ യോഗം ജനറല്‍ സെക്രട്ടറിയാകാനോ യോഗനേതൃത്വം ഏറ്റെടുക്കാനോ തന്നെ കൊണ്ടാവില്ലെന്നു അദ്ദേഹം തീര്‍ത്തു പറഞ്ഞു.

കുമ്പളത്തു ശങ്കുപിള്ളയും സി. കേശവനും എക്കാലവും തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിലെ തീവ്രവാദികളായിരുന്നു. കമ്മ്യൂണിസ്റ്റ്‌കാരെപോലുള്ള ഇടതുപക്ഷതീവ്രവാദികളുമായി സഹകരിച്ചുകൊണ്ടാണ് അവര്‍ പലപ്പോഴും പ്രവര്‍ത്തിച്ചിരുന്നത്. കെ. സി. ജോര്‍ജ്ജ് , എം. എന്‍. ഗോവിന്ദന്‍ നായര്‍ പി. ടി പുന്നൂസ്, സി. ജി. സദാശിവന്‍ മുതലായ കമ്മ്യൂണിസ്റ്റ്‌ നേതാക്കന്‍മാരുമായി കേശവനും കുമ്പളവും സ്ഥിര ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു. തൊഴിലാളികളും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങിയത് ഈ കോണ്‍ഗ്രസ്‌ നേതാക്കന്‍മാരുടെ അറിവോടും അനുമതിയോടുംകൂടിയാണ്. എന്നാല്‍ സ്റ്റേറ്റ് കോണ്‍ഗ്രസിലെ മറ്റു നേതാക്കന്മാരില്‍ ആരും തന്നെ കമ്മ്യൂണിസ്റ്റ്‌കാരുമായി ഇങ്ങനെ ഒരു ബന്ധം പുലര്‍ത്തിയിരുന്നില്ല. മാത്രവുമല്ല അവരില്‍ അധികം പേരും കമ്മ്യൂണിസ്റ്റ്‌കാരെ കോണ്‍ഗ്രസിന്‍റെ ശത്രുക്കളായി കാണുകയും ചെയ്തിരുന്നു.”

സര്‍വ്വരാധ്യനായ ഒരു ബഹുജന നേതാവായിരുന്നു സി. ജി. സദാശിവനെന്നാണ് കെ. ആര്‍. സ്വാമിനാഥന്‍ ഒറ്റ വാചകത്തില്‍ പറയാനുള്ള അഭിപ്രായം. അറിവും പ്രവര്‍ത്തന ചാതുര്യവും ഇത്രയേറെ ഉണ്ടായിരുന്ന മറ്റ് അധികം നേതാക്കളെ കണ്ടെത്തുക സാധ്യമല്ല. ഒരു വിപ്ലവകാരിക്കുവേണ്ട സമചിത്തത കാര്യകാരണ ബോധം, ക്ഷാമാപൂര്‍വ്വമുള്ള സമീപനം ഇതൊക്കെ സി. ജി. യുടെ സവിശേഷതകളായിരുന്നു.

അംബേദ്കറുടെ മകനുമൊത്ത് ഗുരുദേവ സന്നിധിയില്‍

സി. ജി. സദാശിവന്‍ ശ്രീ നാരായണ ഗുരു സ്വാമികളെ ദര്‍ശിക്കാന്‍ ഒരിക്കല്‍ വര്‍ക്കല ആശ്രമത്തില്‍ പോയിരുന്നു. പലപ്പോഴും തന്‍റെ വീട്ടില്‍ വച്ചു തന്നെ ശ്രീനാരായണ ഗുരുവിനെ അടുത്തുകാണാനും പരിചയപ്പെടാനും പലവട്ടം കഴിഞ്ഞിട്ടുള്ളയാളാണ് സി. ജി. മറ്റൊരാള്‍ക്ക്‌ ഗുരുസ്വാമിയെ കാണണമെന്ന് വന്നപ്പോള്‍ വര്‍ക്കലയ്ക്ക് അയാളെയും കൂട്ടി കൊണ്ടുപോയതാണ്. ഡോ. ബി. ആര്‍. അംബേദ്കറുടെ മകനാണ് സി. ജി. യോടൊന്നിച്ച് ഗുരുസ്വാമിയെ കാണാന്‍ പോയിരുന്നത്.

സി. ജി. യുടെ വല്യച്ചനായിരുന്ന പാണാവള്ളി കൃഷ്ണന്‍ വൈദ്യരുടെ അടുത്ത് ചികിത്സയ്ക്കായി ഡോ. അംബേദ്കര്‍ തന്‍റെ മകനായ യശ്വന്തിനെ കൂട്ടികൊണ്ടുവന്നിരുന്നു. ചികിത്സ കഴിഞ്ഞ് സുഖപ്പെട്ട പ്പോഴാവണം ശ്രീനാരായണഗുരുവിനെ നേരില്‍ കണ്ടു അനുഗ്രഹം വാങ്ങണമെന്ന ആശ അംബേദ്കറുടെ മകന്‍ ശ്രീ. യശ്വന്തിന് ഉണ്ടായത്.

“സ്വാമിയേ രക്ഷിക്കണം” എന്ന് ആര്‍ത്ത് നിലവിളിച്ച് ഓടിയെത്തിയ ഒരു മനുഷ്യന്‍ സ്വാമിയുടെ മുന്നില്‍ കമിഴ്ന്നടിച്ചു വന്നു വീണു. സ്വാമിയും അപ്പോള്‍ അവിടെയുണ്ടായിരുന്നവരും വല്ലാതെ അമ്പരന്നു പോയി. സര്‍പ്പദംശനമേറ്റ് ഭയപ്പെട്ടു ജീവരക്ഷയ്ക്കായിട്ടാണ് ആ മനുഷ്യന്‍ ഓടിയെത്തി സ്വാമി തൃപ്പാദങ്ങളെ അഭയം പ്രാപിച്ചത്. കാര്യം മനസ്സിലാക്കിയ സ്വാമി ഒരു ക്ഷുരകനെ ഉടനെ വരുത്തി സര്‍പ്പദംശനമേറ്റ ആളിന്‍റെ ശിരസ്സിലെ മുടി വട്ടത്തില്‍ വടിപ്പിച്ചു. അതിനുശേഷം സ്വാമികള്‍ എഴുന്നേറ്റ് പരിസരങ്ങളില്‍ നടന്ന് ചില പച്ചിലകള്‍ പറിച്ചെടുത്തു. തുടര്‍ന്ന് അവ പിഴിഞ്ഞ് മുടിവടിച്ചുകളഞ്ഞ വൃത്തത്തിനുള്ളില്‍ ഒഴിച്ചു. അധികം വൈകാതെ അവശനായി കഴിഞ്ഞിരുന്നയാള്‍ രോഗവിമുക്തനായി എഴുന്നേറ്റ് പോവുകയുണ്ടായത്രേ.

സി. ജി. എനിക്കൊരു ഭര്‍ത്താവു മാത്രമായിരുന്നില്ല

C.G. Sadasivan and Bhaimi Sadasivan

കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ മിക്കവരും അവിവാഹിതരായി ജനകീയ പോരാട്ടങ്ങളില്‍ മുഴുകികഴിഞ്ഞിരുന്നു. വിവാഹത്തേയും കുടുംബജീവിതത്തേയും പറ്റി ചിന്തിക്കാന്‍ തന്നെ അവര്‍ക്ക് സമയമില്ലായിരുന്നു. ഇതിനിടയിലാണ് സി. ജി. യുടെ വിവാഹം മഹിളാസംഘം പ്രവര്‍ത്തകയായ ഭൈമിയുമായി നടന്നത്. ഇതേ തുടര്‍ന്ന് പി. റ്റി. പുന്നൂസ്, എം. എന്‍. ഗോവിന്ദന്‍ നായര്‍ എന്നീ നേതാക്കളുടെ വിവാഹവും നടക്കുകയുണ്ടായി.

സി. ജി. യെകൊണ്ട് ഭൈമിയെ വിവാഹം കഴിപ്പിക്കുന്നതിനു മുന്‍കൈയെടുത്തത് സഖാവ് സി. കെ കുമാരപ്പണിക്കരായിരുന്നു. വിവാഹകാര്യം സി. ജി. യുടെ പിതാവുമായി സംസാരിച്ചത് സഖാവ് എം. എന്‍. ഗോവിന്ദന്‍ നായരായിരുന്നു. വിവാഹ നിശ്ചയത്തിന് പാണാവള്ളിയില്‍ നിന്നും പട്ടണക്കാട് പെണ്ണിന്‍റെ ഭവനമായിരുന്നു കൈതവേലില്‍ എത്തിയത് സി. ജി. യുടെ അച്ചന്‍ ഗോവിന്ദന്‍ വൈദ്യര്‍ മാത്രമായിരുന്നു.

വിവാഹം നിശ്ചയിക്കപ്പെട്ടുകഴിഞ്ഞപ്പോള്‍ സി. ജി. ചില അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉന്നയിച്ചു. വിവാഹം അതീവലളിതമായിരിക്കണം, സദ്യവേണ്ട. (അരി കിട്ടാത്ത കാലമായിരുന്നു അത്.) മുഹൂര്‍ത്തം തൊഴിലാളികള്‍ ജോലികഴിഞ്ഞുവരുന്ന സമയമായിരിക്കണം. വിവാഹച്ചടങ്ങുകള്‍ പൊന്നാംവെളിയിലുള്ള ചേര്‍ത്തല കയര്‍ഫാക്ടറി വര്‍ക്കേര്‍സ് യൂണിയന്‍ ഓഫീസില്‍ വച്ചാകണം. അഞ്ചുപേര്‍ മാത്രമേ വരന്‍റെ പാര്‍ട്ടിക്കാരായി പാണാവള്ളിയില്‍ നിന്നും എത്തുകയുള്ളു. ഇതൊക്കെയായിരുന്നു സി. ജി. നിര്‍ദ്ദേശിച്ച വ്യവസ്ഥകളും നിര്‍ദ്ദേശങ്ങളും.

വിവാഹത്തിനുള്ള താലിമാല കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ നിന്നുമാണ് ഉണ്ടാക്കികൊടുത്തത് ചുറ്റികയും അരിവാളും ഒരു നക്ഷത്രവും അടയാളപ്പെടുത്തിയിരുന്ന താലിമാല. വധുവിനുള്ള ഡ്രസ്സ്‌ നല്ല വെള്ള ഖദര്‍ വസ്ത്രങ്ങളുമായിരുന്നു.

വിവാഹത്തിന് ഇടനിലക്കാരനായി നിന്ന് എല്ലാം ശരിയാക്കിയ കുമാരപ്പണിക്കര്‍ ചില ഉപദേശങ്ങള്‍ മുന്‍കൂറായി സി. ജി.യുടെ ഭാര്യയായി തീരാന്‍ പോകുന്ന പെണ്‍കുട്ടിക്ക്‌ നല്‍കിയിരുന്നു.

വളരെ അടുത്ത സഹപ്രവര്‍ത്തകരേയും സുഹൃത്തുക്കളെയും പോലും സി. ജി. തന്‍റെ വിവാഹകാര്യം അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്തിരുന്നില്ല.

എസ്. എന്‍. ഡി. പി. യോഗത്തിലും സ്റ്റേറ്റ് കോണ്‍ഗ്രസിലും തുടര്‍ന്ന് യൂത്ത് ലീഗിലും സി. ജി. യുമൊത്ത് പ്രവര്‍ത്തിച്ചിരുന്ന സി. കേശവന്‍, പാണാവള്ളി ചിറ്റയില്‍ കുടുംബത്തില്‍ വരികയും സി. ജി. യുടെ അച്ഛനും വല്യച്ചന്‍ കൃഷ്ണന്‍ വൈദ്യരുമൊക്കെയായി ഒരു കുടുംബന്ധുവിനെപ്പോലെ കരുതുകയും ചെയ്തിരുന്നു.

സി. ജി യുടെ കടിഞ്ഞൂല്‍ കനിയെ പ്രസവിച്ചിട്ട് ആ കുട്ടിയുടെ മുഖം തെളിവില്‍ കാണാനായത് കുട്ടിക്ക് അഞ്ചു വയസ്സ് പ്രായമായപ്പോഴാണ്. ചില രാത്രികളില്‍ അപൂര്‍വ്വമായി വീട്ടിലെത്തിയിട്ടുള്ള സി. ജി. ക്ക് അതിനു മുന്‍പ്‌ ഇരുളില്‍ മാത്രമേ കുഞ്ഞിനെ കാണാന്‍ തരപ്പെട്ടിരുന്നുള്ളു. മുഖം ശരിയായി കണ്ടിരുന്നില്ല. ഒളിവ്ജീവിതത്തിന്‍റെ കാഠിന്യം അത്ര വലുതായിരുന്നു.

വയലാറിലെ വെടിവയ്പിനു ശേഷം

പോലീസിന്‍റെ അന്വേഷണവും അറസ്റ്റും ഭയപ്പെട്ടു ഭൈമി സദാശിവന്‍ ആറേഴു മാസത്തെ ഗര്‍ഭവും താങ്ങി തൃപ്പൂണിത്തുറയ്ക്ക് അടുത്തുള്ള ഏരൂര്‍ പ്രദേശത്തേക്കു പോന്നു. സി. ജി. സദാശിവന്‍റെ ഒരു ഇളയമ്മ അവിടെ താമസിക്കുന്നുണ്ടായിരുന്നു. അമ്മാവന്‍റെ രണ്ടു മക്കളും ഭൈമി സദാശിവന്‍റെ കൂട്ടത്തിലുണ്ടായിരുന്നു. കവിയും പണ്ഡിതനുമായ പുതുശ്ശേരി രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു.

സൂര്യോദയം പോലെ പാര്‍ട്ടിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്

വയലാര്‍ സമരത്തിന്‍റെ ഒന്നാം വാര്‍ഷികം നാട്ടിലാകെ ആചരിക്കപ്പെട്ടു. അന്ന് വയലാറില്‍ കളവംങ്കോടം ക്ഷേത്ര മൈതാനത്ത് ചേര്‍ന്ന സമ്മേളനം അവിസ്മരണീയമാണ്. ആ സമ്മേളനത്തില്‍ പ്രധാന പ്രാസംഗികന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് പി. ടി. പുന്നൂസായിരുന്നു. “എന്‍റെ പ്രിയപ്പെട്ട സി. ജി. സദാശിവന്‍ ഇപ്പോള്‍ എവിടെയാണ്? സഖാവ് സി. കെ. കുമാരപ്പണിക്കരും കെ. ആര്‍. സുകുമാരന്‍ തുടങ്ങിയ എത്രയെത്ര പ്രിയങ്കരരായ സഖാക്കളും ഇപ്പോള്‍ എവിടെയാണ്. അറിയില്ല.” പുന്നൂസിന്‍റെ പ്രസംഗം ജനങ്ങളില്‍ ആവേശവും ആത്മവിശ്വാസവും ഉണര്‍ത്തുന്നതായിരുന്നു. പ്രസംഗം കഴിയുമ്പോള്‍ ജനകൂട്ടമാകെ കണ്ണീര്‍ തുടയ്ക്കുന്നുണ്ടായിരുന്നു. എങ്കിലും അവരുടെയെല്ലാം മനസ്സുകള്‍ തിളക്കുകയും ത്രസിക്കുകയും ചെയ്തിരുന്നു വെന്നതാണ് വാസ്തവം.

പ്രയാസങ്ങളുടെ നടുവില്‍ ഒരു ജോലി തേടി

ചെങ്കോട്ട ജയിലില്‍ കഴിഞ്ഞിരുന്ന പ്രിയതമന് ഭൈമി സദാശിവന്‍ ഒരു കത്തെഴുതി. ജോലിക്ക് പോകാന്‍ അനുവാദം ചോദിച്ചുകൊണ്ടുള്ളതായിരുന്നു അത്. മറുപടി ഉടനെ വന്നു. കോണ്‍ഗ്രസ്‌ ഗവണ്‍മെന്‍റിന്‍റെ ഒരു ജോലിക്കും പോകേണ്ട. രണ്ടു പേര്‍ക്കും പാര്‍ട്ടിയില്‍ തന്നെ നിന്ന് ഒരുമിച്ചു പ്രവര്‍ത്തിക്കാം എന്നായിരുന്നു സി. ജി. യുടെ മറുപടി.

ഒരു അധ്യാപികയാകാനുള്ള യോഗ്യതയെല്ലാം ഭൈമി സദാശിവനുണ്ടായിരുന്നു മലയാളം ഹയര്‍, എസ്.എസ് എല്‍. സി., ടി. ടി. സി., ബി. ടി. സി. (ബേസിക് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്) ഇതെല്ലാം അവര്‍ പാസ്സായിരുന്നു.

കേരളത്തില്‍ രൂപീകരിച്ച ആദ്യത്തെ മഹിളാ സംഘം

ചേര്‍ത്തലയില്‍ രൂപീകരിച്ച മഹിളാ സംഘത്തിന്‍റെ പ്രസിഡന്‍റ് കിഴക്കേ ചക്കാലയില്‍ ശ്രീമതി സി. നാരായണി അമ്മയും, ജനറല്‍ സെക്രട്ടറി ശ്രീമതി എന്‍. ഭൈമിയുമായിരുന്നു. വൈസ്‌ പ്രസിഡന്‍റായിരുന്നത് ശ്രീമതി ദേവകി കൃഷ്ണനുമായിരുന്നു.

സി. ജി. സദാശിവന്‍, സി. കെ കുമാരപ്പണിക്കര്‍, പുതുപ്പള്ളി രാഘവന്‍, എസ്. ദാമോദരന്‍, പി. ഗംഗാധരന്‍, സി. കെ. ഭാസ്കരന്‍, കെ. എന്‍. കേശവന്‍, എന്‍. എസ്. പി. പണിക്കര്‍, ടി. കെ. രാമന്‍ തുടങ്ങിയ പാര്‍ട്ടി നേതാക്കളുടെയും സജീവ പ്രവര്‍ത്തകരുടെയും ശ്രദ്ധയിലും നേതൃത്വത്തിലുമാണ് മഹിളാ സംഘം, കര്‍ഷകസംഘം, വിവിധ തൊഴിലാളി സംഘടനകള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോയിരുന്നത്.

വയലാറില്‍ ദേവകി കൃഷ്ണന്‍റെ നേതൃത്വത്തിലും പട്ടണക്കാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കിഴക്കേ ചക്കാലയില്‍ നാരായണിയുടേയും നേതൃത്വത്തിലുമാണ് പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചതും ശക്തിയാര്‍ജിച്ചതും.

പാര്‍ട്ടി സഖാക്കള്‍ നാരായണിചേച്ചിയെ ‘മദര്‍’ എന്നാണു സംബോധന ചെയ്തിരുന്നത്. ഒളിവില്‍ കഴിഞ്ഞിരുന്ന എത്രയോ സഖാക്കള്‍ ചേച്ചിയുടെ വീട്ടില്‍ ദീര്‍ഘകാലം ഒളിവില്‍ താമസിച്ചിട്ടുണ്ട്. സഖാവ് പി. ഗംഗാധരന്‍, ആര്‍. ശങ്കരനാരായണന്‍ തമ്പി, സി. കെ. കുമാരപ്പണിക്കര്‍, എന്‍. സി. ശേഖര്‍, പി. ടി. പുന്നൂസ്‌, കെ. സി. ജോര്‍ജ്ജ് പി. എ. സോളമന്‍, എം. എന്‍. ഗോവിന്ദന്‍ നായര്‍, ആര്‍. സുഗതന്‍, പന്തളം പി. ആര്‍. മാധവന്‍ പിള്ള, എം. ടി. ചന്ദ്രസേനന്‍ തുടങ്ങി പാര്‍ട്ടിയുടെ പല നേതാക്കളും ചേച്ചിയുടെ സംരക്ഷണയില്‍ കിഴക്കേ ചക്കാലയില്‍ വരികയും താമസിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു പുത്രിയും മൂന്നു പുത്രന്മാരും

സി. ജി. – ഭൈമി ദമ്പതികള്‍ക്ക്‌ ഒരു പുത്രിയും മൂന്ന് പുത്രന്മാരുമാണുള്ളത്.

മൂത്തപുത്രി സി. ബി. സോയയുടെ ജനനത്തെ സംബന്ധിച്ച കാര്യങ്ങള്‍ മുമ്പേ പറഞ്ഞിട്ടുണ്ട്. സോയയെ വിവാഹം കഴിച്ചത് ഒരു കവിയും എഴുത്തുകാരനുമായ ഹരിദാസ് വളമംഗലമാണ്. ഇപ്പോള്‍ യോഗനാദം ദ്വൈവാരികയുടെ അസോസിയേറ്റ് എഡിറ്റര്‍. സോയ – ഹരിദാസ്‌ ദമ്പതികള്‍ക്ക് ലയ, ലയാര, ലക്ഷ്മി എന്നീ മൂന്ന് പെണ്‍മക്കളാണുള്ളത്. സോയ വളമംഗലം എസ്. സി. എസ്. ഹൈസ്ക്കൂളില്‍ ക്ലാര്‍ക്കായിരുന്നു. അടുത്ത നാളില്‍ റിട്ടയര്‍ ചെയ്തു.

സി. ജി. യുടെ മറ്റ് മൂന്നു ആണ്‍മക്കള്‍ സി. എസ്. സച്ചിത്ത്‌, സി. എസ്. ശരത്കുമാര്‍, സി. എസ്. സുരേഷ് എന്നിവരാണ്.

സി. എസ്. സജിത്ത്‌

മൂത്ത പുത്രനായ സജിത്തിന്‍റെ ഭാര്യ ജയശ്രീയാണ്. സുര്‍ജിത്‌, ലിന്‍ജു എന്നിവര്‍ മക്കളുമാണ്

സച്ചിത്ത് സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട് മെന്‍റില്‍ എക്സി. എന്‍ജിനീയറാണ്. കേരള കണ്‍സ്ട്രക്ഷന്‍ കമ്പോണന്‍സ് (ചേര്‍ത്തല പള്ളിപ്പുറം മണല്‍ ഇഷ്ടിക ഫാക്ടറി) കേരള സ്റ്റേറ്റ് ഫാര്‍മിംഗ് കോര്‍പ്പറേഷന്‍, ട്രിവാന്‍ഡ്രം റബ്ബര്‍ വര്‍ക്സ് എന്നിവയുടെ മാനേജിംഗ് ഡയറക്റ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ എം. ഡി. യുടെ അഡീഷണല്‍ ചാര്‍ജും കുറെനാള്‍ സച്ചിത്ത് വഹിച്ചിരുന്നു.

സി.എസ്. ശരത്കുമാര്‍

രണ്ടാമത്തെ പുത്രന്‍ ശരത്കുമാര്‍ ചേര്‍ത്തലയില്‍ വാരനാട് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പ്രസിദ്ധമായ മാക്ഡവല്‍ കമ്പനിയില്‍ കെമിസ്റ്റായിരുന്നു വളരെകാലം. അവിടെതന്നെ പ്രൊഡക്ഷന്‍ സൂപ്രണ്ടായി ജോലി ചെയ്തിരുന്ന ശരത്കുമാര്‍ ഇപ്പോള്‍ ചെന്നൈയില്‍ മറ്റൊരു സ്വകാര്യ കമ്പനിയില്‍ ജനറല്‍ മാനേജരാണ്.

ശരത്കുമാറിന്‍റെ ഭാര്യ ശശികല ബാങ്ക് ജീവനക്കാരിയാണ്. ഈ ദമ്പതികള്‍ക്ക്‌ ഐശ്വര്യ, അര്‍ജുന്‍ എന്നീ രണ്ടു മക്കളുമുണ്ട്.

സി. എസ്. സുരേഷ്

സി. ജിയുടെ ഏറ്റവും ഇളയമകന്‍ സുരേഷ്. സോവിയറ്റ് യൂണിയനില്‍ “പാട്രിസ് ലൂബുംബാ” യൂണിവേഴ്സിറ്റിയില്‍ പഠിച്ച് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ എം. എസി. ബിരുദം നേടിയിട്ടുണ്ട്.

1977 മുതല്‍ 1983 വരെ സോവിയറ്റ് യൂണിയനില്‍ വിദ്യാഭ്യാസം നടത്തിയ സുരേഷ് റഷ്യന്‍ ഭാഷാ ജ്ഞാനവും കൂടുതല്‍ ലോക പരിചയവുമുള്ള ഒരു ചെറുപ്പക്കാരനാണ്.

സോവിയറ്റ് യൂണിയനില്‍ നിന്ന് വിദ്യാഭ്യാസം നേടി നാട്ടിലെത്തിയ സുരേഷ് ബാംഗ്ലൂരില്‍ കേന്ദ്ര ഗവണ്‍മെന്‍റ് സ്ഥാപനമായ സെന്‍ട്രല്‍ മെഷീന്‍ ടൂള്‍സ്‌ ഇന്‍സ്റ്റിട്ടൂട്ടില്‍ 1984 മുതല്‍ ഒന്നര വര്‍ഷക്കാലം ജോലി ചെയ്തു. തുടര്‍ന്ന് കളമശ്ശേരി എച്ച്. എം. റ്റി. ഫാക്ടറിയില്‍ ഡിസൈന്‍ എന്‍ജിനീയറായും മറ്റൊരു ഒന്നരവര്‍ഷക്കാലം ജോലി ചെയ്തു. കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനില്‍ അസി. എഞ്ചിനീയറായിരുന്ന സുരേഷ് ഇപ്പോള്‍ ടെക്നോ എക്സ്പോര്‍ട്ട് എന്ന പേരില്‍ കയറ്റുമതി ബിസിനസ്സ്‌ നടത്തിവരികയാണ്. മുഖ്യമായും കയറും കയര്‍ ഉല്പന്നങ്ങളുമാണ് കയറ്റി അയക്കുന്നത്. കയറ്റുമതിക്ക് നിരവധി വര്‍ഷങ്ങളായി ദേശീയ അവാര്‍ഡ്‌ ലഭിക്കുകയുണ്ടായി.

സുരേഷിന്‍റെ ഭാര്യ ദര്‍ശന സുരേഷ്. വളമംഗലം SCSHS-ല്‍ ഹൈസ്കൂള്‍ അദ്ധ്യാപികയാണ് ശങ്കര്‍, സാഗര്‍ എന്നീ രണ്ടു ആണ്‍ മക്കളാണ് ഈ ദമ്പതികള്‍ക്കുള്ളത്.

ബാംഗ്ലൂരില്‍ രാജാജി നഗറില്‍ അന്ത്യം

ഇളയ മകന്‍ സുരേഷിന്‍റെ കൂടെ കുറച്ചുനാള്‍ കഴിയണമെന്ന് മോഹിച്ചാണ് സി. ജി. സഹധര്‍മ്മിണിയുമൊത്ത് ബാംഗ്ലൂരെത്തിയത്. 1985 ഫെബ്രുവരിയിലായിരുന്നു അത്. റയില്‍വെ സ്റ്റേഷനിലെത്തി തങ്കന്‍ (അങ്ങനെയാണ് സുരേഷിനെ വീട്ടില്‍ എല്ലാവരും വിളിക്കുന്നത്‌) പിതാവിനെയും മാതാവിനെയും രാജാജി നഗറിലുള്ള തന്‍റെ ചെറിയ വാടക വീട്ടിലേക്ക്‌ കൂട്ടികൊണ്ടുപോവുകയായിരുന്നു.

ബാംഗ്ലൂരിലെ കൊച്ചുഭവനത്തില്‍ തന്നോടൊപ്പം താമസിക്കുന്നതിനിടയില്‍ സി. ജി.ക്ക് അസുഖം ഉണ്ടായതും തുടര്‍ന്ന് മരണം സംഭവിച്ചതും സംബന്ധിച്ച് സുരേഷ് വിവരിക്കുന്നതിങ്ങനെയാണ്.

അച്ഛന്‍ എത്തി മൂന്നോ നാലോ ദിവസം കഴിഞ്ഞപ്പോള്‍ തല ചുറ്റുന്നതായി പറഞ്ഞു. തുടര്‍ന്ന് വെയിലത്ത് പോയിരുന്നു, കുറച്ചു സമയം വെയില്‍ കൊണ്ട് കഴിഞ്ഞപ്പോള്‍ ആശ്വാസമായിയെന്നും പറഞ്ഞു.

‘എനിക്ക് ഇപ്പോള്‍ അസുഖമൊന്നുമില്ല നീ ജോലിക്ക് പൊയ്ക്കോ’ എന്ന് അച്ഛന്‍ നിര്‍ദേശിച്ചു. വൈകിട്ട് ജോലി സ്ഥലത്ത്നിന്നും വീട്ടിലെത്തി അച്ഛനെ പരിശോധിപ്പിക്കാന്‍ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി. ഞാനും അമ്മയും കൂടിയാണ് കൊണ്ടുപോയത്. രാജാജി നഗറില്‍ തന്നെയായിരുന്നു ആശുപത്രി. ഡോക്ടര്‍ അച്ഛനെ വിശദമായി പരിശോധിച്ചു. ഈ. സി. ജി. എടുത്തു, വിശേഷിച്ചൊന്നുമില്ല. എല്ലാം നോര്‍മല്‍.

ആശുപത്രിയില്‍ നിന്നും ആശ്വാസത്തോടെ വീട്ടിലെത്തിയ അച്ഛന്‍ അടുത്ത ദിവസം എന്നോട് പറഞ്ഞു. എനിക്കുടനെ നാട്ടിലേക്ക്‌ പോകണം ട്രെയിനിന് ടിക്കറ്റ് ബുക്ക്‌ ചെയ്യണം.

കേരളത്തിലേക്ക്‌ പോരാന്‍ ട്രെയിന്‍ ടിക്കറ്റ് കിട്ടിയത് മാര്‍ച്ച് രണ്ടാം തീയതിയ്ക്കാണ്. ഇതറിയിച്ചപ്പോള്‍ “താമസിച്ചുപോയല്ലോടാ” എന്ന് അച്ഛന്‍ പറഞ്ഞു. അടുത്ത ദിവസം അച്ഛനോടൊപ്പം പ്രാതല്‍ കഴിച്ച് ഓഫീസില്‍ എത്തിയ എന്നെ തേടിയെത്തിയത്‌ അച്ഛന്‍റെ മരണ വൃത്താന്തമാണ്

ഫാക്ടറിയില്‍ എന്നോടൊത്തു ജോലി ചെയ്യുന്നവരില്‍ പണിക്കര്‍ എന്ന ഒരു മലയാളി ഉണ്ടായിരുന്നു. പണിക്കരും ഞാനും കൂടി പെട്ടെന്ന് വീട്ടില്‍ എത്തി.

ഹൃദയഭേദകമായിരുന്നു അപ്പോള്‍ കണ്ട കാഴ്ച. അച്ഛന്‍ ഒരു മുറിയില്‍ മരിച്ചു കിടക്കുന്നു അമ്മ അടുത്തിരുന്നു കരയുന്നു. സഹായത്തിനു വേറെ ആരുമില്ലായിരുന്നു. കുറച്ചു നേരത്തേക്ക്‌ എന്ത് ചെയ്യണമെന്ന് ഒരു രൂപവുമില്ലാതെ ഞാനങ്ങിനെ നിന്നുപോയി.

ഞാന്‍ വേഗം അടുത്ത ടെലിഫോണ്‍ ബൂത്തില്‍ പോയി സി. പി. ഐ. ആഫീസിലെ സഖാവ് രാമനെ വിളിച്ച് വിവരങ്ങള്‍ പറഞ്ഞു . രാമനാണ് പിന്നീട് നാട്ടിലേക്ക്‌ വിവരം വിളിച്ചറിയിച്ചത്. വിവരമറിഞ്ഞ് ഒരു മണിക്കൂറിനകം സി. പി. ഐ. കര്‍ണാടക സംസ്ഥാന സെക്രട്ടറിയും സ്ഥലം എം. എല്‍. എ യുമായ സഖാവ് എം. എസ്. കൃഷ്ണന്‍ കുറെ സഖാക്കളെയും കൂട്ടി വീട്ടിലെത്തി. ഒരു മിനി ബസ്സില്‍ എന്‍റെ ഫാക്ടറിയിലെ കുറെ ജോലിക്കാരും വന്നു.

മൃതദേഹം സംസ്ഥാനംവിട്ടു കേരളത്തിലേക്ക് കൊണ്ട് പോകണമെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ് വേണം. അത് അടുത്ത ദിവസമേ കിട്ടൂ. സഖാവ് എം. എസ്. കൃഷ്ണന്‍റെ സ്വാധീനത്തില്‍ മരണസര്‍ട്ടിഫിക്കറ്റില്ലാതെതന്നെ ഒരു ടാക്സി കാറില്‍ മൃതദേഹവുമായി ഞാനും അമ്മയും പണിക്കരുമൊത്ത് നാട്ടിലേക്ക്‌ തിരിച്ചു. ഫെബ്രുവരി ഇരുപത്തിയഞ്ചാം തീയതി വൈകിട്ട് ആറ് മണിയോടുകൂടിയാണ് കേരളത്തിലേക്ക്‌ തിരിച്ചത്.

1985 ഫെബ്രുവരി ഇരുപത്തിയാറാം തീയതി വെളുപ്പിന് ഏഴു മണിയോടുകൂടിയാണ് മൃതദേഹവുമായി വാഹനം ചേര്‍ത്തലയില്‍ പട്ടണക്കാടുള്ള സദാശിവഭവനത്തിലെത്തിയത്. മൃതദേഹം ബാംഗ്ലൂരില്‍ നിന്നും നാട്ടിലെത്തിച്ചതിന്‍റെ ടാക്സി കൂലിയും മറ്റും കൊടുത്തത് അന്ന് ആലപ്പുഴ സി. പി. ഐ. ജില്ലാ സെക്രട്ടറിയായിരുന്ന സഖാവ് വി. കെ. വിശ്വനാഥനായിരുന്നു.

അന്ത്യവിശ്രമം പുന്നപ്ര–വയലാര്‍ രക്തസാക്ഷികളോടൊപ്പം

സഖാവ് സി. ജി. സദാശിവന്‍ അന്തരിച്ച വിവരമറിഞ്ഞു നാടിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി ആബാലവൃദ്ധം ജനങ്ങളും തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ഒരു നോക്ക് കാണാനും അന്ത്യാഭിവാദ്യങ്ങളര്‍പ്പിക്കാനും സദാശിവഭവനത്തില്‍ ആര്‍ത്തലച്ചെത്തിയിരുന്നു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളും പാര്‍ട്ടി പ്രവര്‍ത്തകരും മാത്രമല്ല വിവിധ പാര്‍ട്ടിയുടെ നേതാക്കളും പ്രവര്‍ത്തകരും കക്ഷിഭേദമന്യേ അന്നവിടെ ധാരമുറിയാതെ എത്തിയിരുന്നു.

ജനപ്രവാഹം തുടരുമ്പോള്‍ തന്നെ അലങ്കരിച്ച ഒരു ലോറിയില്‍ സി. ജി. യുടെ മൃതദേഹം കിടത്തി പുന്നപ്ര – വയലാര്‍ ധീര സേനാനികളെ മറവുചെയ്തിട്ടുള്ള ആലപ്പുഴ വലിയ ചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിലേക്ക് കൊണ്ടുപോയി. വഴിനീളെ മൃതദേഹത്തിനു നാട്ടുകാര്‍ സ്വീകരണങ്ങളൊരുക്കിയിരുന്നു.

വൈകിട്ട് 6 മണിയോടെ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിനടുത്ത് സഖാക്കള്‍ പി. കൃഷ്ണപിള്ള, ആര്‍. സുഗതന്‍, ടി. വി. തോമസ് തുടങ്ങിയ ധീര വിപ്ലവകാരികളോടൊത്ത് സി. ജി. യുടെ മൃതദേഹവും സംസ്കരിച്ചു. തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനത്തില്‍ വര്‍ഗ്ഗീസ്‌ വൈദ്യന്‍, സി. കെ. കുമാരന്‍ വക്കീല്‍, പി. കെ. ചന്ദ്രാനന്ദന്‍ തുടങ്ങി പലരും സംസാരിച്ചു.

പുന്നപ്ര – വയലാര്‍ സമരത്തിന്‍റെ നേതാക്കന്‍മാരായി പലരുടെയും പേരുകള്‍ പറഞ്ഞു പോരുന്നുണ്ടെങ്കിലും ആ സമരത്തിന്‍റെ യഥാര്‍ത്ഥനേതാവ് സഖാവ് സി. ജി. സദാശിവനായിരുന്നുവെന്ന് അന്ന് ആലപ്പുഴ രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന അനുശോചന സമ്മേളനത്തില്‍ സ: പി. കെ. ചന്ദ്രാനന്ദന്‍ നടത്തിയ പ്രസ്താവന അത്യന്തം ശ്രദ്ധേയമായിരുന്നു.

ഒരായുസ്സുമുഴുവന്‍ ജനസേവനത്തിനും തൊഴിലാളിവര്‍ഗ്ഗ മോചനത്തിനുമായി ചിലവഴിച്ച മഹാനായ ജനനായകനെ, വിപ്ലവകാരിയെ ജനത ഒന്നടങ്കം അത്യാദരവോടെയാണ് അനുസ്മരിച്ചുപോരുന്നത്.

സി. ജി.യെ ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ സംസ്കരിച്ചതിന്‍റെ വാര്‍ഷികദിനമായ ഫെബ്രുവരി 26 നു ശ്രീമതി ഭൈമി സദാശിവനും കുടുംബാംഗങ്ങളും രക്തസാക്ഷിമണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തുകയും ആദരാഞ്ജലികളര്‍പ്പിക്കുകയും ചെയ്തു പോരുന്നുണ്ട്. ചേര്‍ത്തലയില്‍ അന്നേ ദിവസം വിവിധ അനുസ്മരണ ചടങ്ങുകളും നടന്നു വരുന്നുണ്ട്. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടേയും വിവിധ ബഹുജന സംഘടനകളുടേയും ആഭിമുഖ്യത്തിലാണ് ഈ അനുസ്മരണ ചടങ്ങുകളൊക്കെ സംഘടിപ്പിക്കപ്പെട്ടുവരുന്നത്‌.

03Memoir

മനുഷ്യത്വത്തിന്‍റെ പ്രകാശ ഗോപുരം

എസ്. എല്‍. പുരം സദാനന്ദന്‍

S.L. Puram Sadanandan

സി. ജി. യെ അടുത്തറിയുകയും അദ്ദേഹത്തിന്‍റെ സവിശേഷഗുണങ്ങള്‍ നല്ലതുപോലെ മനസ്സിലാക്കുകയും ചെയ്തിട്ടുള്ളയാളാണ് എസ്. എല്‍. പുരം സദാനന്ദന്‍. കേരളത്തിലെ പ്രമുഖനായ ഒരു നാടകകൃത്തുക്കളിലൊരാളും സാംസ്കാരിക നായകനുമായ എസ്‌. എല്‍. പുരം സി. ജി. സദാശിവനെ അനുസ്മരിക്കുന്നതിങ്ങനെയാണ്.

ആശയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ എത്ര കഠിനമാണെങ്കിലും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മനുഷ്യത്വത്തിന്‍റെ പ്രകാശഗോപുരമായിരുന്നു ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ നേതാവായിരുന്ന സഖാവ് സി. ജി. സദാശിവന്‍.

നാടകവും സിനിമയും കാണുന്നതും, കഥയും കവിതയും നോവലുകളും വായിക്കുന്നതും തമാശകള്‍ പറയുകയും കേള്‍ക്കുകയും ഉള്ളുതുറന്നു ചിരിക്കുകയും ചിരിപ്പിക്കുകയുമൊക്കെ ചെയ്യുന്നതും ഒരു നേതാവിന്‍റെ ഗാംഭീര്യത്തിനു കേടാണെന്ന് ധരിച്ചുവച്ചിട്ടുള്ള ശുദ്ധാത്മാക്കള്‍ക്ക് സി. ജി. സദാശിവനെന്ന പരമ രസികനായ ഉത്തമ കമ്മ്യൂണിസ്റ്റ്‌ നേതാവിനെക്കുറിച്ചുള്ള അറിവുകള്‍ അവരുടെയും വരും തലമുറകളുടെയും മനസ്സുകളില്‍ കൊളുത്തിവയ്ക്കുന്ന നിലവിളക്കുകളായിരിക്കും.

1942- ലെ ബംഗാള്‍ ക്ഷാമത്തിനുമൊക്കെ എത്രയോ മുന്‍പ് ഏതോ ചെറിയ ക്ലാസ്സില്‍ പഠിച്ചിരുന്ന കൊച്ചുകുട്ടിയായിരുന്ന എനിക്ക് സി. ജി. യെ പരിചയപ്പെട്ടപ്പോള്‍ തോന്നിയ സ്നേഹവും ബഹുമാനവും പിന്നീടിങ്ങോട്ടു വളര്‍ന്നു വന്നതല്ലാതെ തളര്‍ന്നുപോയില്ല. അസാധാരണ സിദ്ധി വിശേഷണങ്ങളുള്ള അപൂര്‍വം ചില നേതാക്കന്മാര്‍ക്ക് മാത്രമേ ഇത്രയും കുലീനമായ ഔന്നിത്യം കാത്തുസൂക്ഷിക്കാന്‍ കഴിയുകയുള്ളൂ.

കലാ സാഹിത്യപരമായി എന്നിലുണ്ടായിരുന്ന നേരിയ വാസനകളെ ഒരുപാട് പ്രോത്സാഹിപ്പിക്കുവാനും അഭിനന്ദിക്കുവാനും അദ്ദേഹം ഒട്ടും പിശുക്ക്‌കാണിച്ചിരുന്നില്ല.

സി. ജി. ജയിലിലായിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ പ്രതിനിധിയായി അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചതു ഞാനായിരുന്നു. അങ്ങിനെയങ്ങനെ വിവിധ തരത്തിലുള്ള ബഹുജന സമ്പര്‍ക്കം കൊണ്ട് അനുഭവ സമ്പന്നമായ ഒരു ജീവിതം നേടിയെടുക്കാന്‍ എന്നെ സഹായിച്ചത് സഖാവ് സി. ജി. യായിരുന്നുവെന്നുള്ള സത്യം നന്ദിപൂര്‍വ്വം ഞാന്‍ ഓര്‍മ്മിക്കുന്നു.”

ഡോ.സഹദേവന്‍

1935-ല്‍ നെടുമ്പ്രക്കാട് ഗോവിന്ദന്‍ വക്കീലിന്‍റെ നേതൃത്വത്തില്‍ ഏതാനും എസ്. എന്‍. ഡി.പി. യോഗം പ്രവര്‍ത്തകര്‍ പാണാവള്ളിയില്‍ എത്തി. ഒരു മാവിന്‍ തോപ്പിന്‍റെ തണലില്‍ ഏതാനും യുവാക്കളുമായി സൊറപറഞ്ഞുകൊണ്ടിരുന്ന ചിറ്റയില്‍ ശങ്കുണ്ണിയെ കണ്ടുമുട്ടി. ചിറ്റയില്‍ ശങ്കുണ്ണി അക്കാലത്ത് എറണാകുളം മഹാരാജാസ്‌ കോളേജില്‍ നിന്നും ഇന്‍റര്‍മീഡിയറ്റ്‌ പരീക്ഷ എഴുതാന്‍ കഴിയാതെ പുറത്താക്കപ്പെട്ടിരിക്കുകയായിരുന്ന കാലമാണ്. എസ്. എന്‍. ഡി. പി. നേതാക്കള്‍ക്ക്‌ ചിറ്റയില്‍ ശങ്കുണ്ണി (അന്ന് സി. ജി. സദാശിവനായിട്ടില്ല) യെ തങ്ങളോട് സഹകരിപ്പിച്ച്, ഈ പ്രതിഭാശാലിയെ എസ്. എന്‍. ഡി. പി. യോഗത്തിന്‍റെ നേതൃത്വസ്ഥാനത്ത്‌ കൊണ്ടുവരികയായിരുന്നു ഉദ്ദേശം. കൃഷിക്കാരുടെയും തൊഴിലാളികളുടെയും എണ്‍പതുശതമാനം ഈഴവരാണെന്നും അവരുടെ പ്രശ്‌നങ്ങള്‍ക്ക് മികച്ച പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു സമുദായ പ്രവര്‍ത്തനമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അവരോടു പറഞ്ഞു. ചേര്‍ത്തലയില്‍ വന്ന യുണിയന്‍ പ്രവര്‍ത്തകരുമായി സഹകരിക്കാന്‍ തയ്യാറാണെന്നു വാക്കുകൊടുത്തു പിരിഞ്ഞു.

ഇതിനുശേഷം സി. ജി. ഒരു ദിവസം ചേര്‍ത്തലയിലേക്ക് പോകുവാന്‍ ചെങ്ങണ്ടയില്‍ എത്തി. അന്ന് ചെങ്ങണ്ടയില്‍ ഈഴവരുടെയും കൃഷിക്കാരുടെയും നേതൃത്വത്തില്‍ ഒരു യോഗം വിളിച്ചിട്ടുണ്ട്. ആ യോഗത്തില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കാമെന്നേറ്റിരുന്ന മാന്യന്‍ സ്ഥലത്തെത്തിയിട്ടില്ല. അന്ന്‌ പ്രസംഗമൊന്നും സാധാരണമല്ല. കൃഷിക്കാരുടെതായ ആ യോഗത്തിന് ഒരാളെ കിട്ടുക പ്രയാസമാണ് സി. ജി. യെ കണ്ടയുടനെ സംഘാടകര്‍ക്ക്‌ സന്തോഷവും പ്രതീക്ഷയുംകൊണ്ട് മുഖം വികസിച്ചു.രണ്ടു മൂന്ന് പേര്‍ സി. ജി. യെ സമീപിച്ചു കാര്യം പറഞ്ഞു. സി. ജി. സന്തോഷപൂര്‍വ്വം സമ്മതിച്ചു. ആ യോഗത്തില്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ ഒന്നുമില്ലാതെ സി.ജി. ഒരുനല്ല പ്രസംഗം ചെയ്തു. ആളുകള്‍ കൈയ്യടിച്ച് ആഹ്ലാദവും പ്രകടിപ്പിച്ചു. ഈ വാര്‍ത്ത ചേര്‍ത്തലയില്‍ വളരെ വേഗം പരന്നു. താമസിയാതെ എസ്. എന്‍. ഡി. പി. യൂണിയന്‍ സെക്രട്ടറി സ്ഥാനത്ത്‌ സി. ജി. അവരോധിതനായി.

ചേര്‍ത്തലയില്‍ യൂണിയന്‍ സെക്രട്ടറിയായി അവരോധിതനായ ആദ്യദിനങ്ങളില്‍തന്നെ ഉണ്ടായ ഒരു സംഭവം അഭിമാനപൂര്‍വ്വം എടുത്ത് പറയാനുള്ളത്‌ സി. ജി. യും വക്കീലന്മാര്‍ ഉള്‍പ്പടെയുള്ള സ്നേഹിതന്മാരുമായി ഒരു പോറ്റി ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറി. ചായ കുടികഴിഞ്ഞ് മാനേജരെ സമീപിച്ച് ഞങ്ങളുടെ കാശ് എത്രയാണെന്ന് ചോദിച്ചു മാനേജര്‍ പറഞ്ഞു “കാശെടുക്കാന്‍ വരട്ടെ അതിനു മുന്‍പ്‌ ചായകുടിച്ച ഗ്ലാസ്സ് കഴുകിവെക്കണം” “ഞങ്ങള്‍ അതിനുവന്നവരല്ല ചായകുടിക്കാന്‍ വന്നവരാണ്”. സി. ജി. തിരിച്ചടിച്ചു. ചായകുടിച്ച കാശ് മേശപ്പുറത്ത് വലിച്ചെറിഞ്ഞുകൊടുത്തിട്ട് സി. ജി. നടന്നു. അപ്പോള്‍ പോറ്റിക്കും സില്‍ബന്ധികളായ നായന്മാര്‍ക്കും സി. ജി. യെ പിടിച്ച് വച്ച് ഗ്ലാസ്സ് കഴുകിക്കണം. അപ്പോള്‍ സി. ജി. യെ അറിയാവുന്നവര്‍ അവരുടെ കടയില്‍ ഉണ്ടായിരുന്നു. “അയാള്‍ തിരുവനന്തപുരത്തുനിന്നും രാജാവിനെയും മന്ത്രിയെയും വെല്ലുവിളിച്ചിറങ്ങി പോന്ന ചിറ്റയില്‍ കൃഷ്ണന്‍ വൈദ്യന്‍റെ അനുജന്‍റെ മകനാണ്. കളി ഇവിടെ കൊണ്ട് നില്‍ക്കുകയില്ല. അതുകൊണ്ട് അതുവേണ്ട”. അങ്ങനെയാണ് ചേര്‍ത്തലയിലെ ഈഴവരുടെ ഗ്ളാസ് കഴുകല്‍ അവസാനിക്കുന്നത്.

സി. ജി. യൂണിയന്‍ സെക്രട്ടറിയായതോടുകൂടി ചേര്‍ത്തല താലൂക്കില്‍ ആകെ ഈഴവര്‍ക്ക് ഒരു നവോന്മേഷവും ഉണര്‍വും ഉണ്ടായി. പല ശഖായോഗങ്ങളിലും സി. ജി. യെ കൊണ്ട് ചെന്ന് പ്രസംഗിപ്പിച്ചു. ഈഴവരിലെ തണ്ടാന്മാരും പണിക്കന്മാരും എസ്. എന്‍. ഡി. പി. ക്ക് എതിരായിരുന്നു. അത്തരം കേന്ദ്രങ്ങളില്‍ പണിക്കര്‍ സ്ഥാനീയനായ വൈക്കം ഈ. മാധവന്‍റെയും (ബിനോയ്‌ വിശ്വത്തിന്‍റെ മുത്തഛന്‍) സി. ജി. യുടെയും പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും എസ്. എന്‍.ഡി. പി. യുടെ മുന്നോട്ടുള്ള പ്രയാണത്തിന് വേഗതകൂട്ടി. ചേര്‍ത്തല താലൂക്കിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്നും ചെറുപ്പക്കാരും യാഥാസ്ഥിതികരുമായ സമുദായ മാടമ്പിമാരുടെ പീഡനത്തിലും അടിമത്വത്തിലും കഴിഞ്ഞിരുന്നയാളുകള്‍ പതിവായി യൂണിയന്‍ ഓഫീസില്‍ എത്തി സി.ജി. യെ കണ്ട് പരാതിപറയുവാനും സി.ജി.യെയും മറ്റുള്ളവരെയും വിളിച്ച് കൊണ്ടുപോയി സമുദായാംഗങ്ങളെ കണ്ട്‌ സംസാരിക്കുകയും പതിവായിരുന്നു. നേരത്തെ സവര്‍ണരുടെ മര്‍ദ്ദ നത്തിനും ശിക്ഷയ്ക്കും വിധേയരായിരുന്ന പാവപ്പെട്ട ഈഴവന്‍റെ സഹായത്തിന് ആശ്രയിച്ചിരുന്നത് ഈഴവരാല്‍ തന്നെയുള്ള പ്രമാണിമാരെയായിരുന്നു. അവര്‍ പലപ്പോഴും അമിതമായ വിട്ടുവീഴ്ചകള്‍ ചെയ്യുകയും അഥവാ അവര്‍ അതിനെ എതിര്‍ത്താല്‍ അവരില്‍ നിന്ന് താങ്ങാനാവാത്ത വിധത്തിലുള്ള പ്രതിഫലം ഈടാക്കുമായിരുന്നു. സമുദായസംഘടന നിലവില്‍ വരുകയും അതിന്‍റെ തലപ്പത്ത്‌ സി. ജി. യെപ്പോലെ ആദര്‍ശശാലിയും സമുദായത്തിലെ പാവപ്പെട്ടവനുവേണ്ടി എന്തു ത്യാഗവും സഹിക്കുവാനും ആരുടെ മുന്‍പിലും നിന്നു പോരാടുവാനും തയ്യാറുള്ള ധൈര്യവും തന്‍റെടവുമുള്ള ഒരാള്‍ നേതൃസ്ഥാനത്തേയ്ക്കു വന്നപ്പോള്‍ താലൂക്കിലാകെ ഒരു തിരയിളക്കം അനുഭവപ്പെട്ടു. കൃഷിക്കാരനെയും കുടികിടപ്പുക്കാരനെയും മര്‍ദ്ദിച്ച പരാതി, പോലീസ് കേസ്‌ മറ്റ് സ്ഥലങ്ങളിലെ സമുദായാംഗങ്ങളെയും കൂട്ടിയിണക്കി പ്രതിഷേധ സമ്മേളനം, കൈക്കൂലി വാങ്ങി ജന്മിക്കെതിരെ നടപടിഎടുക്കാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി ഭീക്ഷണിപ്പെടുത്തി നീതി ചെയ്യിക്കുക, നീതിമാന്മാരായ പോലീസ് ഉദ്യോഗസ്ഥന്‍മാരെ നേരിട്ട് കാര്യം പറഞ്ഞു ബോധ്യപ്പെടുത്തി കാര്യങ്ങള്‍ ചെയ്യിക്കുക ഇത്രയുമൊക്കെയായപ്പോള്‍ സി.ജി. സമുദായംഗങ്ങള്‍ക്ക് ആകെ പ്രിയങ്കരനായി. ഈ രീതിയില്‍ ഏതാണ്ടു മൂന്ന് വര്‍ഷമേ സി.ജി. മുന്‍പോട്ടു പോയുള്ളൂ.

1938 - ല്‍ സുഭാഷ്ചന്ദ്രബോസ് കോണ്‍ഗ്രസ്‌ പ്രസിഡന്‍റാവുകയും ബോസും ജവഹര്‍ലാല്‍ നെഹ്‌റു അടക്കം കോണ്‍ഗ്രസിലെ ഇടതുപക്ഷം ശക്തിപ്പെടുകയും ചെയ്തകാലം സി.ജി.യ്ക്കും അടങ്ങിയിരിക്കാനായില്ല. കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ്‌ ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തനം ശക്തിപ്പെടുത്തി മുന്നോട്ടുപോയ സി.ജി ക്കെതിരെ അരൂരില്‍ ഒരു പുര കത്തിച്ചു എന്നുപറഞ്ഞു കള്ളക്കേസ് ചമച്ച് സി.ജി.യെയും വി. എ. ഗോപാലന്‍ നായരെയും അറസ്റ്റ് ചെയ്തു. തെളിവെടുപ്പുവന്നപ്പോള്‍ കേസ്‌ കള്ളക്കേസ്സാണെന്ന് കോടതിക്ക് ബോധ്യമായി. സി. ജി.യെയും വി. എ. ജി. യെയും വെറുതെവിട്ടു. കോണ്‍ഗ്രസില്‍ എത്തിചേര്‍ന്നെങ്കിലും സി.ജി. അപ്പോഴും കര്‍ഷകര്‍ കര്‍ഷകത്തൊഴിലാളികള്‍ കയര്‍ ഫാക്ടറി തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങളുടെ പ്രശ്നങ്ങളിലാണ് കൂടുതല്‍ ശ്രദ്ധിച്ചത്. എസ്. എന്‍. ഡി. പി. യൂണിയന്‍ സെക്രട്ടറി എന്ന നിലയില്‍ ഈ വിഭാഗത്തിന്‍റെ ജീവിത പ്രശ്നങ്ങളെപറ്റി മനസിലാക്കുവാനും അത് പരിഹരിക്കേണ്ടതിന്‍റെ ആവശ്യകത സ്വന്തം ഹൃദയത്തിന്‍റെ ഉള്‍ത്തടത്തില്‍ സി.ജി.യില്‍ സമ്മര്‍ദം ചെലുത്തുവാന്‍ തുടങ്ങി.

എസ്. എന്‍. ഡി. പി. യൂണിയന്‍ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്‍വാങ്ങി കോണ്‍ഗ്രസ്‌ പ്രവര്‍ത്തനവും പ്രചാരസഭാ പ്രവര്‍ത്തങ്ങളും ചര്‍ക്ക ഉപയോഗിച്ച് നൂല്‍ നൂല്‍പ്പും കര്‍ഷകതൊഴിലാളികളുടെ പ്രശ്നങ്ങളുമൊക്കെയായി പൊന്നാംവെളി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയ കാലത്താണ് ഭൈമി സാറുമായി സി. ജി. പരിചയപ്പെടുന്നതും കൈതവേലി കുടുംബവുമായി അടുപ്പത്തിലാകുന്നതും, അത് വിവാഹബന്ധത്തില്‍ കലാശിക്കുന്നതും. ഇതിന് ആധികാരികതയോടുകൂടി പറയുവാന്‍ കഴിയുന്നത് ഭൈമി സാറിനു മാത്രമാണ്. ഇതു ഞാന്‍ സാറിനുവിടുന്നു.

എന്ന പേരില്‍ ഒരു തൊഴിലാളിസംഘടന രൂപികരിച്ച് കയര്‍ ഫാക്ടറി തൊഴിലാളികളെയും കര്‍ഷകതൊഴിലാളികളെയും സംഘടിപ്പിച്ച് മുതലാളിമാരുടെയും ജന്മിമാരുടെയും ആക്രമണങ്ങളെ ചെറുക്കാന്‍ തുടങ്ങി. ജന്‍മിമാര്‍ ശക്തമായ പ്രത്യാക്രമണം തുടങ്ങി. നാട്ടിന്‍ പുറത്ത്‌ സംഘടനാ പ്രവര്‍ത്തനം നടത്തുന്നവരെ പിടിച്ചുകെട്ടി കൊണ്ട് പോവുക സംഘടനാ പ്രവര്‍ത്തനത്തിന് സഹായിക്കുന്നവര്‍ക്ക് ജോലിനിഷേധിക്കുക, കള്ളക്കേസില്‍ കുടുക്കുക തുടങ്ങിയ കലാപരിപാടികള്‍ ജന്മിമാരുടെ ഭാഗത്തുനിന്നും ഉണ്ടായി. ഇതിനു ഇതേ നാണയത്തില്‍ തിരിച്ചടികൊടുക്കണമെന്നും സി.ജി. തീരുമാനിച്ചു. അതിനെപറ്റി വയലാര്‍ രാമവര്‍മ്മ പറയുന്നത് ഇപ്രകാരമാണ്.

സി. ജി. സദാശിവന്‍ സമര ഭൂമിയിലെ പോരാളി

കെ. ആര്‍. സ്വാമിനാഥന്‍

പ്രാഥമിക വിദ്യാഭ്യാസവും, ഹൈസ്ക്കൂള്‍ വിദ്യാഭ്യാസവും കുമ്പളങ്ങിയിലായിരുന്നു. എറണാകുളം മഹാരാജാസില്‍ ഇന്‍റര്‍ മീഡിയേറ്റിനു ചേര്‍ന്ന് പഠിക്കുമ്പോള്‍ തിരുവിതാംകൂറില്‍ നിവര്‍ത്തന പ്രക്ഷോഭം ശക്തമായിരുന്നു. അതില്‍ ആകൃഷ്ടനായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ പുറത്തേക്കുപോന്നു. തളിയാപറമ്പിലെ എസ്. എന്‍. ഡി. പി. ശാഖയോഗത്തിന്‍റെ ആദ്യ സെക്രട്ടറിയായിരുന്നു അദ്ദേഹം. 1114-ല്‍ ആലപ്പുഴയില്‍ കയര്‍ ഫാക്ടറിതൊഴിലാളികളുടെ ചരിത്രപ്രസിദ്ധമായ പണിമുടക്കു നടന്നു. തിരുവിതാംകൂറില്‍ ഉത്തരവാദഭരണത്തിനെതിരായി പ്രക്ഷോഭം കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. പൂച്ചാക്കലും സമീപ പ്രദേശങ്ങളിലുമുള്ള കയര്‍ തൊഴിലാളികളെ സംഘടിപ്പിക്കുവാന്‍ ആര്‍. സുഗതനെത്തി. സുഗതന്‍ സാറാണ് സി. ജി. യെതൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തിന് ചുമതലപ്പെടുത്തിയത്. ജീവിതകാലം മുഴുവന്‍ സുഗതന്‍ സാറുമായുള്ള ആത്മബന്ധം സി. ജി. നിലനിര്‍ത്തി. ചേര്‍ത്തല കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍റെ വൈസ്: പ്രസിഡന്‍റായി സി. ജി. തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തെതുടര്‍ന്ന് ചേര്‍ത്തല താലൂക്കില്‍ ക്ഷാമം വ്യാപിച്ചു. സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്‍റെ നേതൃത്വത്തില്‍ ദുരിതാശ്വാസ കമ്മറ്റി രൂപീകരിച്ചു. വിവിധ പ്രദേശങ്ങളില്‍ നിന്നും കപ്പയും അരിയും ശേഖരിച്ച് പട്ടിണിപ്പാവങ്ങള്‍ക്ക് നല്‍കുവാന്‍ സി. ജി. മുന്നിട്ടിറങ്ങി. 1114–ലെനിയമലംഘന സമരത്തെ തുടര്‍ന്ന് മന്ദീഭവിച്ചുപോയ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്‍റെയും ഒപ്പം സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന്‍റെയും ഉയര്‍ത്തെഴുന്നേല്‍പ്പാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിലൂടെ പ്രകടമായത്.

എസ്. എന്‍. ഡി. പി. യോഗ പ്രവര്‍ത്തനവും സ്റ്റേറ്റ് കോണ്‍ഗ്രസ്‌ പ്രവര്‍ത്തനവും സി. ജിയെ ആരാധ്യനാക്കിമാറ്റി. സുഗതന്‍ സാറുമായുള്ള ബന്ധം അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ്‌കാരനാക്കി. നാഗര്‍കോവിലിലെ ജയിലില്‍ തടവുകാരനായിരുന്ന പി. കൃഷ്ണപിള്ള ജയില്‍വാര്‍ഡന്‍ വഴി പുസ്തകത്തിനുള്ളില്‍ കൊടുത്തയച്ച കത്തുകളില്‍ ഒന്ന് സി.ജി.ക്കുള്ളതായിരുന്നു. കൃഷ്ണപിള്ള പാമ്പു കടിയേറ്റു മരിച്ച വീട്ടില്‍ തൊട്ടു മുമ്പ് ഒളിച്ചു താമസിച്ചിരുന്നത് സി. ജി. യായിരുന്നു. സുരക്ഷിതമായ ആ വീട് പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം കൃഷ്ണപിള്ളയക്കായി സി. ജി. ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. സി. ഒ. മാത്യുവാണ് സി. ജി.യെ പാര്‍ട്ടിസെല്ലില്‍ അംഗമാക്കിയത്.

സമരനായകനായിരുന്ന സി. കെ. കുമാരപ്പണിക്കാരെ കണ്ടുമുട്ടുന്നതും നേതൃത്വത്തിലേക്ക് ഉയര്‍ത്തുന്നതും സി. ജി.യുടെ കൂടെ പ്രവര്‍ത്തനത്തിന്‍റെ ഫലമാണ്. പാര്‍ട്ടി കെട്ടിപ്പെടുക്കുന്നതിന്‍റെ ഭാഗമായി കോട്ടയം ജില്ലയില്‍ അദ്ദേഹം ഏറെ പ്രവര്‍ത്തിച്ചു.

സി. ജി. ക്കെതിരെ സര്‍ സി. പി. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. സി. ജി. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം ഒളിവില്‍ പോയി. ഒളിവുജീവിതം ദുരിതമായിരുന്നു. വയലാര്‍ വെടിവയ്പ്പിന് ശേഷം ഒരു വള്ളത്തില്‍ ചങ്ങനാശേരിവഴി കൊച്ചിയിലേക്ക് പോയി. അവിടെ നിന്നും കോഴിക്കോട്ടെത്തി പാര്‍ട്ടി കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. അവിടെ നിന്നും വീണ്ടും രഹസ്യമായി തിരുവിതാംകൂറില്‍ എത്തി പ്രവര്‍ത്തനം നടത്തി. കല്‍ക്കട്ടാ തിസ്സീസ്സിനെ തുടര്‍ന്ന് ഒളിവില്‍ പോയ സി.ജി. യെ 1949 –ല്‍ പള്ളാത്തുരുത്തിയില്‍ വച്ച് അറസ്റ്റ് ചെയ്ത് ക്രൂരമായ മര്‍ദ്ദനത്തിന് വിധേയനാക്കി. സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായി കുറെനാള്‍ കഴിഞ്ഞു. ജയിലില്‍ കഴിയുമ്പോഴാണ് 1952–ല്‍തിരു-കൊച്ചി അസംബ്ലിയിലേക്ക് സി. ജി. തെരഞ്ഞെടുക്കപ്പെട്ടത്.

പുന്നപ്ര-വയലാര്‍ സമരത്തിന്‍റെ ഐതിഹാസിക പ്രസക്തി

സി. കെ ചന്ദ്രപ്പന്‍ എം. പി

C.K. Chandrappan, M.P.

1938 -ല്‍രൂപീകൃതമായ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്‍റെ നേത്രത്വം രാജഭക്തരും ദിവാന്‍റെ ഭീക്ഷണിക്കുവഴങ്ങി അപമാനകരമായ വ്യവസ്ഥകള്‍ക്കും വഴങ്ങി കൂടിയാലോചനയ്ക്ക് സമ്മതിക്കുന്നവരായതുകൊണ്ട് സ്റ്റേറ്റ് കോണ്‍ഗ്രസിനു തിരുവിതാംകൂറിലെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്‍റെ നേതൃശക്തിയാകാന്‍ കഴിഞ്ഞില്ല.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനോടോ അതിന്‍റെ നേതാക്കന്‍മാരോടോ ഉള്ള ബന്ധം സ്റ്റേറ്റ് കോണ്‍ഗ്രസ്‌ ഉപേക്ഷിച്ചുകൊള്ളാമെന്നും , നിയമ നിഷേധ പ്രസ്ഥാനം എന്നെന്നേക്കുമായി ഉപേക്ഷിക്കമെന്നും, ഉത്തരവാദഭരണമോ അതിലേക്ക് നയിക്കാവുന്നതോ ആയ ഭരണപരിഷ്കാരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുകയില്ലെന്നും ഉറപ്പു നല്‍കി കൊണ്ട് സര്‍ സി. പി. യുമായി സന്ധി സംഭാഷണം നടത്തണമെന്നുമുള്ള പ്രമേയം, വോട്ടിനിട്ട്‌, ഇടതുപക്ഷത്തിന്‍റെ എതിര്‍പ്പോടെ കരുനാഗപ്പള്ളി സമ്മേളനം പാസാക്കിയെങ്കിലും, യുദ്ധം ആരംഭിച്ച, സാഹചര്യത്തില്‍ ഒരു ചര്‍ച്ചയുമില്ലെന്നും ഏകപക്ഷീയമായി ദിവാന്‍ തീരുമാനിച്ചപ്പോള്‍ അതും അംഗീകരിച്ചു കോണ്‍ഗ്രസ്‌.

പിന്നീടവര്‍ ഗാന്ധിജിയുമായി ചര്‍ച്ചചെയ്തു. അദ്ദേഹം ഉത്തരവാദ ഭരണസമരവുമായി മുന്നോട്ടു പോകാനുപദേശിച്ചു. ആ സന്ദര്‍ഭത്തിലാണ് തന്‍റെ ഷഷ്ടബ്ദപൂര്‍ത്തിയും രാജാവിന്‍റെ ജന്മദിനവും വിപുലമായാചരിച്ച് തങ്ങളുടെ ജനപിന്തുണ ലോകത്തെഅറിയിക്കുവാന്‍ ദിവാന്‍ നിശ്ചയിച്ചത്.

ഈ ആഘോഷ പരിപാടികള്‍ ബഹിഷ്കരിച്ചുകൊണ്ട് എല്ലാ മാസവും എട്ടാം തീയതി പൌരാവകാശദിനവും പതിനാറാംതീയതി ഉത്തരവാദഭരണ ദിനവും ഇരുപത്തിനാലാം തീയതി രാഷ്ട്രീയ തടവുകാരുടെ ദിനവുമായി ആചരിക്കുവാന്‍ 1939 ഒക്ടോബര്‍ 30-ന്സ്റ്റേറ്റ് കോണ്‍ഗ്രസ്‌ തീരുമാനമെടുത്തു.

ഇവയൊക്കെ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ക്രിസ്ത്യന്‍, നായര്‍ മുസ്ലിം, ഈഴവ സമുദായ നേതാക്കളെ പ്രീണിപ്പിച്ചുകൊണ്ട് ദിവാന്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസിനെ ദുര്‍ബ്ബലമാക്കി.

തിരുവിതാംകൂറില്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ ദുര്‍ബലമായിരുന്നുവെങ്കിലും സ്വാതന്ത്ര്യ പ്രസ്ഥാനം അനുദിനം ശക്തിപ്രാപിച്ചു വന്നു.

തിരുവിതാംകൂറില്‍ ആഴത്തില്‍ വേരുകളുള്ള സാമുഹ്യ പരിഷ്ക്കരണ പ്രസ്ഥാനങ്ങളുടെ ചുവടുപിടിച്ച് പ്രക്ഷോഭസമരങ്ങളിലൂടെ വളര്‍ന്നു വന്ന കോണ്‍ഗ്രസിലെ റാഡിക്കല്‍ ഗ്രൂപ്പും, സോഷ്യലിസ്റ്റ്‌ ആശയക്കാരും, കമ്മ്യൂണിസ്റ്റ്‌കാരും അതിവേഗം ശക്തി പ്രാപിച്ചു വന്ന തൊഴിലാളി – കര്‍ഷക യുവജനപ്രസ്ഥാനങ്ങളും ഇവിടെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്‍റെ ശക്തി ശ്രോതസ്സുകളായിമാറി. ഉത്തരവാദഭരണത്തിനുവേണ്ടി പോരാടുന്നതില്‍ പരാജയപ്പെട്ട സ്റ്റേറ്റ് കോണ്‍ഗ്രസിന്‍റെ സ്ഥാനത്ത് ഈ പ്രസ്ഥാനങ്ങള്‍ ആ ദൌത്യം നിര്‍വ്വഹിച്ചു.

1938 മുതല്‍ 1946 വരെ ഇത്തരം സമരങ്ങളുടെ വേലിയേറ്റമായിരുന്നു. അതിന്‍റെ കേന്ദ്രമായി മാറി അമ്പലപ്പുഴ–ചേര്‍ത്തല താലൂക്കുകള്‍. മഹാഭൂരിപക്ഷം തൊഴിലാളികളുടെയും ട്രേഡ് യൂണിയനുകളില്‍ സംഘടിപ്പിച്ചുകൊണ്ട് അവരോടൊപ്പം കര്‍ഷകരെയും കര്‍ഷകതൊഴിലാളികളെയും കൂട്ടുചേര്‍ത്ത്, സംഘടിതമായ സാമൂഹ്യ – സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളുടെ അകമ്പടിയോടെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഉജ്ജ്വലമായ ജനകീയ മുന്നേറ്റം ഇവിടെ രൂപം കൊണ്ടു.

നാടുവാഴി സമ്പ്രദായത്തിന്‍റെ പ്രാകൃതമായ മര്‍ദ്ദന-ചൂഷണ സമ്പ്രദായങ്ങള്‍ നിലനിന്നിരുന്ന ഈ താലൂക്കുകള്‍ യുദ്ധകാലത്ത് കൊടും പട്ടിണിയുടെയും ക്ഷാമത്തിന്‍റെയും പിടിയിലമര്‍ന്നു. 20000 പേര്‍ അവിടെ ക്ഷാമം മൂലം മരിച്ചു എന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഈ ജനതയ്ക്ക്‌ ആശ്വാസം പകരുന്നതിനു പകരം അവരെ മര്‍ദ്ദിച്ചൊതുക്കുവാന്‍ ജന്മിപ്പടകള്‍ ഗുണ്ടാസംഘങ്ങളെയും അണിനിരത്തി. അവസാനം പട്ടാളഭരണവും.

1946 ജനുവരിയില്‍ സര്‍ സി. പി. അമേരിക്കന്‍ മോഡല്‍ പ്രഖ്യാപിച്ചു. ഇതിനെതിരെ പ്രതിഷേധം കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ചു. ‘ദിവാന്‍ ഭരണം വേണ്ടേ വേണ്ട, അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍, രാജവാഴ്ച വേണ്ടേ വേണ്ട, സ്വതന്ത്ര തിരുവിതാംകൂര്‍ വേണ്ടേ വേണ്ട’ ഈ മുദ്രാവാക്യങ്ങള്‍ എവിടെയും മുഴങ്ങി.

പ്രായപൂര്‍ത്തി വോട്ടവകാശത്തിന്‍റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന നിയമസഭ. എന്തു തീരുമാനവും സഭയ്ക്ക് കൈക്കൊള്ളാം. പക്ഷെ അതുനടപ്പാക്കുന്നതിനുള്ള അവകാശം രാജാവു നിയമിക്കുന്ന ദിവാനും അദ്ദേഹത്തിന്‍റെ സെക്രട്ടറിമാര്‍ക്കും. സഭയുടെ ഏത് തീരുമാനവും നിരാകരിക്കുവാനുള്ള അവകാശം രാജാവിനും. ഇതാണ് അമേരിക്കന്‍ മോഡല്‍.

സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ ഈ ഭരണ പരിഷ്കാരം നിരാകരിച്ചു. ഈ സമയത്ത് അടിയന്തിരമായി നാട്ടുരാജ്യ പ്രജാസഭയുടെ ഒരു യോഗം ഉദയ്പൂരില്‍ ചേര്‍ന്നു. പട്ടാഭി സീതാരാമയ്യരുടെ അധ്യക്ഷതയില്‍. നാട്ടുരാജാക്കന്‍മാരോട് അനുനയത്തിന്‍റെ നയം സ്വീകരിക്കണമെന്ന് അവര്‍ നിശ്ചയിച്ചു. ഇതുതന്നെ ആയിരുന്നു കേന്ദ്രകോണ്‍ഗ്രസ്‌ നേതൃത്വത്തിന്‍റേയും നയം.

ഈ സമയത്ത് ഒരു ബ്രിട്ടീഷ് പാര്‍ലമെന്‍ററി ഡെലിഗേഷനും തുടര്‍ന്ന് ഒരു ക്യാബിനറ്റ് മിഷനും ഇന്ത്യ സന്ദര്‍ശിച്ചു.

ദിവാന്‍ സര്‍ സി. പി. “നരേന്ദ്ര മണ്ഡലം” ചാന്‍സലറായ ഭോപ്പാല്‍ രാജാവുമായി ഒരു ഗൂഢാലോചന നടത്തി. നാട്ടുരാജ്യങ്ങളുടെ സ്വാതന്ത്ര്യം നിലനിര്‍ത്തുവാന്‍, അത് പറ്റിയില്ലെങ്കില്‍ നാട്ടുരാജ്യങ്ങളുടെ ഒരു ഫെഡറേഷന്‍ രൂപീകരിക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് ഇവര്‍ ചര്‍ച്ച ചെയ്തത്.

അമ്പലപ്പുഴ – ചേര്‍ത്തല താലൂക്കില്‍ ജനങ്ങളുടെ മേല്‍ കടന്നാക്രമണം ക്രൂരമായി തുടര്‍ന്നു. പൊറുതി മുട്ടിയ ജനങ്ങള്‍ വീടുപേക്ഷിച്ചു ക്യാമ്പുകളില്‍ താമസിക്കുവാന്‍ നിര്‍ബന്ധിതരായി. സമരാവേശം കൊടുമ്പിരികൊണ്ടു.

1946 സെപ്തംബര്‍ 25 ന് എ. ഐ. റ്റി. യു. സി.യുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ വച്ച് സംസ്ഥാനത്തെ ട്രേഡ്‌ യൂണിയന്‍ സമ്മേളനം സ്ഥിതി ഗതികള്‍ വിലയിരുത്തി. ടി. വി. തോമസിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഈ യോഗത്തില്‍ ശ്രീകണ്ഠന്‍ നായര്‍, ടി. കെ. ദിവാകരന്‍, തുടങ്ങിയവര്‍ക്കുപുറമെ കോണ്‍ഗ്രസ്‌ നേതാവ് സി. കേശവനും പങ്കെടുത്തു. സര്‍. സി. പി. യുടെ ഗൂഢാലോചനയ്ക്കെതിരെ സമരം ചെയ്യുവാന്‍ യോഗം തീരുമാനിച്ചു.

യോഗത്തില്‍ പങ്കെടുത്ത സി കേശവന്‍ തൊഴിലാളികള്‍ ആര്‍ജ്ജിച്ച ഐക്യത്തെ പ്രകീര്‍ത്തിച്ചു. സമരം ചെയ്യുന്നതിനുള്ള തീരുമാനത്തെ ശക്തിയായി പിന്താങ്ങി. സ്വതന്ത്ര തിരുവിതാംകൂറിനും, അമേരിക്കന്‍ മോഡലിനും രാജവാഴ്ചയ്ക്കുമെതിരായ ഈ സമരത്തിന് സ്റ്റേറ്റ് കോണ്‍ഗ്രസിന്‍റെ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. ഒക്ടോബര്‍ പതിനൊന്നാം തീയതി സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി കൂടുമെന്നും, സമരത്തില്‍ ചേരാന്‍ തീരുമാനിക്കുമെന്നും, അതുവരെ ട്രേഡ് യൂണിയനുകള്‍ സമരം പ്രഖ്യാപിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഈ അഭ്യര്‍ത്ഥന മാനിച്ച് എ. ഐ. റ്റി. യു. സി. സമര പ്രഖ്യാപനം മാറ്റിവച്ചു.

തുടര്‍ന്ന് എ. ഐ. റ്റി. യു. സി. തീരുമാനപ്രകാരം റ്റി. വി. തോമസ്‌, ശ്രീകണ്ഠന്‍ നായര്‍, കണ്ണന്തോടത്തു ജനാര്‍ദ്ദനന്‍ നായര്‍ എന്നിവരടങ്ങുന്ന ഒരു പ്രതിനിധി സംഘം ദിവാനുമായി ചര്‍ച്ചനടത്തി. തൊഴിലാളികള്‍ക്ക്‌ ആനുകൂല്യങ്ങള്‍ നല്‍കി സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായിരുന്നു ദിവാന്‍റെ ശ്രമം. ബോണസ്, തൊഴിലാളികള്‍ക്ക്‌ റിസര്‍വ്വ്‌ നിയോജക മണ്ഡലം തുടങ്ങിയവയൊക്കെ അദ്ദേഹം വാഗ്ദാനം ചെയ്തു. അമേരിക്കന്‍ മോഡല്‍, ദിവാന്‍ ഭരണം, രാജവാഴ്ച, സ്വതന്ത്ര തിരുവിതാംകൂര്‍ ഇവയൊക്കെ തങ്ങള്‍ക്ക് വേണ്ട എന്നും അക്കാര്യത്തിലാണ് തീരുമാനം വേണ്ടതെന്നും തൊഴിലാളി നേതാക്കള്‍ ഉറപ്പിച്ചു പറഞ്ഞതോടെ ചര്‍ച്ച അലസിപ്പിരിഞ്ഞു.

നാട്ടുരാജ്യ പ്രജാമണ്ഡലത്തിന്‍റെ അടിയന്തിര യോഗത്തില്‍ പങ്കെടുത്തു. തിരിച്ചെത്തിയ പട്ടം താണുപിള്ള ഒരു പ്രസ്താവനയില്‍ പറഞ്ഞു, സര്‍. സി. പി. യുടെ ഭരണ പരിഷ്കാരങ്ങളില്‍ സ്വീകാര്യമായ പലതും ഉണ്ട് എന്ന്. ഇതിനെ പിന്താങ്ങി പി. എസ്. നാരായണപിള്ളയും പ്രസ്താവന ഇറക്കി. തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‍റെ നെറികേടും വഞ്ചനയും ഇവിടെ തുറന്നു കാട്ടപ്പെടുന്നു.

സമരത്തെ അനുകൂലിച്ച കോണ്‍ഗ്രസ്‌ നേതാവ് സി. കേശവന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. കുമ്പളത്തു ശങ്കുപിള്ള തുടങ്ങിയവര്‍ക്കെതിരെ വാറണ്ടു പുറപ്പെടുവിച്ചു. അവര്‍ ഒളിവിലായി. ഒക്ടോബര്‍ 11-നു ട്രേഡ്‌ യൂണിയന്‍ സമരസമിതി യോഗം ചേര്‍ന്ന് ഒക്ടോബര്‍ ഇരുപത്തിരണ്ടാം തീയതിമുതല്‍ പൊതുപണിമുടക്ക് പ്രഖ്യാപിച്ചു.

പണിമുടക്കിയ തൊഴിലാളികള്‍ പുന്നപ്രയില്‍ പ്രകടനം നടത്തി പട്ടാളവുമായി ഏറ്റുമുട്ടി, ഒക്ടോബര്‍ 24-നു അവിടെ നിരവധി തൊഴിലാളികളും പോലീസുകാരും മരിച്ചുവീണു.

ഒക്ടോബര്‍ ഇരുപത്തിയേഴാം തീയതി പട്ടാളം, വയലാര്‍, മേനാശ്ശേരി, ഒളതല ക്യാമ്പുകള്‍ ആക്രമിച്ചു. മണിക്കൂറുകള്‍ നീണ്ടുനിന്ന വെടിവയ്പ്പില്‍ നൂറുകണക്കിന് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഇവിടെയെല്ലാം പട്ടാളക്കാര്‍ പ്രകടിപ്പിച്ച ക്രൂരതയും മനുഷ്യത്വമില്ലായ്മയും ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. തുടര്‍ന്ന് അവര്‍ ജനങ്ങളുടെ മേല്‍ നടത്തിയ കടന്നാക്രമണങ്ങളും.

പുന്നപ്ര-വയലാര്‍ സമരം സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമാണ്. ആ സമരത്തിന്‍റെ നേതൃത്വവും, അതില്‍ പങ്കെടുത്ത സമരധീരരും രാജവാഴ്ചയ്ക്കും ദിവാന്‍ ഭരണത്തിനും അമേരിക്കന്‍ മോഡലിനും, സ്വതന്ത്ര തിരുവിതാംകൂറിനും എതിരെ ലക്ഷ്യബോധത്തോടെ സമരം ചെയ്തവരാണ്. ആ സമരം സാമ്രാജ്യത്വത്തിന്‍റെ ഉപചാപങ്ങള്‍ക്കെതിരെ നമ്മുടെ സ്വാതന്ത്ര്യത്തിനും നമ്മുടെ നാടിന്‍റെ ഐക്യത്തിനും വേണ്ടി നടന്ന സമരമാണ്.

പുന്നപ്ര-വയലാര്‍ സമരം പകര്‍ന്ന ആവേശം കരുത്തുറ്റ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെയും സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന്‍റെയും അഭൂതപൂര്‍വ്വമായ വളര്‍ച്ചയ്ക്ക് വഴിവച്ചു. ആ സമരത്തിനു ശേഷം ബ്രിട്ടീഷ്‌ ഭരണത്തിനും രാജവാഴ്ച്ചക്കും ദിവാന്‍ ഭരണത്തിനും തുടര്‍ന്നു നിലനില്‍ക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടു. അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ താണു. രാജാവിന്‍റെയും ദിവാന്‍റെയും സ്വാതന്ത്ര തിരുവിതാംകൂര്‍ എന്ന സ്വപ്നം എന്നെന്നേക്കുമായി പൊലിഞ്ഞു. പില്‍ക്കാലത്ത് നമ്മുടെ സാമൂഹ്യ-സാംസ്കാരിക ജീവിതത്തില്‍ പുന്നപ്ര – വയലാര്‍ സമരം അതിന്‍റെ വമ്പിച്ച സ്വാധീനം ചെലുത്തുകയുണ്ടായി.

ശീതള സ്പര്‍ശമായ എന്‍റെ അച്ഛന്‍

സി. എസ്. സുരേഷ്

C.G. Sadasivan

സ്നേഹസാന്ദ്രമായ ഒരു യാഥാര്‍ത്യമായിരുന്നു എന്‍റെ അച്ഛന്‍. പുന്നപ്ര വയലാര്‍ സമരത്തിന്‍റെ തീജ്വാലകളിലൊന്നായി പടര്‍ന്ന അച്ഛന്‍ വീട്ടില്‍ അമ്മയ്ക്കും മക്കള്‍ക്കും ഒരു ശീതള സ്പര്‍ശമായിരുന്നു. അച്ഛന്‍റെനനുത്ത ഖദര്‍ വസ്ത്രങ്ങള്‍ക്കുള്ളില്‍ എന്നും കനലൂതി സൂക്ഷിച്ചിരുന്നത് ചുവന്ന സ്വപ്നങ്ങളായിരുന്നു എന്ന് ഞങ്ങളറിഞ്ഞു.

മോസ്കോയിലെത്തിയ നേതാക്കള്‍

എന്‍റെ ആദ്യത്തെ റഷ്യന്‍ യാത്രയിലാണ് പ്രമുഖ കമ്മ്യൂണിസ്റ്റ്‌ നേതാവായിരുന്ന എസ്. കുമാരന്‍റെ സ്നേഹവാത്സല്യങ്ങള്‍ അനുഭവിക്കാന്‍ അവസരമുണ്ടായത്. അച്ഛനും ഞാനും അമ്മയുംകൂടി 1977-ല്‍ ഡല്‍ഹിയില്‍ എം. പി. യായിരുന്ന എസ്. കുമാരന്‍റെ വീട്ടില്‍ താമസിക്കുകയുണ്ടായി. പിന്നീട് പലവട്ടം ഞാന്‍ എസ്. കുമാരനെ കണ്ടിരുന്നു. 1983 ല്‍ചികിത്സയ്ക്കായി മോസ്കോ നഗരത്തിലെത്തിയ എസ്. കുമാരനെ ഞാനും ഡോ. കെ. സോമനും (സെന്‍റര്‍ ഫോര്‍ എര്‍ത്ത്‌ സയന്‍സ് സ്റ്റഡീസില്‍നിന്നും സീനിയര്‍ സയന്‍റ്റിസ്റ്റായി റിട്ടയര്‍ ചെയ്തു) ഒരുമിച്ചാണ് ഹോസ്പിറ്റലില്‍ പോയി കണ്ടത്. അന്ന് അതെ ഹോസ്പിറ്റലില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സമുന്നത നേതാവായിരുന്ന ഭൂപേഷ് ഗുപ്ത ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഹോസ്പിറ്റലില്‍ ഉണ്ടായിരുന്ന എന്‍. കെ. കൃഷ്ണനാണ് ഞങ്ങളെ ഭൂപേഷ് ഗുപ്തയെ സന്ദര്‍ശിക്കാനായി ക്ഷണിച്ചത്. അദ്ദേഹത്തിന്‍റെ മുറിയിലേക്ക്‌ നടക്കുമ്പോള്‍ എന്‍. ജെ. കൃഷ്ണന്‍ പറഞ്ഞു “ഇന്ന് ഭൂപേഷ്ജി വലിയ സന്തോഷത്തിലാണ്. അദ്ദേഹത്തിനു ഇന്ദിരാഗാന്ധിയുടെ കത്തുകിട്ടിയതിന്‍റെ ഉത്സാഹത്തിലാണ്.” മുറിയിലെത്തിയ ഞങ്ങളെ പുഞ്ചിരിക്കുന്ന മുഖവുമായാണ് പൊക്കം കുറഞ്ഞ ആ വലിയ നേതാവ് സ്വീകരിച്ചത്. സുഖവിവരങ്ങള്‍ ചോദിച്ച് അവിടെ ഞങ്ങള്‍ ചെലവഴിച്ച നിമിഷങ്ങള്‍ വളരെ നിര്‍ണ്ണായകങ്ങളായ നിമിഷങ്ങളായിരുന്നു എന്ന് ഞങ്ങള്‍ അപ്പോള്‍ അറിഞ്ഞിരുന്നില്ല ഇന്ദിരാഗാന്ധിയുമായി വളരെ അടുത്ത ഹൃദയബന്ധം പുലര്‍ത്തിയിരുന്ന ഭൂപേഷ് ഗുപ്തയ്ക്ക് അവസാനമായി ലഭിച്ച കത്ത് ഇന്ദിരാഗാന്ധിയുടേതായിരുന്നു. അദ്ദേഹം അവസാനമായി എഴുതിയ കത്തും ഇന്ദിരയ്ക്കായിരുന്നുവത്രെ! അതെല്ലാമന്ന് ഞങ്ങള്‍ മോസ്കോവില്‍ ചര്‍ച്ച ചെയ്തത് ഓര്‍ക്കുന്നു. പിറ്റേ ദിവസം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‍റെ സാരഥികളിലൊരാളും പ്രശസ്ത പാര്‍ലമെന്‍റേറിയനുമായിരുന്ന ഭൂപേഷ് ഗുപ്ത അന്തരിച്ച വാര്‍ത്തയാണ് ഞങ്ങള്‍ അറിഞ്ഞത്.

നിനച്ചിരിക്കാതെ വന്ന മരണം

ബാംഗ്ലൂരില്‍ ഒരു എഞ്ചിനീയറിംഗ് ട്രെയിനിയായിരുന്ന എനിക്ക് തുച്ഛമായ ശമ്പളമേ ഉണ്ടായിരുന്നുള്ളൂ. പണം കരുതിവയ്ക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അക്കാലത്ത് അവിവാഹിതനായിരുന്ന ഞാന്‍ ഒട്ടുംതന്നെ ബോധവാനായിരുന്നില്ല. മാസാവസാനം പഞ്ഞകാലമായിരുന്നു. അച്ഛനും അമ്മയും ബാംഗ്ലൂരിലെത്തി നാലുദിവസങ്ങള്‍ കഴിഞ്ഞിരിക്കും, അപ്പോഴാണ്‌ അച്ഛന് ഒരു തലചുറ്റല്‍ വന്നത്. അടുത്തുള്ള ഹോസ്പിറ്റലില്‍ പോയി ഡോക്ടറെ കാണുകയും ഇ. സി. ജി. എടുക്കുകയും ചെയ്തു. പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും ഉള്ളതായി ഡോക്ടര്‍ പറഞ്ഞില്ല. എന്നാല്‍, കഴിയുന്നതും നേരത്തെ നാട്ടിലേക്ക്‌ പോകണമെന്ന് അച്ഛന്‍ പറഞ്ഞു. ട്രെയിന്‍ ടിക്കറ്റ് എടുക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ പോയി മടങ്ങിവന്ന എന്നെയും നോക്കി വീടിനുപുറത്ത് ഇടനാഴിയില്‍ അച്ഛന്‍ നിന്നിരുന്നു. 1985 ഫെബ്രുവരി 24 – ന്. മാര്‍ച്ച് രണ്ടിലേക്കാണ് ടിക്കറ്റ് കിട്ടിയത് എന്നറിഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞു “നേരത്തെ പോയില്ലെങ്കില്‍ നിനക്ക് ചീത്തപ്പേരുണ്ടാകുമല്ലോ മോനെ.” അന്ന് വിമാനമാര്‍ഗം അച്ഛനെ കൊച്ചിയിലേക്ക്‌ അയയ്ക്കുവാനുള്ള പണം എന്‍റെ കൈയ്യില്‍ ഉണ്ടായിരുന്നു എങ്കില്‍ കുറച്ചുവര്‍ഷങ്ങള്‍ കൂടി എനിക്ക് അച്ഛനുണ്ടാകുമായിരുന്ന എന്ന് പിന്നീട് ഞാന്‍ പലപ്പോഴും സങ്കല്പ്പിക്കാറുണ്ട്. തികഞ്ഞ ഭൌതികവാദിയായിരുന്ന അച്ഛന്‍ വിധിയിലോ ദൈവത്തിലോ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. ദൈവമേ എന്ന് അച്ഛന്‍ എപ്പോഴെങ്കിലും വിളിച്ചത്, അങ്ങനെയുള്ള നേരിയ ഒരു ചിന്തപോലും ഉണ്ടായത്, എന്‍റെയോ എന്‍റെ അമ്മയുടെയോ സഹോദരങ്ങളുടെയോ ഓര്‍മ്മയിലില്ല. പാര്‍ട്ടിയോടും അതിന്‍റെ നിലപാടുകളോടും പ്രത്യയശാസ്ത്രത്തോടും തെല്ലും വ്യതിചലിക്കാത്ത പ്രതിബദ്ധത – അതായിരുന്നു അച്ഛന്‍.

മരണം മിക്കപ്പോഴും കടന്നുവരുന്നത് ആകസ്മികമായും ക്രൂരമായുമായിരിക്കും. എന്‍റെ അച്ഛന്‍റെ കാര്യത്തിലും അതാണ്‌ സംഭവിച്ചത്. കാലത്ത് അച്ഛനുമായി ഒരുമിച്ചിരുന്ന് ചായ കുടിച്ച് ഓഫീസിലേക്ക് പോയ എന്നെ തേടിയെത്തിയത് ഒരു പരിചയവുമില്ലാത്ത ബാഗ്ലൂരിലെ അയല്‍വാസിയുടെ ഫോണ്‍വിളിയായിരുന്നു. “നിന്‍റെ അച്ഛന്‍ മരിച്ചുപോയി” എന്ന് കന്നഡചുവയുള്ള ഇംഗ്ലീഷില്‍ അയാള്‍ പറഞ്ഞു. പെട്ടെന്നുള്ള ഞടുക്കത്തോടൊപ്പം ഒരു തരം മരവിപ്പും എന്നെ ഗ്രസിച്ചു.

മലയാളി എഞ്ചിനീയറായ ഒരു പണിക്കരാണ് ആകെ അത്താണിയായി എന്‍റെ കൂടെ വന്നത്. വീട്ടിലെത്തിയ ഞാന്‍ കണ്ടത് ഒരു മുറിയില്‍ മരിച്ചു കിടക്കുന്ന അച്ഛനെയാണ്. അടുത്തമുറിയില്‍ ദുഃഖം താങ്ങാനാവാതെ കിടക്കുന്ന എന്‍റെ അമ്മ. ബ്രാഹ്മണരായ അയല്‍പ ക്കക്കാരാകട്ടെ ഒന്നുതിരിഞ്ഞുപോലും നോക്കുന്നില്ല. കേരളത്തിന്‍റെയും പ്രത്യേകിച്ച് കരപ്പുറത്തിന്‍റെയും സംശുദ്ധ മുത്തായിരുന്ന എന്‍റെ അച്ഛന്‍ സഖാവ് സി. ജി. സദാശിവന്‍ ഒരു ചുവന്ന സ്വെറ്ററും അണിഞ്ഞ് നിത്യനിദ്രയിലേക്ക് വഴുതിവീണിരുന്നു. “നമുക്ക്‌ അച്ഛനെ നാട്ടില്‍ കൊണ്ട് പോകണ്ടേ മോനെ?” എന്ന ഹൃദയഭേദകമായ അമ്മയുടെ വാക്കുകളാണ് കണ്ണീരിന്‍റെ ലോകത്തുനിന്നും എന്നെ ഉണര്‍ത്തിയത്. പെട്ടെന്നുള്ള ആഘാതത്തിലും എന്‍റെ അമ്മ കാണിച്ച സംയമനമാണ് എനിക്ക് അല്പമെങ്കിലും ധൈര്യം തന്നത്. അടുത്തുള്ള പച്ചക്കറിക്കടയില്‍പോയി ബാംഗ്ലൂരുള്ള സി. പി. ഐ. ഓഫീസില്‍ വിളിച്ച് ഓഫീസ്‌ സെക്രട്ടറിയായിരുന്ന രാമനെ ഞാന്‍ വിവരം ധരിപ്പിച്ചു. ഞങ്ങള്‍ താമസിച്ചിരുന്ന രാജാജി നഗര്‍ മണ്ഡലത്തിലെ നിയമസഭാസാമാജികന്‍ അക്കാലത്ത് കര്‍ണ്ണാടക സി. പി. ഐ. സ്റ്റേറ്റ് സെക്രട്ടറിയായ എം. എസ്. കൃഷ്ണനായിരുന്നു. അരമണിക്കൂറിനുള്ളില്‍ എം. എസ്. കൃഷ്ണനും രാമനുമുള്‍പ്പെടെ കുറച്ചാളുകള്‍ ഞങ്ങളുടെ വീട്ടിലെത്തി. അതിനുശേഷമാണ് കുറച്ച് അകലെ നിന്നാണെങ്കില്‍കൂടി അയല്‍ക്കാര്‍ എത്തിനോക്കാന്‍ തുടങ്ങിയത്. അച്ഛന്‍റെ മൃതദേഹം നാട്ടിലേക്കു എത്തിക്കാന്‍ ഏര്‍പ്പാടുണ്ടാക്കിയത് കര്‍ണാടക സി. പി. ഐ. ഓഫീസാണ്. വിദൂരമായ ഒരു തുരുത്തില്‍ അകപ്പെട്ട ഞങ്ങളിലേക്ക് അച്ഛന്‍ ജീവിതം അര്‍പ്പിച്ച പ്രസ്ഥാനത്തിന്‍റെ കാരുണ്യം ഒഴുകിയെത്തുന്നത് ഞങ്ങള്‍ അറിഞ്ഞു. മരണസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കാനുള്ള കാലതാമസം മൂലം മൃതദേഹം അന്ന് തന്നെ കൊണ്ടുപോരാന്‍ കഴിയുമോ എന്ന സംശയം ഉടലെടുത്തു. എങ്ങനെയും അച്ഛനെ നാട്ടിലെത്തിക്കണമെന്ന ചിന്തയാണ് പിന്നെ ദു:ഖത്തിനേക്കാള്‍ പ്രാമുഖ്യമായുണ്ടായത്. ധരിച്ചിരുന്ന സ്വെറ്റര്‍ ഊരിമാറ്റി അച്ഛന്‍ സാധാരണ ധരിക്കുന്ന ജൂബ ഇടീക്കണമെന്നു പറഞ്ഞത് പണിക്കരാണ്. അച്ഛനെ എന്‍റെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു ശ്രമകരമായി ഞാനും പണിക്കരും ചേര്‍ന്ന് സ്വെറ്റര്‍ ഊരിയെടുത്തു. ഇത്തരം ഒരു നിമിഷത്തില്‍ ‘മോനെ’ എന്നു വിളിച്ചുകൊണ്ട് അച്ഛന്‍ ഒരു ഉറക്കത്തില്‍ നിന്നും ഉണരുന്നമാതിരി ഉണര്‍ന്നിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോയി. ഒടുവില്‍ മരണ സര്‍ട്ടിഫക്കറ്റ്‌ ഇല്ലാതെ ഒരു സാധാരണ ഫിയറ്റ് ടാക്സി കാറിന്‍റെ പുറകിലത്തെ സീറ്റിന്‍റെ ചാര് ഊരിമാറ്റിയിട്ട് അച്ഛന്‍റെ മൃതദേഹം ലഗേജ്‌ ക്യാബിനിലും ബാക്ക് സീറ്റിലുമായി നീളത്തില്‍ കിടത്തി. എ. ഐ. റ്റി. യു. സിക്കാരനായ ഒരു ടാക്സി ഡ്രൈവറുടെ ആത്മാര്‍ത്ഥതയും ധീരതയും ഒന്നുകൊണ്ടുമാത്രമാണ് ഞങ്ങള്‍ക്ക്‌ വൈകുന്നേരം നാലുമണിയോടെ മൃതദേഹം കേരളത്തിലേക്ക്‌ കൊണ്ടുപോരാന്‍ കഴിഞ്ഞത്.

അവിസ്മരണീയനായ സഖാവ് സി. ജി

റ്റി. പുരുഷോത്തമന്‍

സ. കൃഷ്ണപിള്ളയായിരുന്നു സി. ജി. യുടെ വഴികാട്ടി. പാര്‍ട്ടി കെട്ടിപ്പെടുക്കുവാന്‍ കൃഷ്ണപിള്ള കേരളത്തിലൊട്ടാകെ സദാസഞ്ചരിച്ചുകൊണ്ടേയിരുന്നു. അന്നത്തെ യാത്ര സൌകര്യങ്ങളുടെ പരിമിതി ഓര്‍ക്കണം. പലപ്പോഴും കാല്‍നടയാത്രക്കാരായിരുന്നു. കൃഷ്ണപിള്ള ഒരു നാള്‍ ചേര്‍ത്തലയില്‍ വന്നു. സ: സി.ജി കാത്തുനിന്നിരുന്നു. രണ്ടു പേരും ചേര്‍ന്ന് മാരാരിക്കുളത്തേക്ക് നീങ്ങി. അവിടെ സ: സി. കെ. മാധവനുണ്ടാവും, സി. കെ. വിചാരിച്ചാല്‍ വൈകുന്നേരം ഭക്ഷണം തരപ്പെടുത്താന്‍ കഴിയും കൃഷ്ണപിള്ള ഭക്ഷണം കഴിച്ചിട്ട് രണ്ടുദിവസമായി. സി. ജി. ഭക്ഷണം കഴിച്ചിട്ട് മൂന്നു ദിവസവും.

മാരാരിക്കുളത്ത് ചെന്ന് സി. കെ. മാധവനെയും കൂട്ടി കഞ്ഞിക്കുഴിയില്‍ വന്നപ്പോള്‍ പരിചയക്കാരന്‍ കുറുപ്പിന്‍റെ ചായക്കട അടഞ്ഞു കിടക്കുന്നു. വീണ്ടും പടിഞ്ഞാറോട്ട് നടന്നു. ലക്ഷ്യം മാരാരിക്കുളം ക്ഷേത്രം. അവിടെശാന്തിക്കാരന്‍ തിരുമേനി സി. കെ യുടെ അടുപ്പക്കാരനാണ്. ആ വകയില്‍ അല്പം കമ്മ്യൂണിസം തിരുമേനിക്കും കിട്ടിക്കാണണം. ചെന്ന പാടെ കാര്യം പറഞ്ഞു. തിരുമേനി ഊട്ടുപുരയിലേക്ക് കൂട്ടി. ഒരു പടച്ചോറു കൊടുത്തു. മൂന്നു പേരും കൂടി അത് പകുത്തു തിന്നു. അതാണ്‌ ജീവിതത്തില്‍ കഴിച്ചിട്ടുള്ള ഏറ്റവും സ്വാദേറിയ ഭക്ഷണം എന്ന് സി. ജി. ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.

ഏത് വിഷയത്തേയും സി. ജി. സമീപിക്കുന്നത് അടിസ്ഥാന പരമായിട്ടാണ്. വായിക്കുക, പഠിക്കുക, പഠിപ്പിക്കുക. അത് ദിനചര്യതന്നെയായിരുന്നു. വ്യക്തിപരമായ മോഹങ്ങള്‍ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ മോഹഭംഗങ്ങളും ഇല്ലായിരുന്നു.

പാര്‍ട്ടി ഭിന്നിപ്പിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ അരൂരില്‍ ഗൌരിയമ്മയോട് സി. ജി. പരാജയപ്പെട്ടു. ചേര്‍ത്തല ഹൈസ്കൂളില്‍ നിന്നും വോട്ടെണ്ണല്‍ കഴിഞ്ഞ് പാര്‍ട്ടി ഓഫീസിലേക്ക്‌ സഖാക്കളോടൊപ്പം നടക്കുകയാണ്. ആരും ഒന്നും പറയുന്നില്ല. സഖാക്കളാകെ ദു:ഖിതരാണ്. പാര്‍ട്ടി ഓഫീസില്‍ കയറിയപാടേ ഡസ്കില്‍ കിടന്ന പത്രമെടുത്ത് ഒന്ന് നോക്കിയിട്ട് സി. ജി. പറഞ്ഞു. “എങ്കിലും ഈ അമേരിക്കക്കാരന്‍റെ കൊള്ളരുതായ്മ!”. അതു കേട്ടതോടെ കൂട്ടുങ്കല്‍ പരമേശ്വരന്‍ സി. ജി. യുടെ നേരെ ഒരു പച്ചത്തെറി!

അമേരിക്ക വിയറ്റ്നാമില്‍ നടത്തിയ ആക്രമണത്തിന്‍റെ പ്രതികരണമാണ് സി. ജി. യില്‍ നിന്നുണ്ടായത്. കൂട്ടുങ്കനാകട്ടെ സി. ജി. തോറ്റതിന്‍റെ ദു:ഖവും അമര്‍ഷവും.

കെ. ആര്‍. ഗൌരിയമ്മയുടെ ആത്മകഥയില്‍ നിന്ന്

കെ. ആര്‍. ഗൌരിയമ്മ

K.R. Gouri Amma

വീടിന്‍റെ തെക്കേ മുറിയില്‍ സഖാവ് ഭൈമി സദാശിവന്‍, എന്‍. എസ്. പി. പണിക്കര്‍, വേറെ ഒന്നുരണ്ടു പെണ്‍സഖാക്കളും ഉണ്ടായിരുന്നു. യോഗത്തില്‍ സ്വാഗത പ്രസംഗം നടത്തിയത് ദേവകീകൃഷ്ണനാണ്. മറ്റൊരു സ്ത്രീ-ആലപ്പുഴ നിന്നുള്ളവര്‍-അധ്യക്ഷത വഹിച്ചു. ഭൈമി സദാശിവന്‍ പ്രസംഗിച്ചു. യോഗം തുടങ്ങിയപ്പോള്‍ത്തന്നെ ആകെ വലിയ കുഴപ്പമായി. ദേവകി കൃഷ്ണന്‍ സ്വാഗതം പറയുന്നതിനിടയില്‍ മോഹാലസ്യപ്പെട്ടു വീണു. അവരെ എടുത്തു കിടത്തി, മുഖത്ത്‌ വെള്ളം തളിച്ച് ഉണര്‍ത്തി വീടിനകത്തേക്കു കൊണ്ടുപോയി. ഞാന്‍ പ്രസംഗം നടത്തി എന്നു വരുത്തി അധികം താമസിയാതെ അവസാനിപ്പിച്ചു. ഏതാണ്ട് പ്രസംഗിച്ചത് ഭൈമി സദാശിവനാണ്. അന്ന് അവര്‍ വിവാഹം കഴിച്ചിട്ടില്ല. പാവാടയും ബ്ലൗസുമാണ് അവരുടെ വേഷം.

അവിടെ കൂടുന്ന രാഷ്ട്രീയപ്രവര്‍ത്തകരില്‍ സഖാവ് സി. ജി. സദാശിവനും ഉണ്ടായിരുന്നു. അണ്ണനും സി. ജി. യുമായി വേഗം പരിചയക്കാരായി, സ്നേഹിതരായി. മിക്കവാറും ദിവസങ്ങളില്‍ അണ്ണന്‍ വീട്ടില്‍ വരുമ്പോള്‍ കൂടെ സി. ജി. സദാശിവനും ഉണ്ടാകുമായിരുന്നു. സി. ജി. അന്ന് കമ്മ്യൂണിസ്റ്റ്‌കാരനാണ്. സി. ജി. യാണ് അണ്ണനെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുമായി ബന്ധപ്പെടുത്തുന്നതും കയര്‍ഫാക്ടറി വര്‍ക്കേഴ്സ് യൂണിയനില്‍ കൊണ്ടുപോകുന്നതും.

ചേര്‍ത്തല കയര്‍ ഫാക്ടറി തൊഴിലാളികള്‍ക്ക്‌ പട്ടിണിയും തൊഴിലില്ലായ്മയും വര്‍ധിച്ചപ്പോള്‍, അവരും അവരുടെ നേതാക്കന്മാരും, ആസ്സാമില്‍ പോയി. അന്ന് ആസ്സാമില്‍ പോകാതെ നാട്ടില്‍ തങ്ങിയ ശേഷിച്ച നേതാക്കളില്‍ ഒരാളായിരുന്നു സി. ജി. സദാശിവന്‍. അണ്ണനും സി. ജി. യും കൂടുതല്‍ അടുക്കാന്‍ തുടങ്ങിയശേഷം അണ്ണന്‍ കൂടുതല്‍ സമയവും കയര്‍ ഫാക്ടറി തൊഴിലാളി യൂണിയനാഫീസിലായി. അങ്ങനെ തൊഴിലാളിപ്രവര്‍ത്തകരും സി. ജി. യും കുമാരപ്പണിക്കരുമായുമൊക്കെയുള്ള ബന്ധം അണ്ണനെ കൂടുതല്‍ രാഷ്ട്രീയത്തിലേക്ക് വ്യാപൃതനാക്കി.

വീട്ടില്‍ അണ്ണന്‍റെ നേരെയുള്ള അച്ഛന്‍റെ കാര്‍ക്കശ്യം കുറഞ്ഞതോടുകൂടി അണ്ണന്‍ വരുമ്പോള്‍ കൂട്ടുപ്രവര്‍ത്തകരെ ആരെയെങ്കിലും കൂടെകൊണ്ടുവരും. അതില്‍ പ്രധാനമായി കൊണ്ടുവന്നിട്ടുള്ളത് സി. ജി. സദാശിവനാണ്. അയാള്‍ക്കും പോകുമ്പോള്‍ ചിലപ്പോള്‍ പണം വേണം. എന്‍റെ മേശയിലും മേശപ്പുറത്തും ഉള്ള പണം ചിലപ്പോള്‍ ഇവര്‍ ചോദിക്കാതെപോലും എടുത്തുകൊണ്ടുപോകും. എന്നാലും അണ്ണന്‍റെ കൂടെ വരുന്നവര്‍ കഴിയുന്നതും അച്ഛന്‍റെ കണ്ണില്‍പ്പെടാതെയാണ് വരുകയും പോവുകയും ചെയ്യുന്നത്.

എന്‍റെ അണ്ണന്‍ ഊണുകഴിക്കാനായി വരുമ്പോള്‍ രണ്ടുമൂന്നു സഖാക്കളെയെങ്കിലും കൂടെ കൊണ്ടുവരും. അന്ന് സഖാക്കള്‍ക്ക്‌ ആഹാരം കൊടുക്കാന്‍ കഴിവുള്ള അനുഭാവ വീട്ടുകാര്‍ കുറവായിരുന്നു. വരുന്ന കൂട്ടത്തില്‍ സി. ജി. സദാശിവന്‍ പതിവുകാരനാണ്. ആഹാരം കഴിച്ചുകഴിഞ്ഞാല്‍ സഖാക്കളെ പറഞ്ഞുവിടണം. അച്ഛന്‍ ഏതു സമയത്തും വരാം. അങ്ങനെ വന്നുകണ്ടാല്‍ അച്ഛന് പ്രയാസമായിരിക്കും. പിന്നെ ഈ വീട്ടില്‍ മാനസികസ്വൈര്യം ഉണ്ടാകില്ല എന്ന് അണ്ണനെ ധരിപ്പിച്ചിട്ടുണ്ട്. അണ്ണന്‍ അതിനു ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ ആരെങ്കിലും വീട്ടിലുണ്ടെങ്കില്‍ കമ്മ്യൂണിസത്തിനുള്ള മേന്മ അവരെ ബോധ്യപ്പെടുത്താന്‍ കിട്ടുന്ന സമയം സി. ജി. സദാശിവന്‍ പാഴാക്കുകയില്ല. സി. ജി. യുടെ ഇത്തരം സംഭാഷണങ്ങളും ക്ലാസ്സുമെല്ലാം എന്‍റെ സ്വൈരവും നശിപ്പിക്കുമായിരുന്നു. പക്ഷെ, പലപ്പോഴും ഇതു സി. ജി. മനസ്സിലാക്കാറില്ല. അങ്ങനെ ഒരു ദിവസം ഞായറാഴ്ച അണ്ണനും സി. ജി. യും ഊണ് കഴിഞ്ഞു കുട്ടികള്‍ താമസിക്കുന്ന മാളികമുകളില്‍ കയറിയിരുന്ന് കുട്ടികളോട് രാഷ്രീയ സ്ഥിതിഗതികള്‍ വിശദീകരിക്കാന്‍ തുടങ്ങി. ഏതു സമയത്തും അച്ഛന്‍ കയറിവരാമെന്നു രണ്ടു പ്രാവശ്യം ഞാന്‍ ആളെ വിട്ടു അണ്ണനോട് പറഞ്ഞു. സി. ജി. യെ അച്ഛന്‍ കണ്ടാല്‍ കോലാഹലവും പ്രശ്നവും ഉണ്ടാകുമെന്നും അതുകൊണ്ട് സി. ജി. യെവിടാനും രണ്ടുതവണ ഞാന്‍ ആളെവിട്ട് അണ്ണനോട് പറഞ്ഞു.

പക്ഷെ, അവര്‍ പോയില്ല. വൈകുന്നേരം നാലുമണിയോടടുത്ത് അച്ഛന്‍ വന്നു പടിപ്പുരയില്‍ മുട്ടുന്ന ശബ്ദം കേട്ടു. ഞാന്‍ പേടിച്ചരണ്ടു. ‘അച്ഛന്‍റെ ഈ പെരുമാറ്റം സി. ജി. മുകളിലിരിക്കുന്നതിനാലല്ലേ. ഞാന്‍ എന്തു ചെയ്യാനാണ്? അണ്ണന്‍ ആരെയെങ്കിലും കൊണ്ടുവന്നാല്‍ ആഹാരം കൊടുക്കാതിരിക്കാന്‍ പറ്റുമോ? അവരോടു പോകാന്‍ പറഞ്ഞിട്ടും മഴയായതിനാല്‍ കുട്ടികളുടെ മാളികമുകളില്‍ പോയിരുന്നതാണ്. അച്ഛന്‍ യാതൊരു കാരണവശാലും എന്നെ സംശയിക്കേണ്ട. അച്ഛന്‍ ജീവിച്ചിരിക്കുന്ന കാലത്ത് അച്ഛനെ വേദനിപ്പിച്ച് ഞാന്‍ രാഷ്ട്രീയത്തില്‍ പോവുകയില്ല.’ ഇത്രയും ഏതാണ്ട് ഒരു പ്രതിജ്ഞപോലെയാണ് ഞാന്‍ സംസാരിച്ചത്. അച്ഛനാണെങ്കില്‍ വരുന്ന വഴിക്ക്‌ റോഡില്‍വച്ച് നോക്കിയപ്പോള്‍ത്തന്നെ സി. ജി. കുട്ടികളുമായി മാളികയില്‍ ഇരുന്നു സംസാരിക്കുന്നത് കണ്ടതാണ്. എന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ അച്ഛന്‍റെ മുഖം പ്രസന്നമായി. തലയിലെ കെട്ട് അഴിക്കുവാനും, തല തോര്‍ത്ത് വെച്ച് തോര്‍ത്തികൊടുക്കുവാനും സമ്മതിച്ചു. പ്രശ്നം തീര്‍ന്നു. ഒന്നും സംഭവിക്കാത്ത മട്ടില്‍ അച്ഛനും ഞാനും പഴയതുപോലെ കാര്യങ്ങള്‍ പറയാനും ചര്‍ച്ച ചെയ്യാനും തുടങ്ങി. അവിടെ ഒന്നും സംഭവിക്കാത്ത മട്ടില്‍ കാര്യങ്ങള്‍ നീങ്ങി. പ്രശ്നം ഇങ്ങനെ അവസാനിച്ചതില്‍ എനിക്കും ആശ്വാസമായി. അണ്ണനും സി. ജിയും എങ്ങനെ സ്ഥലം വിട്ടുവെന്ന് ഞാനൊട്ടു തിരക്കിയതുമില്ല.

തുലാം 4ന് സന്ധ്യയ്ക്ക് 7 മണിക്ക് പടിപ്പുരയില്‍ വലിയ കൊട്ടുകേട്ട്, അതാരാണെന്ന് അറിയാന്‍ എന്‍റെ അനുജന്‍ സുരപ്പനെ ഞാന്‍ പറഞ്ഞുവിട്ടു. ചെന്നപ്പോള്‍ സി. ജി. സദാശിവനാണ്. അദ്ദേഹം കൂടെ അകത്തേക്ക് വന്നു. ആഹാരം കഴിച്ചില്ല എന്ന് പറഞ്ഞതിനാല്‍ ആഹാരം കൊടുത്തു. അണ്ണന്‍റെ വിവരം അന്വേക്ഷിച്ചപ്പോള്‍ അണ്ണന്‍ യൂണിയനാഫീസിലും വയലാറിലുമാമായി കഴിയുകയാണെന്ന് പറഞ്ഞു. സി. ജി. പോകുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ നേരം വെളുത്തിട്ട് പൊയ്ക്കൊള്ളാം എന്ന് പറഞ്ഞു. രാത്രി അന്വേഷിച്ച് വീട്ടില്‍ വന്നാലോ എന്ന ആശങ്കയുണ്ടായിരുന്നു. എങ്കിലും കുട്ടികളുടെ കൂടെ മാളികപുറത്ത് കഴിയാന്‍ പറഞ്ഞു. രാവിലെ ആളുകള്‍ എഴുന്നെല്‍ക്കുന്നതിനു മുന്‍പു പോകണമെന്നും ഇടപാടാക്കി ഞങ്ങള്‍ പോന്നു. നേരം വെളുത്തപ്പോഴാണ് അറിയുന്നത് സി. ജി. പോയില്ല. വൈക്കത്തേക്ക് കടക്കാന്‍ പണം വേണം. അതിനാണിരിക്കുന്നതെന്ന് അറിയിച്ചു.

രാവിലെ കാപ്പി കൊടുത്തു. പണം കൊടുത്തിട്ടും പോകുന്ന മട്ടില്ല. ഞാന്‍ കോടതിയില്‍ പോകാന്‍ ഇറങ്ങിയ കൂട്ടത്തില്‍ ഗുമസ്തനും രണ്ടു കേസ്സുകാരുമായി ഒന്നിച്ചിറങ്ങി. ചേര്‍ത്തലയില്‍ നിന്ന് സി. ജി. വൈക്കത്തേക്ക് കടന്നു. അന്ന് വൈകുന്നേരമാണ് അറിയുന്നത്, ആലപ്പുഴ രണ്ടു സ്ഥലത്ത് വെടിവയ്പ്പുണ്ടായി, കുറെ തൊഴിലാളികള്‍ മരിച്ചു എന്ന്. കുറച്ച് പോലീസുകാരും മരിച്ചു.

അരൂര്‍ ഫാക്ടറി വര്‍ക്കേഴ്സ്‌ യൂണിയന്‍റെ പ്രസിഡന്‍റ് വി. എ. ഗോപാലന്‍ നായരായിരുന്നു. അദ്ദേഹം സ്റ്റേറ്റ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായിരുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റുകാരുമായി കൂട്ടായി പ്രവര്‍ത്തിക്കുന്നതില്‍ മടികാണിക്കാത്തയാളുമായിരുന്നു

എന്‍റെ വീട് ഏതാണ്ടു കമ്മ്യൂണിസ്റ്റുകാരുടെ ഓഫീസുപോലെയായി. പലരും വരും, താമസിക്കും, ചിലര്‍ പോകും. അങ്ങനെ വരുന്നവരില്‍ വൈക്കം സി. കെ. വിശ്വനാഥനും ഉണ്ടായിരുന്നു. വിശ്വനാഥന്‍ മിക്ക ദിവസവും രാവിലെ വൈക്കത്തുനിന്നു വരും. ഉച്ചക്ക്‌ ആഹാരവും വൈകുന്നേരം പോകുമ്പോള്‍ അര രൂപ ബോട്ടുകൂലിക്കും നല്‍കണം. അന്ന് വൈകുന്നേരത്തേക്ക് കടത്തുകൂലി കാല്‍ രൂപയാണ്. ഒരു ദിവസം രാത്രി വരാന്തയില്‍നിന്നു വിശ്വത്തിന്‍റെ വിളികേട്ട് കതകു തുറന്നപ്പോള്‍ വിശ്വം, സഖാവ് സി. ജി. സദാശിവനുമായി നില്‍ക്കുകയാണ്. ചോദിച്ചപ്പോള്‍ സി. ജി. യെ എന്‍റെ വീട്ടില്‍ ഒളിച്ചിരുത്താനാണ് കൊണ്ടുവന്നതെന്നു പറഞ്ഞു. വീട്ടില്‍ ഇരിക്കാന്‍ ഇടമില്ലെന്ന് പറഞ്ഞപ്പോള്‍ പോകാനിടമില്ല, രണ്ടു ദിവസത്തിനുള്ളില്‍ ഒളിതാമസത്തിനുള്ള സൗകര്യമാകുമെന്നും അപ്പോള്‍ പോകുമെന്നും പറഞ്ഞു. ഞാന്‍ എന്‍റെ ബുദ്ധിമുട്ടുകള്‍ പറഞ്ഞു. വീട്ടിലുള്ളവര്‍ സ്ത്രീകളാണ്. പുരുഷനായി സുരപ്പന്‍ മാത്രമേയുള്ളൂ. അവന്‍ മുന്‍പില്‍ വരാന്തയിലാണ് കിടക്കുന്നത്. അവിടെ ഒളിച്ച് താമസിക്കാന്‍ ഒക്കുകയില്ല. പിന്നെ മൂന്ന് നാലു മുറികളെ ഉള്ളൂ. അതില്‍ കിടക്കുന്നവരുണ്ട്. ആകെ കുഴഞ്ഞു. ഒടുവില്‍ ആ രാത്രി മച്ചിന്‍റെ മുകളില്‍ കയറി തൂത്തു വൃത്തിയാക്കി കിടക്കാനുള്ള സൌകര്യങ്ങള്‍ ഒരുക്കി. സി. ജി. യെ മച്ചിനു പുറത്തു കയറ്റി മൂത്രമൊഴിക്കാനും മറ്റും പാത്രവും കൊടുത്തു. അതില്‍കൂടുതല്‍ വിഷമം വന്നത് സി. ജി. സദാശിവന് ചുമ കൂടി ഉണ്ടായിരുന്നത് കൊണ്ടാണ്. ചുമയ്ക്കുള്ള ദശമൂലാരിഷ്ടവും വാട്ടര്‍ബറീസ്‌ കോമ്പോണ്ടും കഴിച്ചിട്ടും ചുമ മാറാത്തതുമൂലം ആളെ വിട്ടു വിവരം സഖാക്കളെ അറിയിച്ചപ്പോള്‍ സഖാവ് എ. കെ. പരമന്‍ വന്നു കൊണ്ടുപോയി. എന്നാല്‍ താമസിക്കാന്‍ ചെന്ന സ്ഥലത്ത് ആഹാരം കിട്ടാത്തതിന്‍റെ പേരില്‍ തിരികെ പോന്നു.

അന്ന് എന്‍റെ കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍ സഖാക്കള്‍ മൂത്രം ഒഴിച്ചുവെക്കുന്ന കോളാമ്പിയെടുക്കാന്‍ മടിച്ചു. ആ സഖാവിന് പുറത്തിറങ്ങാന്‍ സാധ്യമല്ല. ഒടുവില്‍ കോളാമ്പി ഞാനെടുത്തു. അപ്പോഴാണ്‌ കുട്ടികള്‍ വന്നെടുത്തുകളയാന്‍ തുടങ്ങിയത്. എന്‍റെ വീട്ടില്‍ സി. ജി. വന്നതും പി.കൃഷ്ണപിള്ള വന്നതും താമസിച്ചതും ഒന്നും എന്നോട് മുന്‍കൂട്ടി ആലോചിച്ചിട്ടോ അഭിപ്രായം ചോദിച്ചിട്ടോ അല്ല. എനിക്ക് മൂന്ന് കമ്മ്യൂണിസ്റ്റുകാരെയേ നേതാക്കളായറിയൂ. സഖാവ് പി. കൃഷ്ണപിള്ള, അണ്ണന്‍, സി. ജി. സദാശിവന്‍.